തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. പ്രളയവും നിപയും കേരള ടൂറിസത്തെ തളർത്തിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 വർഷത്തിനിടെ ടൂറിസം മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് 2019 ലേത്.
2019 ൽ മാത്രം 1.96 കോടി ആഭ്യന്തര, വിദേശ സഞ്ചാരികളാണ് കേരളത്തിന്റെ ഭംഗി ആസ്വദിക്കാൻ എത്തിയത്. 2018 ൽ ഇത് 1.67 കോടിയായിരുന്നു. ഇതിൽ തന്നെ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധനവ് ഉണ്ട്. തുടർച്ചയായുണ്ടായ പ്രളയത്തിൽ നിന്നു കേരളത്തിന്റെ വിനോദ സഞ്ചാര മേഖല കരകയറിയതിന്റെ ലക്ഷണമാണ് ഇപ്പാേൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ. വിനോദ സഞ്ചാര മേഖലയ്ക്ക് ഇപ്പോഴത്തെ സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
Read Also: ബിഗ് ബോസ് അവസാന റൗണ്ടിലെത്തുന്ന മത്സരാര്ത്ഥികള് ഇവരായിരിക്കും: ആര് ജെ സൂരജ് പറയുന്നു
2018 നേക്കാൾ 17.20 ശതമാനം കൂടുതൽ സഞ്ചാരികളാണ് ഇത്തവണ കേരളത്തിലെത്തിയത്. 1.83 കോടി ആഭ്യന്തര സഞ്ചാരികളും 11.89 ലക്ഷം വിദേശ സഞ്ചാരികളുമാണ് ഇത്തവണ ദെെവത്തിന്റെ സ്വന്തം നാട്ടിലെത്തിയത്. കഴിഞ്ഞ വർഷം ഇതു യഥാക്രമം 1.56 കോടിയും 10.96 ലക്ഷവുമായിരുന്നു. ടൂറിസത്തിൽ നിന്നു 2019 ൽ കേരളത്തിനു ലഭിച്ച വരുമാനം 45,010.69 കോടിയാണ്.
“ടൂറിസം മേഖലയിൽ 1996 നു ശേഷമുള്ള ഏറ്റവും ഉയർന്നാ വളർച്ചാ നിരക്കാണിത്. പ്രളയത്തിനു ശേഷം അതിശക്തമായി തന്നെ ടൂറിസം മേഖലയിൽ കേരളം തിരിച്ചുവന്നിരിക്കുന്നു. ടൂറിസം രംഗത്തെ വളർച്ച നിലനിർത്താൻ പരിശ്രമിക്കും” ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പതിനാല് ജില്ലകളിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിച്ചത് എറണാകുളമാണ് (45,82,366). അതിനു പിന്നാലെ യഥാക്രമം തിരുവനന്തപുരം (33,48,618), തൃശൂർ (25,99,248), ഇടുക്കി (18,95,422) എന്നീ ജില്ലകളാണ്.
അതേസമയം, കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താനാണ് സാധ്യത.