Kerala Budget 2020: തിരുവനന്തപുരം: സംസ്ഥാനത്ത് 25 രൂപയ്‌ക്ക് ഊണ് ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ. കേരള ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. 25 രൂപയ്‌ക്ക് ഊണ് ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകൾ തുടങ്ങും. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റിവയ്‌ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
അഗതികളും അശരണരുമായ എല്ലാവർക്കും ഒരു നേരത്തെയങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ‘വിശപ്പ് രഹിത കേരളം’ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ വളരെ ചെറിയ നിരക്കിൽ ഊണ് ലഭ്യമാകുന്ന ഹോട്ടൽ ആരംഭിച്ചിട്ടുണ്ട്.
Read Also: പ്രഖ്യാപനങ്ങൾക്കൊപ്പം സാഹിത്യവും വാരിക്കോരി തോമസ് ഐസക്കിന്റെ ബജറ്റ്
കഴിഞ്ഞ സർക്കാർ അഞ്ച് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ എൽഡിഎഫ് സർക്കാർ നാല് വർഷം കൊണ്ട് മറികടന്നതായി ധനമന്ത്രി പറഞ്ഞു. ഇനിയുള്ള ഒരു വർഷം ബോണസ് ആണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതായി ധനമന്ത്രി അറിയിച്ചു. 100 രൂപയാണ് ക്ഷേമ പെൻഷൻ കൂട്ടിയത്. എല്ലാ ക്ഷേമ പെൻഷനുകളും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ക്ഷേമ പെൻഷൻ 1300 രൂപയായി. കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിലും 100 രൂപ വർധിപ്പിച്ചിരുന്നു.
കഴിഞ്ഞ സർക്കാർ ക്ഷേമ പെൻഷൻ ആയി 9,000 ത്തിലേറെ കോടി മാത്രമാണ് ചെലവഴിച്ചതെങ്കിൽ എൽഡിഎഫ് സർക്കാർ 22,000 കോടിയിലേറെ ഇതുവരെ ചെലവഴിച്ചതായി ധനമന്ത്രി പറഞ്ഞു. 13 ലക്ഷം വയോജനങ്ങൾക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ രംഗങ്ങളിലും സർക്കാർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയ വിദ്യാർഥികളുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. കണക്കുകൾ നിരത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചത്. പൊതുവിദ്യാലയങ്ങളിൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ എണ്ണം അഞ്ച് ലക്ഷം വർധിച്ചു. ഇത് പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മികവുറ്റ പ്രകടനമാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കണക്കുകളനുസരിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാല് ലക്ഷത്തിലേറെ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ കുറയുകയാണ് ചെയ്‌തതെന്നും 2016 നു ശേഷമാണ് പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
ഗ്രാമീണ ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും കൂടി അനുവദിക്കും. ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി രൂപ. തീരദേശ വികസനത്തിന് 1000 കോടി. പ്രവാസക്ഷേമനിധിക്ക് 90 കോടി. നെല്‍കര്‍ഷകര്‍ക്ക് 40 കോടി അനുവദിക്കുമെന്നും ബജറ്റിൽ പറഞ്ഞു.