തിരുവനന്തപുരം: തുടർച്ചയായി ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ഇത്തവണത്തെ കേരള ബജറ്റിലാണ് ക്ഷേമ പെൻഷൻ വർധിപ്പിച്ച കാര്യം ധനമന്ത്രി തോമസ് ഐസക് അറിയിച്ചത്. നൂറ് രൂപയാണ് ക്ഷേമ പെൻഷൻ കൂട്ടിയത്. എല്ലാ ക്ഷേമ പെൻഷനുകളും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ക്ഷേമ പെൻഷൻ 1300 രൂപയായി. കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിലും നൂറ് രൂപ വർധിപ്പിച്ചിരുന്നു.

കഴിഞ്ഞ സർക്കാർ അഞ്ച് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ എൽഡിഎഫ് സർക്കാർ നാല് വർഷം കൊണ്ട് മറികടന്നതായി ധനമന്ത്രി പറഞ്ഞു. ഇനിയുള്ള ഒരു വർഷം ബോണസ് ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ ക്ഷേമ പെൻഷൻ ആയി 9,000 ത്തിലേറെ കോടി മാത്രമാണ് ചെലവഴിച്ചതെങ്കിൽ എൽഡിഎഫ് സർക്കാർ 22,000 കോടിയിലേറെ ഇതുവരെ ചെലവഴിച്ചതായി ധനമന്ത്രി പറഞ്ഞു. 13 ലക്ഷം വയോജനങ്ങൾക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ രംഗങ്ങളിലും സർക്കാർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം നിലനിൽക്കുമ്പോഴാണ് സർക്കാർ ക്ഷേമ പെൻഷനുകൾ കൂട്ടിയിരിക്കുന്നത്.

Read Also: Kerala Budget 2020 Live Updates: ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു

സംസ്ഥാന ബജറ്റിനോടു അനുബന്ധിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ വച്ചു. സംസ്ഥാനത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂടിയതായി ധനമന്ത്രി പറഞ്ഞു. വറുതിക്കിടയിലും വലിയ പ്രതീക്ഷകൾ നൽകുന്നതാണ് സാമ്പത്തിക വളർച്ചാ നിരക്ക് വർധിച്ചത്. അതേസമയം, നികുതി വരുമാനം കുറഞ്ഞതായി ധനമന്ത്രി പറഞ്ഞു.

കേരളത്തിലെ ശരാശരി പൗരന്റെ വരുമാനം ദേശീയ ശരാശരിയേക്കാൾ അറുപത് ശതമാനം കൂടുതലാണെന്ന് തോമസ് ഐസക് പറഞ്ഞു. ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതൽ നിൽക്കുന്നത് പ്രതിസന്ധിക്കിടയിലും വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. വളർച്ചാ നിരക്ക് 7.3 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി. എന്നാല്‍ കാര്‍ഷിക വളര്‍ച്ചാനിരക്ക് മൈനസിലേക്ക് കൂപ്പുകുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രളയവും നാണ്യവിളത്തകർച്ചയുമാണ് കാർഷിക വളർച്ചാനിരക്ക് കുറയാൻ കാരണമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.