Kerala Budget 2020: തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഏറ്റവും നേട്ടം കൊച്ചിക്ക്. കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വികസനത്തിന് ബജറ്റില്‍ 6000 കോടി രൂപയുടെ പദ്ധതിയാണു പ്രഖ്യാപനം. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗരഗതാഗത സംവിധാനം നടപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
പ്രധാന മേല്‍പ്പാലങ്ങളും റോഡുകളും ഉള്‍പ്പെടുന്നതാണു കൊച്ചി സമഗ്ര വികസന പദ്ധതി. സുരക്ഷിത നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, റോഡ് സേഫ്റ്റി മെട്രോ റെയില്‍, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കണക്ടിവിറ്റി തുടങ്ങിയവക്കായുള്ള കൊച്ചി മെട്രോ സോണ്‍ പ്രൊജക്ടിനു 2039 കോടി രൂപ അനുവദിച്ചു. ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍പോര്‍ട്ട് അതോറിറ്റിക്ക് രണ്ടരക്കോടി രൂപ അനുവദിച്ചു.
Read Also: സിഎഎ പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ പൊലീസിലേല്‍പ്പിച്ചു
കൊച്ചി മെട്രോ വിപുലീകരണം ഈ വര്‍ഷം നടക്കും. പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്നു കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കും നീട്ടുന്ന പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു.
മെട്രോ, ജലഗതാഗതം, ബസ്, എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് കാര്‍ഡ് കൊണ്ടുവരും. പരമാവധി വാഹനേതര യാത്രാസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കും. മുഴുവന്‍ ബസ് ഓപ്പറേറ്റര്‍മാരെയും ഒരു ക്ലസ്റ്ററാക്കി ഇ-ടിക്കറ്റിങ്, മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് സംവിധാനം നടപ്പാക്കും. കൊച്ചി-ഇടമണ്‍ ലൈന്‍ വഴി കൊണ്ടുവരാന്‍ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
Read Also: കെ.എം.മാണി സ്മാരക മന്ദിരത്തിന് അഞ്ച് കോടി നീക്കിവച്ച് എൽഡിഎഫ് ബജറ്റ്
കേരള ബോട്ട് ലീഗിനും ഇതര ജലമേളകള്‍ക്കുമായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്‍ഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സംബന്ധിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ട്. പദ്ധതി 682 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്കിയ ബജറ്റാണ് ഇത്തവണ തോമസ് ഐസക് അവതരിപ്പിച്ചത്. 43 കിലോമീറ്ററിലായി സംസ്ഥാനത്ത് പത്ത് ബൈപ്പാസുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 53 കിലോമീറ്ററിലായി 20 ഫ്ളൈ ഓവറുകള്‍ നിര്‍മിക്കും. സെമി ഹൈ സ്പീഡ് റെയില്‍ നിര്‍മിക്കും. അഞ്ച് ടൗണ്‍ ഷിപ്പുകള്‍ നിര്‍മിക്കും.