തിരൂർ: തോട്ടിപ്പണി മുക്ത കേരളത്തിന് പത്ത് കോടി രൂപയുടെ ബജറ്റ് പ്രഖ്യാപനം മാൻഹോൾ ടീമിന് ലഭിച്ച് ഏറ്റവും വലിയ അംഗീകാരമാണെന്ന് സംവിധായിക വിധു വിൻസെന്റ് പറഞ്ഞു. “ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ പ്രയത്നം ചെറിയ തോതിലെങ്കിലും ഫലം കണ്ടു തുടുങ്ങുന്നുവെന്നതിൽ. കണ്ടിട്ടും കാണാതിരുന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ സർക്കാർ തയ്യാറായി എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടാണ് മറ്റെല്ലാ പുരസ്ക്കാരങ്ങളെക്കാളും വലിയ അംഗീകരമാണിതെന്ന് ഞങ്ങൾ പറയുന്നത്.”

വളരെ പുരോഗമിച്ചു എന്ന് നമ്മൾ അവകാശപ്പെടുന്ന നമ്മുടെ സ്വന്തം നാട്ടിൽ ഒരു യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ടായിരുന്നു. അത് പരിഹരിക്കപ്പെട്ടാതെ 60 വർഷമായി നമ്മൾ ജനാധിപത്യത്തെയും മനു,ഷ്യാവകാശത്തെയും കുറിച്ച് പറഞ്ഞു നടന്നു. കൺമുന്നിൽ തന്നെ മനുഷ്യരെ മനുഷ്യരല്ലാതെ കാണുന്ന സമീപനം. അങ്ങനെയൊന്നില്ല എന്ന നിലയിൽ ആ മനുഷ്യ ജീവിതങ്ങളെ നമ്മൾ കാണാതിരിന്നു. അങ്ങനെ ആ യാഥാർത്ഥ്യം കാണാതിരുന്നവർക്ക് മുന്നിൽ അതെത്തിക്കുന്ന ഉപകരണം മാത്രമായിരുന്നു ഞാനുൾപ്പെടുന്ന മാൻഹോൾ ടീം.

Read More: Highlights of Kerala Budget 2017: ജനക്ഷേമ ബജറ്റിൽ സാമൂഹിക സുരക്ഷ, കിഫ്ബി ‘പാക്കേജുകൾ’

മാധ്യമങ്ങളുടെ സൗന്ദര്യശാസ്ത്രത്തിനപ്പുറം അത് പറയാനുദ്ദേശിച്ച സാമൂഹിക യാഥാർത്ഥ്യങ്ങൾ എത്തേണ്ടിടത്ത് എത്തിക്കൊണ്ടിരിക്കുന്നു എന്ന നിലയിലാണ് ഞങ്ങൾ ഇതിനെ കാണുന്നത്. സിനിമ കലയെന്ന നിലയിൽ തന്നെ നിർവഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്വം ഉണ്ടെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നു സർക്കാരിന്റെ ഈ​പ്രഖ്യാപനം
13,500 ഓളം പേർ ഈ പണി ചെയ്യുന്നുവെന്നാണ് കണക്ക് എന്നാൽ നിരോധിച്ച പണിയാണിത് എന്നതിനാൽ തോട്ടിപ്പണിക്കാർ എന്ന് പേര് മാറ്റി കൂലി എന്ന് പ്രത്യക്ഷപ്പെടാൻ തുടങ്ങി. സർക്കാരിന്റെ തീരുമാനം ഈ പണിയല്ല അവസാനിപ്പിച്ചത് പേര് മാത്രമായിരുന്നു മാറ്റിയത്. ഈ യാഥാർത്ഥ്യം വർഷങ്ങളോളം നമ്മൾ കാണാതിരുന്നു. ആ ഭാഗത്തേയ്ക്കു നോട്ടമയച്ചു എന്നതാണ് മാൻഹോൾ ടീം ചെയ്തത്.

ഇവരുടെ സാമൂഹികാവസ്ഥ മാറ്റാവുന്നതേയുളളൂ ഇപ്പോൾ തന്നെ ചെയ്യാവുന്നതാണ്. കേരളത്തിന് പുറത്ത് ഇതിന്റെ വ്യാപ്തി വളരെ വലുതാണ്. കേരളത്തിൽ അതപേക്ഷിച്ച് കുറവാണ്. ഇവിടെ വേണ്ടത് സാന്പത്തികമായ ഇടപെടൽ മാത്രമല്ല, അവരുടെ സാമൂഹിക അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി പൊതുസമൂഹത്തിന്റെ ശ്രദ്ധയും കരുതലും വേണം. അതുണ്ടാകുമെന്ന് കരുതുന്നു. ഇനിയും മുന്നോട്ട് പോകാനും​ ഇത്തരം വിഷയങ്ങളെ സമീപിക്കാനുമുള്ള ആത്മവിശ്വാസം ഞങ്ങളുടെ ടീമിന് പകർന്നു നൽകുന്നതാണ് സർക്കാരിന്റെ പ്രഖ്യാപനം.

മാധ്യമ രംഗത്ത് പ്രവർത്തിക്കുന്പോഴാണ് വിധു ​ഈ വിഷയത്തിൽ ഇടപെടുന്നത്. മീഡിയ വൺ ചാനലിൽ ചെയ്ത അര മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക പരിപാടിയിലൂടെയാണ് ഇവരുടെ ജീവിതം ആദ്യം ദശ്യവത്ക്കരിച്ചത്. പിന്നീട് ഇത് ഡോക്യുമെന്ററിയാക്കി. അതിന് ശേഷമാണ് ഫീച്ചർ ഫിലിമാക്കിയത്. കൊല്ലം ജില്ലയിൽ ഈ ജോലി ചെയ്യുന്ന ആളുകൾ തന്നെയാണ് മാൻഹോളിൽ അഭിനയിച്ചതും.

മാധ്യമപ്രവർത്തക എന്ന നിലയിലും സിനിമാപ്രവർത്തക എന്ന നിലയിലും വ്യക്തിപരമായി ചാരിതാർത്ഥ്യം നൽകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനമെന്ന് വിധു വിൻസെന്റ് പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ