തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ പ്രാധാന്യം നൽകി. അടുത്ത മൂന്ന് വർഷം കൊണ്ട് 3000 കോടി രൂപയാണ് കെഎസ്ആർടിസി യുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മാത്രം സർക്കാർ നീക്കിവയ്ക്കുന്നത്. കെഎസ്ആർടിസി യിലെ പെൻഷൻകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇനി മുതൽ 50 ശതമാനം പെൻഷൻ ബാധ്യത സർക്കാർ വഹിക്കും.

പടിപടിയായുള്ള മാറ്റത്തിലൂടെയാണ്  കോർപ്പറേഷനെ ലാഭത്തിലെത്തിക്കാൻ ആലോചിക്കുന്നത്. പ്രൊഫ സുശീൽ ഖന്നയുടെ റിപ്പോർട്ടിലുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കുന്നുവെന്നും ഇത് നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനായി നിലവിലെ മാനേജ്മെന്റിനെ അടിമുടി മാറ്റണമെന്നതാണ് ധനമന്ത്രി മുന്നോട്ട് വച്ച ആദ്യ നിർദ്ദേശം. ഇപ്പോഴത്തെ മാനേജ്മെന്റിന് പകരം ഈ രംഗത്ത് അറിവും പ്രാഗത്ഭ്യവുമുള്ള പ്രൊഫഷണലുകളെ മാനേജ്മെന്റിന്റെ ചുമതലയേൽപ്പിക്കണം. ഇക്കാര്യം തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

Read More: Highlights of Kerala Budget 2017: ജനക്ഷേമ ബജറ്റിൽ സാമൂഹിക സുരക്ഷ, കിഫ്ബി ‘പാക്കേജുകൾ’

കോർപ്പറേഷനിലെ ഇന്ന് നിലവിലുള്ള സാന്പത്തിക ഡബിൾ ഡ്യൂട്ടി സംവിധാനം ഇനി തുടരാനാവില്ലെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കിയത്. ബസിന്റെ സമയക്രമത്തിലും കാലോചിതമായ മാറ്റം വരണം. ഇത് ഇന്നത്തെ നിലയിൽ ദേശീയ ശരാശരിയിലേക്ക് ഉയരണം. ബ്രേക്ക് ഡൗൺ റേറ്റ്, അപകടനിരക്ക് തുടങ്ങിയവ ശരാശരിയിലേക്ക് താഴണമെന്നും, ഇവയ്ക്കുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വരവ്-ചിലവ് കണക്കുകളിലെ ഭീമമായ അന്തരത്തിൽ വലിയ മാറ്റം സാധ്യമാക്കാൻ ഇതുകൊണ്ട് മാത്രം സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ധനമന്ത്രിയുടേത്. കോർപ്പറേഷന് ഇന്നുള്ള അതിഭീമമായ കടബാധ്യത തീർക്കാൻ സർക്കാർ സഹായിക്കും. ബസുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കും.

ഇതോടൊപ്പം നിലവിലെ പഴയ ബസുകളെല്ലാം ഒഴിവാക്കാനുള്ള നിർദ്ദേശമാണ് തോമസ് ഐസക് മുന്നോട്ട് വച്ചിരിക്കുന്നത്. കിഫ്ബിയിൽ നിന്ന് സിഎൻജി ബസുകൾ കെഎസ്ആർടിസി ക്ക് വാങ്ങി നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇതിനെല്ലാമായാണ് അടുത്ത മൂന്ന് വർഷം കൊണ്ട് 3000 കോടി രൂപ ചിലവഴിക്കുന്നത്.  ഈ തുക സബ്‌സിഡി ആയിട്ടാവില്ല സർക്കാർ നൽകുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 2017-18 സാന്പത്തിക വർഷത്തിൽ തന്നെ കോർപ്പറേഷന്റെ വരവും ചിലവും സമമാക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ജീവനക്കാർക്ക് കൃത്യമായി വേതനം നൽകാനുള്ള ശേഷി കോർപ്പറേഷനില്ല. വായ്പ കുടിശിക ഇനത്തിൽ ഭീമമായ പലിശയാണ് കോർപ്പറേഷന് ഉള്ളത്. പെൻഷൻ മാസങ്ങളോളം മുടങ്ങുന്ന സ്ഥിതിയുമുണ്ട്. നാല് വർഷത്തോളമായി കോർപ്പറേഷൻ നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇതിന് മുൻപ് തന്നെ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ഒന്നും ഫലവത്തായില്ല.

കടുത്ത സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പുതിയ ബസുൾ വാങ്ങിയിരുന്നില്ല. അതേസമയം ജനറം പദ്ധതിയിൽ കെയുആർടിസിക്ക് അനുവദിച്ച ബസുകൾ അടക്കം അറ്റകുറ്റപ്പണി നടത്താനുള്ള മികവ് ജീവനക്കാർക്ക് ഇല്ലാതിരുന്നതും പ്രയാസം സൃഷ്ടിച്ചു. നിലവിലെ മാനേജിംഗ് ഡയറക്ടർ എംജി രാജമാണിക്യം കോർപ്പറേഷനിൽ വരുത്തിയ മാറ്റങ്ങളും തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു. ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇതിൽ തൊഴിലാളികളിൽ നിന്ന് ഏറ്റവും അധികം പ്രതിഷേധം നേരിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ