Latest News

കാർഷിക മേഖലയ്ക്ക് 2,000 കോടി രൂപയുടെ വായ്പ പദ്ധതി; പുതിയ നികുതികളില്ല

പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ അനുവദിക്കും.

Kerala Budget, Kerala Budget 2021, Kerala Budget Updates, covid 19 package, agricultural package, Kerala Budget Live Updates, Kerala Budget News, Kerala Budget Latest, New Budget, KN Balagopal, Pinarayi Vijayan, LDF Government, ie Malayalam

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി രൂപയുടെ വായ്പ പദ്ധതിയുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ കന്നി ബജറ്റ്. നാല് ശതമാനം പലിശനിരക്കിലാണ് വായ്പ. കാര്‍ഷിക വ്യവസായ സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ക്കായി 1,600 കോടി രൂപയും കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പയും പ്രഖ്യാപിച്ചു.

കോവിഡ് സാഹചര്യത്തില്‍ പുതിയ നികുതികളില്ല. നികുതിയുടെ കാര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. പലിശ ഇളവ് നല്‍കാന്‍ ബജറ്റില്‍ 25 കോടി വകയിരുത്തി. കെഎഫ്‌സി വായ്പ അഞ്ചു വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. 4,500 കോടി രൂപയുടെ പുതിയ വായ്പ ഈ വര്‍ഷം അനുവദിക്കും.

2020 മാര്‍ച്ച് വരെ കൃത്യമായി വായ്പ തിരിച്ചടച്ച സംരംഭകര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇവര്‍ക്ക് 20 ശതമാനം അധിക വായ്പ അനുവദിക്കാന്‍ 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയം അനുവദിക്കും. പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ അനുവദിക്കും.

വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് രണ്ടു ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പാക്കും. പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പാക്കുകയും സാമൂഹ്യ ആരോഗ്യ സമിതി രൂപീകരിക്കുകയും ചെയ്യും. അധ്യാപകര്‍ തന്നെ ക്ലാസെടുക്കും.

Also read: Kerala Budget 2021 Live Updates: വാക്സിന്‍ നിര്‍മാണം ആരംഭിക്കും; 20,000 കോടിയുടെ രണ്ടാം കോവി‍ഡ് പാക്കേജ് പ്രഖ്യാപിച്ചു

കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കാന്‍ സൃഷ്ടികള്‍ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. കോവിഡ് കാരണം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മിഷന്‍ രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ പ്രഖ്യാപിച്ചു.

വിനോദസഞ്ചാര മേഖലയുടെ മാര്‍ക്കറ്റിങ്ങിന് 50 കോടി രൂപ അധികമായി വകയിരുത്തി. ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ അനുവദിച്ചു. കെ.ആര്‍. ഗൗരിയമ്മയ്ക്കും ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മിക്കാന്‍ രണ്ടു കോടി രൂപ വീതം വകയിരുത്തി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ‘മാര്‍ ക്രിസോസ്റ്റം ചെയര്‍’ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

 • ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാന്‍ 8900 കോടി രൂപ
 • സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ സബ്‌സിഡി എന്നിവയ്ക്കായി 8300 കോടി രൂപ
 • എം.എസ്.എം.ഇകള്‍ക്കു കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും 2000 കോടി രൂപ പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ
 • കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിലുള്ള വായ്പ 1000 കോടി രൂപ
 • 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാനായി ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ 200 കോടി രൂപ. ഇതിനായുള്ള പലിശ ഇളവ് നല്‍കാന്‍ 15 കോടി രൂപ
 • കെ.എഫ്.സി വഴി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ടൂറിസം മേഖലയും ചെറുകിട വ്യവസായ മേഖലയും 20 ശതമാനം അധിക വായ്പ 500 കോടി രൂപ
 • ചെറുകിട-ഇടത്തരം സംരംഭങ്ങളുടേയും സ്റ്റാര്‍ട്ടപ്പുകളടേയും അതിവേഗ വളര്‍ച്ചയെ സഹായിക്കാന്‍ 100 കോടി രൂപ കോര്‍പ്പസ് ഉള്ള വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്
 • പട്ടിക ജാതി-വര്‍ഗ സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പാ 10 കോടി രൂപ
 • കേരള നോളെജ് സൊസൈറ്റി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള നൈപുണ്യ നവീകരണ പ്രോത്സാഹനം, സാങ്കേതിക പരിവര്‍ത്തനം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കായി ‘നോളജ് ഇക്കണോമി ഫണ്ട്’ എന്ന നിലയില്‍ വകയിരിത്തിയ തുക 200 കോടി രൂപയില്‍നിന്ന് 300 കോടിയായി ഉയര്‍ത്തി
 • ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും സിയാലിന്റേയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിനു 10 കോടി രൂപ
 • ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യത്തിനു 10 കോടി രൂപ
 • അതിദാരിദ്ര്യ ലഘൂകരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കു 10 കോടി രൂപ
 • പാല്‍ ഉപയോഗിച്ചുളള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ ഫാക്ടറിയ്ക്കു 10 കോടി രൂപ
 • കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖലയുടെ പൈലറ്റ് പദ്ധതിയ്ക്കു 10 കോടി രൂപ
 • ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയര്‍ ഹൗസുകളുടെ ഉപയോഗം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഖല, മാര്‍ക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൌഡ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാം വിധം ആധുനികവല്‍ക്കരിക്കും. പ്രാഥമിക ചെലവുകള്‍ക്കായി 10 കോടി രൂപ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala budget 2021 rs 2000 crore loan scheme for agriculture no new taxes

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com