കൊടുങ്ങല്ലൂർ: അടിയന്തിരാവസ്ഥ തടവുകാരുടെ കാര്യത്തിൽ മൗനം പാലിച്ച ബജറ്റിനെ വിമർശിച്ച് ടി എൻ ജോയ്. ബജറ്റിനൊപ്പം അടിയന്തിരാവസ്ഥ തടവുകാരുടെ അവകാശങ്ങൾ മറന്ന് എല്ലാ ജനപ്രതിനിധകളെയും ജോയി എന്ന നജ്‌മൽബാബു വിമർശിക്കുന്നു.
ഭൂതകാലത്തെ മറന്നാല്‍ അത് വീണ്ടും ജീവിക്കേണ്ടി വരില്ലേ എന്ന ആശങ്കയോടെ എന്നവസസാനിപ്പിക്കന്ന പ്രസ്താവനയിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ, അടിയന്തിരാവസ്ഥയുടെ കരിനിഴല്‍ തുടങ്ങിയ ആവേശങ്ങള്‍ ഇപ്പോഴും പ്രകടിപ്പിക്കുന്ന കേരളത്തിലെ ഇടതുപക്ഷം, സമരം ചെയ്തും വേണ്ടത്ര ചെയ്യാതെയും നേടിയ ഭരണാധികാരത്തില്‍ ഇപ്പോള്‍ തൃപ്തനാണ്. ആനന്ദലബ്ധിക്ക് അതു തന്നെ ധാരാളം, എന്നും ജോയി ഇടതുപക്ഷത്തെ പരിഹസിച്ചു.
അടിയന്തിരാവസ്ഥ തടവുകാരനും ഇന്നും ഇടതുപക്ഷ സഹയാത്രികനുമായ ജോയി വിമർശനമുന്നയിക്കുന്നത്. ഏറെ വർഷങ്ങളായി അടിയന്തിരാവസ്ഥ തടവുകാർക്ക് പെൻഷൻ അനുവദിക്കണമെന്ന ആവശ്യം ജോയി ഉൾപ്പടെ കേരളത്തിലെ നിരവധി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മാറി മാറി വന്ന സർക്കാരുകൾ അതിന് തയ്യാറായിട്ടില്ല. സ്വാതന്ത്ര്യ സമരമായി അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തെ കാണുന്നവർ പോലും അടിയന്തിരാവസ്ഥ തടവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടുവരില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. അന്ന് പൊലീസ് മർദ്ദനമേൽക്കുകയും തടവിൽ കഴിയുകയും ഇന്ന് അനാരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുന്നവർക്കായാണ് ഈ ആവശ്യമുന്നയിക്കുന്നതെന്ന് അവർ വ്യക്തമാക്കിയിരുന്നു. അതിലുപരി ജനാധിപത്യം തിരികെ കൊണ്ടുവരാൻ നടത്തിയ പോരാട്ടത്തിനെ ജനാധിപത്യത്തിന്റെ വഴിയിൽ കൂടി അധികാരത്തിലെത്തിയവർ അംഗീകരിക്കണമെന്ന വാദം അവർ മുന്നോട്ടു വച്ചു. കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും അടിയന്തിരാവസ്ഥ തടവുകാർക്ക് പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
“ധനമന്ത്രി ഇന്നലെ നടത്തിയ ബഡ്ജറ്റ് പ്രസംഗത്തില്‍ അടിയന്തിരാവസ്ഥ തടവുകാരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ മണ്ഡലത്തിന് എന്തുകിട്ടി എന്നോര്‍ത്ത് രസിച്ച് ജനപ്രതിനിധികളും മടക്കയാത്രയിലായി. ആനക്കാര്യങ്ങള്‍ക്കിടയില്‍ ജയില്‍പക്ഷികളുടെ രോദനം എത്ര അപ്രസക്തം. എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. അടിയന്തിരാവസ്ഥയുടെ ചൂടും ചൂരും അനുഭവിച്ച സച്ചിദാനന്ദന്റേയും, ബി. രാജീവന്റെയും, സാവിത്രിയുടെയും ബജറ്റ് പൂര്‍വ്വ പ്രസ്താവങ്ങള്‍ പോലും പലര്‍ക്കും പ്രസിദ്ധീകരണയോഗ്യമല്ല! വിജയിക്കാത്തത് എന്ന് അവര്‍ കരുതുന്ന ഒരു സമരത്തിന്റെ കൂടെ നില്‍ക്കാനുള്ള മടി മാത്രമാണോ ഇതിനു കാരണം? അതോ ആവര്‍ത്തനത്തിന്റെ വിരസതയോ? ഇനി അതല്ല അന്നന്ന് കാണുന്നതിനെ വാഴ്ത്തുന്നതിന്റെ ‘അനൗചിത്യം’ (ബജറ്റ് ചോര്‍ച്ചയെക്കുറിച്ച് വിഷണ്ണനായ തോമസ് ഐസക്ക് പ്രയോഗിച്ച വാക്ക്) ശല്യപ്പെടുത്താത്തതുകൊണ്ടായിരിക്കുമോ ഈ മൗനം?” എന്നും ജോയി ചോദിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ