തിരുവനന്തപുരം: ബജറ്റ് സമൂഹ മാധ്യമങ്ങളിലൂടെ ചോർന്നു എന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. നിയമസഭയിൽ വച്ച രേഖകളൊന്നും ചോർന്നിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് പ്രസംഗം, ബജറ്റ് ഹൈലൈറ്റ്സ് എന്നിവയൊന്നും ചോർന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബജറ്റിന്റെതായി പുറത്തു പോയത് മാധ്യമപ്രവർത്തകർക്കായി തയാറാക്കിയ മീഡിയ ഹൈലൈറ്റ്സാണെന്നും അതെങ്ങനെ പോയി എന്താണ് സംഭവിച്ചതെന്നും പരിശോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എന്താണ് വന്നതെന്ന് നോക്കണമെന്നും സംഭവത്തെ ഗൗരവം കുറച്ച് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്നും വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താൻ വേണ്ടി പ്രതിപക്ഷം ഈ സംഭവം പ്രയോജനപ്പെടുത്തിയെന്ന് ധനമന്ത്രി ആരോപിച്ചു. ഈ ബജറ്റ് കഴിഞ്ഞ ബജറ്റിന്രെ തുടർച്ചയായി വേണം കാണാനെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ബജറ്റ് ചോർന്നു എന്നാരോപിച് പ്രതിപക്ഷം സ്‌പീക്കറെ കണ്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ