തിരുവനന്തപുരം: ഡിജിറ്റൽ ഇന്ത്യയെന്ന കേന്ദ്ര സർക്കാരിന്റെ പരിശ്രമത്തോട് ചേർന്നാണ് സംസ്ഥാന ബജറ്റിലെ ചില പ്രഖ്യാപനങ്ങളും ഉള്ളത്. കേരളത്തിൽ നിലവിലെ സർക്കാർ സേവനങ്ങളെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്നതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
2017-18 സാന്പത്തിക വർഷത്തിൽ ഈ പദ്ധതിക്കുള്ള തുടക്കമാകും. പരമാവധി സേവനങ്ങൾ കംപ്യൂട്ടർ വത്കരിക്കാനും ഇന്റർനെറ്റ് അധിഷ്ഠിത ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം സൗജന്യമായി ലഭിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റുള്ളവർക്കും കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കും.
ഇന്റർനെറ്റ് വ്യാപനത്തിനായി കെഫോൺ എന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി 1000 കോടി രൂപയാണ് സംസ്ഥാന സർക്കാർ വരുന്ന സാന്പത്തിക വർഷത്തിലേക്കായി മാറ്റി വച്ചിരിക്കുന്നത്. കേരളത്തെ ഐടി- ഹാർഡ്‌വെയർ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയാണ് മറ്റൊന്ന്. ഇതിനായി സംസ്ഥാനത്ത് 12 ഹാർഡ്‌വെയർ പാർക്കുകൾ സ്ഥാപിക്കും.
ഇൻഫോപാർക്ക്, ടെക്നോപാർക്ക് എന്നീ ഐ.ടി കേന്ദ്രങ്ങളിലാണ് സർക്കാർ വരും വർഷങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നത്. 2025 ഓടെ ഇവിടങ്ങളിൽ യഥാക്രമം ഒരു ലക്ഷം, 75000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ മറ്റ് ഐടി പാർക്കുകൾക്ക് തുക മാറ്റിവച്ചിട്ടുണ്ട്.