Kerala Budget 2020 “ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയില്‍ മുഖാമുഖം നില്‍ക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷമാത്രം സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍. അക്രമവും ഹിംസയുമാണ് കര്‍മം എന്ന് വിശ്വസിക്കുന്ന അണികള്‍. വര്‍ഗീയവത്കരണത്തിന് പൂര്‍ണമായി കീഴ്‌പ്പെട്ട ഭരണ സംവിധാനങ്ങള്‍. ഇതാണ് സാമാന്യമായി പറഞ്ഞാല്‍ ഇന്നത്തെ ഇന്ത്യ.” ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ പറഞ്ഞ വാക്കുകളാണിവ.
പതിവു പോലെ ഇക്കുറിയും കവിതാ ശകലങ്ങളും നോവലുകളിലെ വരികളും ചരിത്രകാരന്മാരുടെ ഉദ്ധരണികളും ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.
ആനന്ദിന്റെ ‘ഒരു രാജ്യത്തിന്റെ മുന്നിലെ പദങ്ങളി’ലെ വാക്കുകളാണ് ആദ്ദേഹം ആദ്യമായി ഉദ്ധരിച്ചത്. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന്റെ ആമുഖം:
“അഭ്യസ്ത വിദ്യരും ഭൗതിക രംഗത്ത് മുന്നില്‍ നില്‍ക്കുന്നവരുമായ ഒരു സമൂഹം എങ്ങനെയാണ് പെട്ടെന്നൊരു ജനതയുടെ ആകെ മുന്നിലുള്ള വെറുപ്പിനാല്‍ ആവേശിക്കപ്പെടുകയും അവിശ്വസനീയമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്.”
അന്‍വര്‍ അലി എഴുതിയതു പോലെ “മനസാലെ നമ്മള്‍ നിനയ്ക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാല”ത്താണ് നമ്മളിന്ന് ജീവിക്കുന്നത്.
“പകയാണ് പതാക. ധീരതയാണ് നയതന്ത്രം. ആക്രമണമാണ് അഭിവാദനങ്ങള്‍. ഓരോ പൗരനും ഓരോ പൊട്ടിത്തെറികള്‍” എന്ന് ഒ.പി.സുരേഷ് ഈ സാഹചര്യത്തെ അക്ഷരാര്‍ത്ഥത്തിൽ ആറ്റിക്കുറുക്കുന്നു.
പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്ത് പടര്‍ത്തുന്ന ഭീതി എത്രത്തോളമാണ് എന്നത് വാക്കുകള്‍ക്ക് അതീതമാണ്. “ഭയം ഒരു രാജ്യമാണ്. അവിടെ നിശബ്ദദ ഒരു ആഭരണമാണ്” എന്ന് ദ്രുപത് ഗൗതം എഴുതിയ വാക്കുകൾ.
നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവനയെ പോലും ഭയം ഗ്രസിച്ചു കളഞ്ഞു. ഇന്നലെ വരെ ഇന്ത്യക്കാരായി ജീവിച്ച 19 ലക്ഷത്തോളം അസംകാരുടെ തലയ്ക്ക് മുകളില്‍ തടങ്കല്‍ പാളയങ്ങളുടെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.
“തെറ്റിവരച്ച വീട് ഒരു കുട്ടി റബ്ബര്‍ കൊണ്ട് മായ്ച്ച് കളഞ്ഞതു പോലെ” വീട് നഷ്ടമായതിനെ കുറിച്ച് പി.എന്‍.ഗോപികൃഷ്ണന്‍ എഴുതിയിട്ടുണ്ട്. അതേ ലാഘവത്തോടെയാണ് പ്രജകളുടെ പൗരത്വം ഭരണാധികാരികള്‍ മായ്ച്ചു കളയാന്‍ ഒരുങ്ങുന്നത്. ഈ ഭീഷണിയെ വകവച്ചു കൊടുക്കാനാകില്ല.”
“ഇന്ത്യയെ വിട്ടുകൊടുക്കില്ല എന്ന് ശപഥം ചെയ്ത് തെരുവിലിറങ്ങിയ യുവാക്കളിലാണ് ഈ രാജ്യത്തിന്‌റെ ഭാവി. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ തുരങ്കം വയ്ക്കുന്ന ഈ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങള്‍ ഉയരുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ നിറഞ്ഞ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വിദ്യാര്‍ഥികളും സ്ത്രീകളും യുവാക്കളുമാണ് ഈ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍. പ്രഭാവര്‍മ ചൂണ്ടിക്കാണിച്ച ‘അട്ടഹാസത്തിന്റെ മുഴക്കവും ചിലമ്പുന്ന പൊട്ടിക്കരച്ചിലിന്റെ കലക്കവും നിതാന്തമായ വൈരക്കരിന്തേളിളക്കവും’ സൃഷ്ടിക്കുന്ന ഭീതിക്ക് ഒരിഞ്ച് കീഴടങ്ങില്ല എന്ന് മുഷ്ടി ചുരുട്ടലിലിരമ്പുകയാണ് ക്യാമ്പസുകള്‍. “മഞ്ഞിന്‌റെ കീഴെ പന്തമായ് പെണ്‍കുട്ടികള്‍ സംഘ് വാദ് സേ ആസാദി” വിനോദ് വൈശാഖിയുടെ വരികള്‍ ആ ഇരമ്പലിന്റെ നേര്‍ക്കാഴ്ചയാണ്.”

“ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം. നിങ്ങള്‍ വീണിടാതെ വയ്യ ഹാ ചവറ്റുകൂനയില്‍,” എന്ന റഫീഖ് അഹമ്മദിന്റെ പ്രതീക്ഷ യാഥാര്‍ഥ്യമാകുക തന്നെ ചെയ്യും. ഈ സമരങ്ങള്‍ക്കാകെ കേരളം ആവേശം പകര്‍ന്നു എന്നുള്ള യാഥാര്‍ഥ്യം ഏത് മലയാളിയെയാണ് ആവേശഭരിതനാക്കാത്തത്.
“ബെന്യാമിന്റെ ‘മഞ്ഞനിറമുള്ള പകലുകള്‍’ എന്ന നോവലില്‍ ‘ഫ്രീഡം’ എന്നൊരു അധ്യായമുണ്ട്. അതിങ്ങനെയാണ് ആരംഭിക്കുന്നത്. ‘ഉച്ച കഴിഞ്ഞ് മൂന്ന് മണിയായപ്പോഴേക്കും ജനങ്ങള്‍ തെരുവിലൂടെ പതിയെ പതിയെ ഒഴുകാന്‍ തുടങ്ങി. ചിലര്‍ രാജ്യത്തിന്റെ ദേശീയ പതാകയും ചിലര്‍ സമാധാനത്തിന്റെ വെള്ളക്കൊടിയും പിടിച്ചിരുന്നു. ചിലരാകട്ടെ ദേശീയ പതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല. ഞങ്ങളുടെ സ്വന്തമാണ് എന്നുള്ള സന്ദേശമാണവര്‍ അതിലൂടെ നല്‍കിയത്,’ 2020 ജനുവരി 26ന് ദേശീയപാതയില്‍ കൈകോര്‍ത്ത കേരളത്തെയല്ലേ ബെന്യാമിന്‍ പ്രവചിച്ചത്?”
“നിലവിളി കെടുത്താന്‍ ഓടിക്കൂടുന്ന നന്മയെക്കാള്‍ സുന്ദരമായി ഒന്നുമില്ലെ”ന്ന കെജിഎസിന്റെ വരികള്‍ ഞാനോര്‍ക്കുകയാണ്. അത്തരമൊരു നന്മയുടെ സൗന്ദര്യമായിരുന്നു മനുഷ്യമഹാശൃംഖല. നാടിനെ ഗ്രസിക്കുന്ന സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവുമല്ല ഭരണാധികാരികളുടെ പ്രശ്‌നം. അവരുടെ ഏറ്റവും വലിയ പ്രശ്‌നം പൗരത്വനിയമമാണ്.
“ഇന്നലെ വരെ ഒരു ജാഥയിലും നിന്നിട്ടില്ലെങ്കിലെന്ത് ഇന്ന് ജാഥയുടെ മുന്നില്‍ കയറി നിന്ന് മുഷ്ടി ചുരുട്ടുന്നു പടുവൃദ്ധന്‍. ചരിത്രം പഠിക്കാന്‍ പോയ കുട്ടികള്‍ ചരിത്രം സൃഷ്ടിക്കാന്‍ തെരുവുകളെ സ്വന്തം ചോരകൊണ്ട് നനയ്ക്കുന്നു,” എന്ന് വിഷ്ണുപ്രസാദ് ഈ സന്ദര്‍ഭത്തെ അടയാളപ്പെടുത്തി.
Read More: കൂടെയില്ലെങ്കിലും വരകളിൽ നിറയുന്ന അമ്മ; അന്തർദ്ദേശീയ പുരസ്കാര നിറവിൽ അനുജാത്
സാഹിത്യകാരന്മാരെ മാത്രമല്ല അദ്ദേഹം ഉദ്ധരിച്ചത്. ‘അമ്മയും അയൽവക്കത്തെ അമ്മമാരും’ എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ശങ്കേഴ്‌സ് അക്കാദമിയുടെ അന്താരാഷ്ട്ര പെയിന്റിങ് മത്സരത്തില്‍ അനുജാത് സിന്ധു വിനയ് വരച്ച ചിത്രത്തെയും അദ്ദേഹം ഓർമിച്ചു. സ്ത്രീകളുടെ അദൃശ്യതയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇതിന് പുറമേ ബാലചന്ദ്രൻ ചുള്ളിക്കാട്, സച്ചിദാന്ദൻ, ശാരദക്കുട്ടി എന്നിവരുടെ വാക്കുകളും തോമസ് ഐസക് ഉദ്ധരിച്ചു. രവീന്ദ്രനാഥ് ടാഗോറിന്റെ വാക്കുകളിലൂടെയാണ് തോമസ് ഐസക്ക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.