തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഇത്തവണ എഴുത്തുകാരികളുടെ വരികളാൽ ശ്രദ്ധേയമായിരുന്നു. സുഗതകുമാരിയുടെ കവിതയിലെ വരികളും സാറാ തോമസിന്‍റെ നോവലിലെ സംഭാഷണവുമാണ് ആദ്യം അദ്ദേഹം പരാമർശിച്ചത്. ഓഖി ദുരന്ത പാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് ‘കടലമ്മ തൻ മാറിൽ കളിച്ചു വളർന്നവർ, കരുത്തർ ഉയിർത്തെഴുന്നേൽക്കുന്നു വീണ്ടും, ഞങ്ങൾ’ എന്ന സുഗത കുമാരിയുടെ കവിതകളിലെ വരികൾ ഡോ. തോമസ്‌ ഐസക് ചൊല്ലിയത്.

ബാലാമണിയമ്മയുടെ ‘നവകേരളം’ എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം അവസാനിപ്പിച്ചത്. വിജയലക്ഷ്മി, കെ.ആർ.മീര, ഇന്ദു മേനോൻ, സാവിത്രി രാജീവൻ, ഡോണ മയൂര, ബിലു സി.നാരായണൻ എന്നീ എഴുത്തുകാരികളുടെ വരികളും ബജറ്റിൽ ഇടംനേടിയിരുന്നു. ഇക്കൂട്ടത്തിൽ ഒരു കൊച്ചു മിടുക്കിയുടെ കവിതയും ഇടം നേടിയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി എന്‍.പി.സ്‌നേഹയുടെ കവിതയിലെ വരികളാണ് ഐസക് ബജറ്റ് അവതരണത്തിൽ ഉൾക്കൊളളിച്ചത്.

ഡോണാ മയൂരയുടെ കവിത വായിക്കാം

ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോഴാണ് സ്നേഹ എന്ന കൊച്ചു മിടുക്കിയുടെ കവിത ശ്രദ്ധയിൽപ്പെട്ടതെന്ന് ധനമന്ത്രി  പറയുന്നു. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്നേഹയ്ക്കു കഴിഞ്ഞു. ഹൈസ്ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്നേഹ ഈ വരികളെഴുതിയത്. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളിലൊരാളായി സ്നേഹ വളരട്ടെ എന്ന് ആശംസിക്കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സ്നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്‍റെ യും ഷീബയുടെയും മകളാണ് സ്നേഹ. പ്രദീപ് കോണ്‍ട്രാക്ടറും ഷീബ അധ്യാപികയുമാണ്.

സ്തൂൾ കലോത്സവത്തിൽ അടുക്കള എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്നേഹ എഴുതിയ കവിതയാണ് ഐസക്ക് ചൊല്ലിയത്. പാലക്കാട് ജില്ലാ കലോത്സവകാലത്തും അതിന് ശേഷവും ഈ കവിത ഏറെ ശ്രദ്ധേയമാകുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു

സ്നേഹയുടെ കവിതയുടെ പൂർണ രൂപം ഇവിടെ വായിക്കാം

ലാബ്

കെമിസ്ട്രി സാറാണ് പറഞ്ഞത്,
അടുക്കള ഒരു ലാബാണെന്ന്
പരീക്ഷിച്ച്, നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്

വെളിപ്പിനെയുണർന്ന്
പുകഞ്ഞ്, പുകഞ്ഞ്
തനിയെ സ്റ്റാർട്ടാകുന്ന
കരിപുരണ്ട, കേടുവന്ന
ഒരു മെഷ്യീൻ
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉത്പാദിപ്പിക്കുന്നുണ്ടെന്ന്!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.