scorecardresearch
Latest News

തോമസ് ഐസക്കിന്റെ 11-ാം ബജറ്റ്; കണക്കിൽ ‘പ്രമാണി’ കെ.എം.മാണി തന്നെ

രാവിലെ ഒൻപത് മുതൽ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിക്കും

Budget 2020 Kerala Budget Thomas Issac KM Mani

തിരുവനന്തപുരം: കേരള ബജറ്റ്-2020 ധനമന്ത്രി തോമസ് ഐസക് ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക് അവതരിപ്പിക്കുന്ന 11-ാം ബജറ്റാണിത്. പിണറായി സർക്കാരിനു വേണ്ടി തോമസ് ഐസക് അവതരിപ്പിക്കുന്ന തുടർച്ചയായ അഞ്ചാം ബജറ്റാണിത്. വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ തോമസ് ഐസക് ധനമന്ത്രിയായിരുന്നു. വി.എസ്. സർക്കാരിന്റെ കാലത്ത് 2006 മുതൽ 2011 വരെ തുടർച്ചയായി ആറ് ബജറ്റ് തോമസ് ഐസക് അവതരിപ്പിച്ചിരുന്നു.

ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. 1976ലെ ആദ്യ ബജറ്റ് മുതല്‍ ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുമ്പോള്‍ 2015ല്‍ സാങ്കേതികമായി അവതരിപ്പിച്ച ബജറ്റുള്‍പ്പെടെയാണ് മാണി 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ് ഈ നേട്ടം.

Read Also: സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒൻപത് മുതൽ; പുതിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല

രാവിലെ ഒൻപത് മുതൽ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിക്കും. പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റാണിത്. അതുപോല തന്നെ പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയായിരിക്കും ഇത്. 2021 ൽ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

സംസ്ഥാന ബജറ്റിനോടു അനുബന്ധിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ വച്ചു. സംസ്ഥാനത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂടിയതായി ധനമന്ത്രി പറഞ്ഞു. വറുതിക്കിടയിലും വലിയ പ്രതീക്ഷകൾ നൽകുന്നതാണ് സാമ്പത്തിക വളർച്ചാ നിരക്ക് വർധിച്ചത്. അതേസമയം, നികുതി വരുമാനം കുറഞ്ഞതായി ധനമന്ത്രി പറഞ്ഞു.

Read Also: Horoscope Today February 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കേരളത്തിലെ ശരാശരി പൗരന്റെ വരുമാനം ദേശീയ ശരാശരിയേക്കാൾ അറുപത് ശതമാനം കൂടുതലാണെന്ന് തോമസ് ഐസക് പറഞ്ഞു. ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതൽ നിൽക്കുന്നത് പ്രതിസന്ധിക്കിടയിലും വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. വളർച്ചാ നിരക്ക് 7.3 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി. എന്നാല്‍ കാര്‍ഷിക വളര്‍ച്ചാനിരക്ക് മൈനസിലേക്ക് കൂപ്പുകുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രളയവും നാണ്യവിളത്തകർച്ചയുമാണ് കാർഷിക വളർച്ചാനിരക്ക് കുറയാൻ കാരണമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala budget 2020 thomas issac km mani most number of budget presentation