തിരുവനന്തപുരം: ധനമന്ത്രി ടിഎം തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് എംഎൽഎ മാർക്ക് ലഭിക്കും മുൻപ് സോഷ്യൽ മീഡിയകളിൽ എത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ഇതോടെ ബജറ്റവതരണം തടസ്സപ്പെട്ടു. പത്ത് മിനിറ്റിന് ശേഷം ബജറ്റ് അവതരണം പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ബജറ്റ് ചോർന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം പിന്നീട് പരിശോധിച്ച് നടപടിയെടുക്കുമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയില്ല.

പ്രതിഷേധത്തിന് ശേഷം ധനമന്ത്രി ബജറ്റ് അവതരണം തുടർന്നെങ്കിലും പ്രതിപക്ഷം ഒരുമിച്ച് നിന്ന് മുദ്രാവാക്യം വിളികൾ ആരംഭിച്ചു. ബജറ്റ് ചോർന്നതാണോയെന്ന് പരിശോധിക്കുമെന്നും, സഭ രാവിലെ ചേർന്ന ശേഷം ചെയർ സോഷ്യൽ മീഡിയ കണ്ടിട്ടില്ലെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷം ഇത് അംഗീകരിക്കാൻ തയ്യാറായില്ല.

ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷം പൊടുന്നനേയാണ് സഭയിൽ ബഹളം വച്ചത്. തുടർന്ന് സ്പീക്കർ കാരണം ചോദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് നിന്നാണ് ബജറ്റ് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ കിട്ടിക്കഴിഞ്ഞെന്ന വിവരം അറിയിച്ചത്. ഇതോടെ സഭ ഒന്നടങ്കം ആശ്ചര്യപ്പെട്ടു.

Read More: Highlights of Kerala Budget 2017: ജനക്ഷേമ ബജറ്റിൽ സാമൂഹിക സുരക്ഷ, കിഫ്ബി ‘പാക്കേജുകൾ’

മാധ്യമങ്ങൾ തത്സമയം ബജറ്റ് വിവരങ്ങൾ നൽകുന്നതിനാൽ പ്രതിപക്ഷത്തിന് ലഭിച്ചത് ഇത് ഏതെങ്കിലും ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടെങ്കിൽ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

എന്നാൽ ബജറ്റ് രേഖ തന്നെയാണ് ചോർന്നതെന്നും, ഇത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് തന്നെ കുറ്റക്കാരനെ കണ്ടെത്തിയോ എന്നായി സ്പീക്കർ തിരിച്ച് ചോദിച്ചു. കുറച്ച് നേരം കൂടി പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ