Latest News

കവിതാ ശകലങ്ങളില്ല, ഉദ്ധരണികളില്ല; ഒരു മണിക്കൂറിൽ ലളിതം ബാലഗോപാലിന്റെ കന്നി ബജറ്റ്

ഒന്നാം പിണറായി സർക്കാരിന്റ അവസാന ബജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കിന്റ പ്രസംഗം മൂന്ന് മണിക്കൂറും 18 മിനിറ്റും നീണ്ടതായിരുന്നു. ധാരാളം കവിതാ ശകലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രസംഗം സമയത്തിൽ റെക്കോർഡിട്ടിരുന്നു

Kerala Budget, Kerala Budget 2021, Kerala Budget Updates, KN Balagopal, KN Balagopal budget speech, covid 19 package, agricultural package, Kerala Budget Live Updates, Kerala Budget News, Kerala Budget Latest, New Budget, KN Balagopal, Pinarayi Vijayan, LDF Government, Dr. T.M Thomas Isaac, ie Malayalam

തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ ധനമന്ത്രിയായ ഡോ. ടി.എം.തോമസ് ഐസക് ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയത്. മൂന്ന് മണിക്കൂറും 18 മിനിറ്റും നീണ്ടതായിരുന്നു ധാരാളം സാഹിത്യ ശകലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഐസക്കിന്റെ പ്രസംഗം. എന്നാല്‍ തികച്ചും വ്യത്യസ്തവും ലളിതവുമായ ബജറ്റ് അവതരണമാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ കെ.എന്‍.ബാലഗോപാലില്‍നിന്ന് ഇന്നു നിയമസഭ സാക്ഷ്യം വഹിച്ചത്.

കവിതാ ശകലങ്ങളോ ഉദ്ധരണികളോ ഇല്ലാതെ വളരെ ലളിതമായിരുന്നു രണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രിയായ കെ.എൻ.ബാലഗോപാലിന്റെ കന്നി ബജറ്റ് പ്രസംഗം. ഒരു മണിക്കൂര്‍ കൊണ്ട് അവസാനിക്കുകയും ചെയ്തു. രാവിലെ ഒന്‍പതിന് ആരംഭിച്ച ബജറ്റ് വായന 10 മണിക്ക് അവസാനിപ്പിച്ചു. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിലൊന്നായിരിക്കും ഇത്.

Read More: Kerala Budget 2021 Highlights: വാക്സിൻ നിർമാണം ആരംഭിക്കും; 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

കേവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്ത് അതിനെ മറികടക്കാനുള്ള പദ്ധതികളുമായാണ് ബാലഗോപാലിന്റെ കന്നി ബജറ്റ്. 16,910.12 കോടി ധനകമ്മിയുള്ള ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല. അതേസമയം, തോമസ് ഐസക് അവതരിപ്പിച്ച മുന്‍ ബജറ്റിലെ ചില നിര്‍ദേശങ്ങള്‍ അതേപടി പുതിയ ബജറ്റിന്റെയും ഭാഗമായി.

ബജറ്റ് പ്രസംഗത്തിൽ റെക്കോർഡായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കിന്റേത്. 2013 മാര്‍ച്ച് 13ന് കെ.എം.മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് തോമസ് ഐസക് അന്ന് മറികടന്നത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്‌നേഹയുടെ വരികള്‍ ഉദ്ധരിച്ചാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിയെ നമ്മള്‍ അതിജീവിക്കുമെന്നും പ്രതീക്ഷാനിര്‍ഭരമായ ഒരു പുലരിയിലേക്ക് പ്രവേശിക്കുമെന്നും അര്‍ത്ഥം വരുന്ന മനോഹര വരികളാണ് സ്നേഹയുടേത്.

Also Read: കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി രൂപയുടെ വായ്പാ പദ്ധതി; പുതിയ നികുതികളില്ല

രാവിലെ ഒന്‍പതിന് ആരംഭിച്ച ഐസക്കിന്റെ ബജറ്റ് അവതരണം 12.40 ഓടെയാണ് പൂര്‍ത്തിയായത്. സമയം നീണ്ടുപോകുന്നതിനാല്‍ പല കാര്യങ്ങളും ബജറ്റ് അവതരണത്തില്‍ ഒഴിവാക്കേണ്ടിവന്നു. ബജറ്റ് അവതരണം മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്പീക്കര്‍ ഇടപെടാന്‍ ശ്രമിച്ചു. 12.30 ന് സഭ പിരിയണമെന്ന് തോമസ് ഐസക്കിനെ ഓര്‍മിപ്പിച്ചു. സ്പീക്കറുടെ നിര്‍ദേശം ലഭിച്ചതോടെ ഐസക്ക് ബജറ്റ് പ്രസംഗം ചുരുക്കുകയായിരുന്നു. തോമസ് ഐസക്കിന്റെ മുന്‍ വര്‍ഷത്തെ ബജറ്റും കവിതാ ശകലങ്ങളാലും ഉദ്ധരണികളാലും സമ്പന്നമായിരുന്നു.

തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കുട്ടികളുടെ ചിത്രങ്ങളും ധാരാളമായി ഇടംപിടിച്ചിരുന്നു. ബജറ്റ് പ്രസംഗത്തിന്റെയും ജെന്‍ഡര്‍ ബജറ്റിന്റെയും ചിത്രം കാസര്‍ഗോഡ് ഇരിയണ്ണി പി.എല്‍.പി.എസിലെ ഒന്നാം ക്ലാസുകാരന്‍ വി.ജീവന്റേതായിരുന്നു. ബജറ്റ് ഇന്‍ ബ്രീഫ് കവര്‍ചിത്രങ്ങളും എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കവര്‍ ചിത്രവും തൃശൂര്‍ വടക്കാഞ്ചേരി ഗവ.ഗേള്‍സ് എല്‍പിഎസിലെ രണ്ടാം ക്ലാസുകാരനായ അമന്‍ ഷസിയ അജയ് വരച്ചതായിരുന്നു.

ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവര്‍ ഇടുക്കി കുടയത്തൂര്‍ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി ശ്രീനന്ദയുടേതായിരുന്നു. ബാക്ക് കവര്‍ ചിത്രം കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ജഹാന്‍ ജോബിയാണ് വരച്ചത്. എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ബാക്ക് കവര്‍ ചിത്രങ്ങള്‍ തൃശൂര്‍ എടക്കഴിയൂര്‍ എസ്എംവി എച്ച്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി കെ.എം.മര്‍വയും യുഇഎ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി നിയ മുനീറുമാണ് വരച്ചത്. മുന്‍ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രമായത് തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അനുജാതിന്റെ അമ്മയും അയല്‍പക്കത്തെ അമ്മമാരും എന്ന ചിത്രമായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala budget 2021 no literary quotes kn balagopal cuts a different path from his predecessor in budget speech

Next Story
കൊടകര കുഴൽപ്പണക്കേസ്: നിലപാടറിയിക്കാൻ സമയം വേണമെന്ന് ഇഡി ഹൈക്കോടതിയിൽKodakara Case, Kerala High Court, Enforcement Directorate
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express