Latest News

പ്രതിസന്ധിയിലും കേരളം വളർച്ചയുടെ കുതിപ്പിലേക്ക്: ബജറ്റിന് കൈയ്യടിച്ച് മുൻ ധനമന്ത്രി

രണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ആദ്യ ബജറ്റിനെ പിന്തുണച്ച് രംഗത്ത് എത്തിയ പ്രമുഖരിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും

കോവിഡ് മഹാമാരിയിലും കേരളത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നതിന് ആത്മവിശ്വാസം പകരുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍  ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.

വി എസ് അച്യുതാനന്ദൻ സർക്കാരിലും ആദ്യ പിണറായി വിജയൻ സർക്കാരിലും ധനമന്ത്രിയായിരുന്നു ഡോ. തോമസ് ഐസക്ക്. തിരഞ്ഞെടുപ്പിന് മുൻപ് ജനുവരി 15ന് ആദ്യ പിണറായി സർക്കാരിന്റെ ബജറ്റ് ഐസക്ക് അവതരിപ്പിച്ചിരുന്നു. കോവിഡ് രണ്ടാംതരംഗം അതിശക്തമായി കേരളത്തെ ബാധിച്ച പശ്ചാത്തലവും കൂടി ഉൾപ്പെടുത്തി പുതുക്കിയ ബജറ്റാണ് ഇന്ന് പുതിയ ധനമന്ത്രി കെ. എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്.

ജനുവരിയില്‍ 2021-22ല്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഏറെ വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തെ കടക്കെണിയിലേക്ക് കൊണ്ടുപോകുന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇന്ന് പ്രതിപക്ഷനേതാവില്‍ നിന്നും അത്തരം വിമര്‍ശനമൊന്നുമുണ്ടായില്ല. ഈ ഘട്ടത്തില്‍ കടമല്ല, ജനങ്ങളെ സഹായിക്കുന്നതിന് പണം കണ്ടെത്തുകയാണ് പ്രധാന്യമെന്നും ഐസക്ക് പറഞ്ഞു.

പെന്‍ഷന്‍ കുടിശ്ശികയാക്കിയവരാണ് യുഡിഎഫ്. അത് തീര്‍ത്തത് എല്‍ഡിഎഫാണ്. ഏത് വിധത്തിലും ജനത്തിന്റെ കയ്യില്‍ പണം എത്തിക്കുക എന്നതാണ് എൽ ഡി എഫ് കാണുന്നത്.

മഹാമാരിക്കിടയിലും കേരളത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന നവീനമായ പദ്ധതികളും ബജറ്റിലുണ്ട്. വീട്ടിലിരുന്ന് ഡിജിറ്റല്‍ ജോലികള്‍ ചെയ്ത് കൂടുതല്‍ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി ശ്രദ്ധേയമാണ്. പ്രതിസന്ധികാലത്തും കേരളം വളര്‍ച്ചയുടെ കുതിപ്പിലേക്ക് നീങ്ങും എന്നതിനുള്ള ഉറപ്പാണ് ഈ ബജറ്റെന്നും ഐസക് പറഞ്ഞു.

മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലെ പൂർണ്ണ രൂപം വായിക്കാം:

കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ ആദ്യഘട്ടത്തിലെന്നപോലെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും കോവിഡ് കാലഘട്ടത്തിലും സംസ്ഥാന വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ആത്മവിശ്വാസം നൽകുന്നതാണ് ഇന്നു നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ്. ഇത്തരത്തിൽ ഒരു പുതുക്കൽ അനിവാര്യമാക്കിയ രണ്ടു സംഭവവികാസങ്ങൾ കഴിഞ്ഞ നാലു മാസത്തിനിടയിൽ ഉണ്ടായി. ആദ്യത്തേത് കോവിഡ് പകർച്ചവ്യാധി മൂർച്ഛിച്ചതാണ്. ഇതിന്റെ ഫലമായി സംസ്ഥാന തനതു നികുതി വരുമാനത്തിൽ 1287 കോടി രൂപയെങ്കിലും കുറവുണ്ടാകും. നികുതിയേതര വരുമാനത്തിൽ 500 കോടി രൂപയും അങ്ങനെ 1787 കോടി രൂപയുടെ കുറവ് നേരത്തെ അവതരിപ്പിച്ച ബജറ്റ് കണക്കിൽ നിന്ന് ഉണ്ടാകും.

രണ്ടാമത്തെ സംഭവവികാസം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകളാണ്. ജനുവരിയിൽ ബജറ്റ് തയ്യാറാക്കുന്നവേളയിൽ ഇതുസംബന്ധിച്ചു വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോൾ കേന്ദ്ര ബജറ്റ് രേഖകൾ പ്രകാരം സംസ്ഥാനത്തിനു 19,891 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കും. ഇതു ഞാൻ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ വ്യക്തമാക്കിയതാണ്. ഈ തുക എവിടെയെന്നുള്ളതാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ഒരു ചോദ്യം.

നിയമസഭാ അംഗങ്ങൾക്കു വിതരണം ചെയ്തിട്ടുള്ള റിവൈസ്ഡ് ബജറ്റ് ഒറ്റനോട്ടത്തിൽ എന്ന രേഖയുടെ രണ്ടാം പേജിൽ കൃത്യമായി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 15323 കോടി രൂപയാണ് ഈയിനത്തിൽ കിട്ടിയത്. സാധാരണഗതിയിൽ രണ്ടും മൂന്നും നാലും വർഷങ്ങളിൽ ഇങ്ങനെയുള്ള ഗ്രാന്റ് കുറഞ്ഞ് നാലാം വർഷമോ അഞ്ചാം വർഷമോ ആകുമ്പോൾ ഇല്ലാതാകുകയാണു പതിവ്. അതുകൊണ്ട് ജനുവരി മാസം അവതരിപ്പിച്ച ബജറ്റിൽ പതിനായിരത്തിൽപ്പരം കോടി രൂപയേ വകയിരുത്തിയുള്ളൂ.

ഈ സ്ഥിതിക്ക് പുതുക്കിയ ബജറ്റിൽ ഈയിനത്തിൽ 8398 കോടി രൂപ സംസ്ഥാനത്തിന് അധികമായി ലഭിക്കുക. പക്ഷെ, സംസ്ഥാനത്തിന്റെ കേന്ദ്രത്തിൽ നിന്നുള്ള ധനസഹായം ഇത്രയും തുകയ്ക്കു വർദ്ധിക്കില്ല. കാരണം കേന്ദ്ര നികുതി വിഹിതത്തിൽ ഏതാണ്ട് 4,000 കോടി രൂപ കുറവ് ജനുവരിയിലെ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ ലഭിക്കൂവെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ബജറ്റ് ഒറ്റനോട്ടത്തിൽ എന്ന രേഖയിൽ ഒന്നാം പേജിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സഹായം ജനുവരി ബജറ്റിനെ അപേക്ഷിച്ച് 4,392 കോടി രൂപ മാത്രം വർദ്ധിപ്പിച്ചു കണക്കു വച്ചിരിക്കുന്നത്. അല്ലാതെ പ്രതിപക്ഷ ആക്ഷേപിക്കുന്നതുപോലെ കണക്കിലെ തിരിമറിയൊന്നുമല്ല.

സംസ്ഥാനത്തിന്റെ മൊത്തം വരുമാനം എടുക്കുകയാണെങ്കിൽ 2,606 കോടി രൂപയുടെ വർദ്ധനയാണ് പുതുക്കിയ ബജറ്റിൽ ഉണ്ടായിട്ടുള്ളത്. കാരണം സംസ്ഥാനത്തിന്റെ തനത് നികുതി-നികുതിയേതര വരുമാനത്തിൽ കോവിഡുമൂലം 1,787 കോടി രൂപയുടെ കുറവ് ഉണ്ടാകും. ബജറ്റ് കണക്കുകൾ വിശദയമായി പരിശോധിക്കാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതു ശരിയല്ലായെന്നു പ്രതിപക്ഷ നേതാവിനെ ഓർമ്മിപ്പിക്കുകയാണ്.

ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം 20,000 കോടി രൂപയുടെ കോവിഡ് പാക്കേജാണ്. എന്നാൽ ബജറ്റ് രേഖ പ്രകാരം അധികച്ചെലവ് 1,715 കോടി രൂപ മാത്രമാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇത് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ അധികച്ചെലവ്. ഇതിനു പുറമേ ബജറ്റ് കണക്കിനുള്ളിൽ 2,605 കോടി രൂപയുടെ വർദ്ധനവുണ്ട്. ഇവ രണ്ടും കൂട്ടിയാലും 20,000 കോടി രൂപ വരില്ല. കാരണം ഈ പാക്കേജിൽ 8,300 കോടി രൂപ സർക്കാരിന്റെ പലിശ സബ്സിഡിയോടുകൂടിയ കേരള ബാങ്ക്, കെ.എഫ്.സി, കുടുംബശ്രീ തുടങ്ങിയ ഏജൻസികളെ ഉപയോഗപ്പെടുത്തി ചെറുകിട മേഖലയിലേയ്ക്ക് നൽകുന്ന വായ്പകളാണ്. ഇങ്ങനെ സർക്കാരിന്റെ ചെറുസഹായത്തോടെ ധനകാര്യ മേഖലയിൽ നിന്നും വലിയ തോതിൽ പണം സംസ്ഥാന സമ്പദ്ഘടനയ്ക്കുവേണ്ടി ലിവറേജ് ചെയ്യണമെന്നുള്ളതു തന്നെയാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്.

പാക്കേജിൽ 2800 കോടി രൂപ ആരോഗ്യ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയ്ക്കുള്ളതാണ്. ഇതിൽ 1000 കോടി രൂപ വാക്സിനും 500 കോടി രൂപ മറ്റ് അനുബന്ധ ചെലവുകൾക്കുമാണ്. എംഎൽഎ അസറ്റ് ഫണ്ടിൽ നിന്നുള്ള വിഹിതവും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ലഭിക്കുന്ന 500 കോടി രൂപയുടെ ആരോഗ്യ വിഹിതവുമെല്ലാം ഇതിൽ ഉൾപ്പെടും.

ഭക്ഷ്യക്കിറ്റുകൾ, ക്ഷേമനിധി അംഗങ്ങൾക്കുള്ള ധനസഹായം, അടുത്ത മൂന്നു മാസക്കാലത്തെ പെൻഷൻ വിതരണം തുടങ്ങി ഇനങ്ങളിലായി 8900 കോടി രൂപ ജനങ്ങളുടെ കൈയ്യിൽ എത്തിക്കും. ഇതല്ലെങ്കിൽ തന്നെ കൊടുക്കേണ്ടതല്ലേയെന്നുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു വാദം. അക്കാര്യത്തിൽ തർക്കമില്ല. പക്ഷെ, അവയെല്ലാം ഈ ലോക്ഡൗൺ കാലത്തുതന്നെ കൊടുക്കുന്നുവെന്നതാണ് അടിവരയിടേണ്ടത്.

ഒരു സംസ്ഥാന സർക്കാരിനു കേന്ദ്ര സർക്കാരിനെപ്പോലെ ഭീമമായ തുക ഡയറക്ട് ട്രാൻസ്ഫർ ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവില്ല. ചെയ്യാവുന്ന മിനിമം കാര്യം അർഹതപ്പെട്ടതെങ്കിലും കുടിശിക തീർത്ത്, കഴിയുമെങ്കിൽ മുൻകൂറായി പണം പ്രതിസന്ധി കാലത്ത് ജനങ്ങളിൽ എത്തിക്കുക എന്നുള്ളതാണ്. ഒരു വരുമാനവും ഇല്ലാതെ നട്ടം തിരിയുന്ന കാലത്ത് ഇതുവലിയ സമാശ്വാസമാകും.
കോവിഡിനെ പ്രതിരോധിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ വികസന കുതിപ്പിന് പുതുക്കിയ ബജറ്റ് കളമൊരുക്കും. ഇതിൽ ഏറ്റവും പ്രധാനം നോളജ് മിഷന്റെ പ്രഖ്യാപനമാണ്.

അഞ്ചുവർഷംകൊണ്ട് വീട്ടിനകത്തോ വീടിനടുത്തോ ആഗോള തൊഴിൽ ദാതാക്കളിൽ നിന്ന് 20 ലക്ഷം പേർക്ക് ഡിജിറ്റൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ബൃഹത് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ച മൂർത്തമായ പ്രഖ്യാപനമാണ്. കെ-ഡിസ്ക്, ഇതിനകം ഫ്രീ-ലാൻസർ ഡോട്ട് കോം, മോൺസ്റ്റർ തുടങ്ങിയ ആഗോളതല ഭീമൻ തൊഴിൽ ഏജൻസികളുമായി ഇതുസംബന്ധിച്ച് സഹകരണ ധാരണയിൽ എത്തിക്കഴിഞ്ഞുവെന്നാണ് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നത്.

Read Also: ബജറ്റിൽ കണ്ടതും കാണാത്തതും

ഈ ലക്ഷ്യം കൈവരിക്കുകയാണെങ്കിൽ അടുത്ത അഞ്ചുവർഷംകൊണ്ട് ഡിജിറ്റൽ ജോലികൾ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തുറകളായി മാറും. ഇതു സമ്പദ്ഘടനയുടെ സമൂലമായ മാറ്റത്തിനു വഴിയൊരുക്കും.തീരദേശ സംരക്ഷണം, പ്ലാന്റേഷൻ മേഖലാ വികസനം, ടൂറിസം എന്നീ മേഖലകളിൽ ശ്രദ്ധേയമായ നൂതന ഇടപെടലുകൾ ബജറ്റിലുണ്ട്. ഇതോടൊപ്പം ആധുനിക നൂതനവിദ്യകളെ ഉൽപ്പാദനത്തിന്റെ സമസ്ത മേഖലകളിലും സന്നിവേശിപ്പിക്കാനുള്ള നടപടികളും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കുള്ള പ്രോത്സാഹനവും വ്യവസായ മേഖലയിലേയ്ക്കുള്ള പുറം നിക്ഷേപത്തിനുള്ള നടപടികളും ചേരുമ്പോൾ കേരളത്തിന്റെ വികസന കുതിപ്പിനു വലിയൊരു വഴിയൊരുക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala budget 2021 former finance minister thomas isaac reaction

Next Story
കെഎസ്ആർടിസി: ഡൊമെയ്‌ന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേരളം, ഉത്തരവ് ലഭിച്ചാൽ നിയമനടപടിയെന്ന് കർണാടകksrtc, കെഎസ്ആര്‍ടിസി, ksrtc reservation app, കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആപ്പ്, entey ksrtc, 'എന്റെ കെഎസ്ആര്‍ടിസി', ksrtc ticket booking app, കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ് ആപ്പ്, ksrtc reservation android application, കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍, ksrtc reservation mobile phone application കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍, ksrtc online reservation, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍, Abhi bus, അഭി ബസ്, ksrtc janatha service, കെഎസ്ആര്‍ടിസി ജനത സര്‍വീസ്, ksrtc unlimited stop ordinary service, കെഎസ്ആര്‍ടിസി 'അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി'സര്‍വീസ്, ksrtc logistics, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express