scorecardresearch
Latest News

Kerala Budget 2020: പിന്നോട്ടില്ല; കിഫ്ബി തന്നെ രക്ഷയെന്നു ധനമന്ത്രി

ആദ്യം വലിയ വിമര്‍ശനങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ കിഫ്ബി പദ്ധതികള്‍ കിട്ടാന്‍ എല്ലാവരും മത്സരിക്കുകയാണെന്നും തോമസ് ഐസക് ബജറ്റ് അവതരണ പ്രസംഗത്തില്‍ പറഞ്ഞു

Kerala Budget 2020: തിരുവനന്തപുരം: കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും കിഫ്ബിയെ കൈവിടാതെ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ആദ്യം വലിയ വിമര്‍ശനങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ കിഫ്ബി പദ്ധതികള്‍ കിട്ടാന്‍ എല്ലാവരും മത്സരിക്കുകയാണെന്നും തോമസ് ഐസക് ബജറ്റ് അവതരണ പ്രസംഗത്തില്‍ പറഞ്ഞു. കിഫ്ബിയിലൂടെ മാന്ദ്യം അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

35,028 കോടി രൂപയുടെ 675 പദ്ധതികള്‍ക്കു കിഫ്ബി അനുമതി നല്‍കിക്കഴിഞ്ഞു. വ്യവസായപാര്‍ക്കുകള്‍ക്കു 14275 കോടിയും ദേശീയപാത വികസനത്തിനു സ്ഥലമേറ്റെടുക്കാന്‍ 5724 കോടിയും അനുവദിച്ചു. 54,678 കോടി രൂപയാണു കിഫ്ബിയുടെ ആകെ അടങ്കല്‍ തുക. ഇതില്‍ 13616 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. 4500 കോടി രൂപയുടെ പണികള്‍ പൂര്‍ത്തിയാക്കിയതായും ധനമന്ത്രി പറഞ്ഞു.

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്നു ധനമന്ത്രി പറഞ്ഞു. ജിഎസ്‌ടി നടപ്പായപ്പോള്‍ സംസ്ഥാനം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. സാമ്പത്തിക മാന്ദ്യം കിഫ്ബിയിലൂടെ അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല ബോണ്ട് നിശബ്ദരാക്കി. വരും വര്‍ഷം 20,000 കോടി രൂപ ചെലവ് വരും. അതു നല്‍കാന്‍ നടപടിയായി. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയാണിത്. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയശരാരിയേക്കാള്‍ മുകളിലാണെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അടുത്ത വര്‍ഷം മറികടക്കുമെന്നു ബജറ്റ് അവതരണത്തിനു മുന്നോടിയായി മന്ത്രി പറഞ്ഞിരുന്നു.

Read Also: വെടിയേറ്റു വീണ ബാപ്പുജി; കേരള ബജറ്റിന്റെ കവർ ചിത്രം, ടോം വട്ടക്കുഴിയെ മറക്കാതെ ഐസക്

സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 1.55 ശതമാനവും ധനക്കമ്മി മൂന്നു ശതമാനവുമാണ്. റവന്യൂവരവ് 99,042 കോടി രൂപയും റവന്യൂ ചെലവ് 1,16,516 കോടി രൂപയും റവന്യൂ കമ്മി 17,476 കോടി രൂപയുമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും കേന്ദ്രപദ്ധതി-നികുതി വിഹിതങ്ങള്‍ കുറഞ്ഞതിന്റെയും പശ്ചാത്തലത്തില്‍ വരുമാനം കൂട്ടാന്‍ വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതായാണു മന്ത്രി വ്യക്തമാക്കുന്നത്.

പുനര്‍വിന്യാസങ്ങളിലൂടെയും ചെലവ് ചുരുക്കലുകളിലൂടെയും 2500 കോടി രൂപയുടെ അധികച്ചെലവ് ഒഴിവാക്കും. മന്ത്രിമാരുടെ അത്യാവശ്യ വിദേശയാത്രകള്‍ തുടരുമെന്നും അത് ധൂര്‍ത്തല്ലെന്നും തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും നികുതി പിരിവിനായി നിയോഗിക്കും. നികുതിവെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയ്സുകള്‍ ഏര്‍പ്പെടുത്തും. ക്ഷേമ, സേവന പെന്‍ഷനുകളില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കും. രണ്ടു ലക്ഷം വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യവാഹനങ്ങള്‍ക്കും രണ്ടു ശതനമാനവും നികുതി വര്‍ധിപ്പിക്കും. പുകപരിശോധന കേന്ദ്രങ്ങളുടെ ലൈസന്‍സ് ഫീ 25,000 രൂപയായി കൂട്ടി.

Read Also: കെ.എം.മാണി സ്‌മാരക മന്ദിരത്തിന് അഞ്ച് കോടി നീക്കിവച്ച് എൽഡിഎഫ് ബജറ്റ്

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനമാണു പ്രതീക്ഷിക്കുന്നത്. വന്‍കിട പദ്ധതികള്‍ക്കു സമീപം വിജ്ഞാപനം ചെയ്യുന്ന ഭൂമിക്ക് ന്യായവിലയേക്കാള്‍ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കും. ഇതുവഴി 50 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ.

കേരള ഭൂനികുതി ഓര്‍ഡിനന്‍സ് 2015 പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പുനസ്ഥാപിക്കും. സേവനങ്ങള്‍ക്കുള്ള എല്ലാ ഫീസുകളും നിരക്കുകളും അഞ്ച് ശതമാനം ഉയര്‍ത്തും. ഇതില്‍നിന്നുള്ള അധിക വരുമാനം കര്‍ഷകക്ഷേമ പദ്ധതികള്‍ക്കു നല്‍കും. ഭൂവില കുറച്ചുകാണിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളില്‍ 2010 മുന്‍പുവരെ 10 ലക്ഷത്തിലേറെ കേസുകളുണ്ട്. ബാക്കിയുള്ള തുകയ്ക്കു മുദ്രവിലയുടെ 30 ശതമാനം അടച്ചാല്‍ തുടര്‍ നടപടികള്‍ ഒഴിവാക്കും. 300 കോടി രൂപയാണ് ഇതില്‍നിന്നു പ്രതീക്ഷിക്കുന്നത്.

ലൊക്കേഷന്‍ മാപ്പിനുള്ള ഫീസ് 200 രൂപയായി വര്‍ധിപ്പിച്ചു. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിച്ചു. തണ്ടപ്പേര്‍ പകര്‍പ്പെടുക്കുന്നതിനുള്ള ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടി. ഇതിലൂടെ 16 കോടിയുടെ അധികവരുമാനമാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala budget 2020 thomas issac kiifb