തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഇന്നു തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇടതു വലതു മുന്നണികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനു എത്തുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപന പ്രസംഗത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ഇത് ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയാലും ഇല്ലെങ്കിലും അത് വിവാദങ്ങള്‍ക്ക് കാരണമാകും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നിലപാട് നയപ്രഖ്യാപനത്തില്‍ നിന്നു മാറ്റില്ലെന്ന് ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് സർക്കാർ ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പരാമർശങ്ങൾ ഉൾപ്പെടെ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ മാറ്റം വരുത്താനാവില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചിരുന്നു.

Read Also: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

സർക്കാർ നിലപാട് ഭരണഘടനാവിരുദ്ധമല്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ ആശങ്കയാണുള്ളത്. ഇത് മനസിലാക്കുകയും പ്രതിഫലിപ്പിക്കുകയുമാണ് സർക്കാർ ചെയ്‌തതെന്നും ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. ഗവർണറുമായി മനപൂർവ്വം ഭിന്നത സൃഷ്ടിക്കാൻ ശ്രമച്ചിട്ടില്ലെന്നും സർക്കാർ നൽകിയ വിശദീകരണത്തിൽ പറയുന്നു.

അതേസമയം, ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കേണ്ട എന്ന നിലപാടാണ് സർക്കാരിന്. ഗവർണർ-സർക്കാർ പോര് രൂക്ഷമാകാൻ അതു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.