തിരുവനന്തപുരം:​ കേരള സംസ്ഥാന ബജറ്റ് 2017 മായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആദ്യം തോമസ് ഐസക് മുന്നോട്ട് വച്ചത്. എന്നാൽ പദ്ധതികളുടെ പ്രഖ്യാപനത്തിൽ ജനങ്ങളുടെ കൈയ്യടി വാങ്ങിക്കൊണ്ടാണ് ധനമന്ത്രി മുന്നോട്ട് പോയത്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും ജനപ്രീതിയാർജ്ജിക്കാനുറച്ചുള്ള പദ്ധതികളാണ് മന്ത്രിയുടേത്.

കാരുണ്യ പദ്ധതി അടക്കമുള്ളവ നിർത്തലാക്കുമെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇവ, ഒരു വർഷത്തേക്ക് കൂടി തുടരുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.  5257 തസ്തികകൾ ആരോഗ്യമേഖലയിൽ സൃഷ്ടിക്കുമെന്ന് പറഞ്ഞ മന്ത്രി അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുള്ള തുടർ ചികിത്സ മരുന്ന് 10 ശതമാനം വിലയ്ക്ക് നൽകുമെന്ന പ്രഖ്യാപനമാണ് നടതത്തിയത്. കൂടാതെ ജീവിത ശൈലീ രോഗങ്ങളുടെ മരുന്നുകൾ പൂർണ്ണമായും സൗജന്യമായി സർക്കാർ ആശുപത്രികളിലൂടെ വിതരണം ചെയ്യും.

Read More: Highlights of Kerala Budget 2017: ജനക്ഷേമ ബജറ്റിൽ സാമൂഹിക സുരക്ഷ, കിഫ്ബി ‘പാക്കേജുകൾ’

കേരളത്തിലെ സ്കൂളുകളിൽ ഹൈസ്കൂൾ-ഹയർ സെക്കണ്ടറി ക്ലാസ്മുറികളിൽ 45000 എണ്ണം ഹൈടെക് ആക്കി മാറ്റാനുള്ള പദ്ധതിയാണ് വിദ്യാഭ്യാസ രംഗത്ത് പ്രഖ്യാപിച്ചത്. ഇതോടൊപ്പം സ്വാശ്രയ സ്കൂളുകളല്ല വിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് സർക്കാർ ആശ്രയിക്കാൻ  പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പൊതുജനപങ്കാളിത്തതോടെ നവീകരിക്കാനുള്ള ശ്രമമാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്.

ഇതിനായി അദ്ധ്യാപക രക്ഷാകർതൃ സമിതികൾ, അദ്ധ്യാപകർ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ, വൻകിട കന്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടുകൾ എന്നിവ സംയോജിപ്പിക്കാനുള്ള നീക്കം മുൻവർഷത്തിന് സമാനമായി ഇക്കുറിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം പൂർത്തീകരിച്ചാൽ വിദ്യാലയങ്ങളിലെ ലാബുകൾ നവീകരിക്കും. അപ്പർ പ്രൈമറി, ലോവർ പ്രൈമറി സ്കൂളുകളുടെയും നവീകരണത്തിന് സംസ്ഥാന സർക്കാർ 500 കോടി മാറ്റി വച്ചിട്ടുണ്ട്.

Read More : Kerala budget 2017: കെഎസ്ആർടിസിയെ ഈ സാമ്പത്തിക വർഷം ലാഭത്തിലാക്കണം:​ തോമസ് ഐസക്

കാർഷിക രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ നെല്ല് സംഭരണത്തിന് 700 കോടിയാണ് അനുവദിച്ചത്. വിപണിയിൽ ഫലപ്രദമായി ഇടപെടാൻ സിവിൽ സപ്ലൈസ് 200 കോടി, കൺസ്യൂമർ ഫെഡിന് 150 കോടി ഹോർട്ടികോർപ്പിന് 30 കോടി അനുവദിച്ചിട്ടുണ്ട്. റേഷൻ സബ്സിഡിക്ക് 900 കോടിയാണ് അനുവദിച്ചിട്ടുള്ളത്.

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ