കൊച്ചി: മലിനജലത്തില്‍നിന്ന് കോവിഡ്-19 വൈറസ് സാന്നിധ്യം കണ്ടെത്തുന്ന നിര്‍ണായക പരിശോധനാ മാതൃക വികസിപ്പിച്ച് മലയാളി ശാസ്ത്രജ്ഞന്‍. മൈക്രോ ബയോളജിസ്റ്റായ സുധി പയ്യപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം ഓസ്‌ട്രേലിയയില്‍ നടത്തുന്നത് സമാനതകളില്ലാത്ത മുന്നേറ്റം. ന്യൂ സൗത്ത് വെയില്‍സ് (എന്‍എസ്ഡബ്ല്യു) സംസ്ഥാനത്തുടനീളമുള്ള സംസ്‌കരണ പ്ലാന്റുകളില്‍നിന്ന് ശേഖരിച്ച മലിനജലത്തിന്റെ ഡസന്‍ കണക്കിനു സാമ്പിളുകളില്‍നിന്നാണ് ഈ സംഘം കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
സിഡ്‌നിയില്‍ സ്ഥിരതാമസമാക്കിയ തൃശൂര്‍ സ്വദേശിയായ സുധിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ചെയ്യുന്നത് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ജോലിയല്ല, പക്ഷേ ഈ സംഘം ദിവസേന കണ്ടെത്തുന്ന വൈറസിനെ നിര്‍മാര്‍ജനം ചെയ്യാന്‍ ഓസ്ട്രേലിയയിലെ ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നു. സുധി വികസിപ്പിച്ച പരിശോധനാ രീതി, സാര്‍സ് കോവ്-2 സാന്നിധ്യവും മറഞ്ഞിരിക്കുന്ന കോവിഡ് കേസുകള്‍ കണ്ടെത്തുന്നതിനുമായി കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്ട്രേലിയയില്‍ ഉടനീളം സ്വീകരിച്ചു.
കൊറോണ വൈറസ് ബാധിച്ച ഒരാള്‍ തന്റെ വിസര്‍ജ്യം വഴി മൂന്ന്-നാല് ദിവസത്തിനുള്ളില്‍ വൈറസുകളെ പുറന്തള്ളാന്‍ തുടങ്ങുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ രീതിശാസ്ത്രം സ്ഥാപിക്കപ്പെട്ടത്. ചുമ, തുമ്മല്‍, പല്ല് തേയ്ക്കല്‍ എന്നിവ വഴിയും വൈറസ് പുറന്തള്ളപ്പെടാം. അങ്ങനെ വൈറസ് സാന്നിധ്യം ടോയ്‌ലെറ്റുകളിലൂടെയും അഴുക്കുചാലുകളിലൂടെയും സഞ്ചരിച്ച് മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ എത്തുന്നു. ഇവിടെനിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കു വിധേയമാക്കുന്നതിലൂടെ, ആളുകളില്‍ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് തന്നെ സമൂഹത്തില്‍ അണുബാധയുടെ സാന്നിധ്യം കണ്ടെത്താന്‍ പ്രാദേശിക ആരോഗ്യ സംവിധാനങ്ങളെ സഹായിക്കുന്നു.
”ഈ രീതിയുടെ സംവേദനക്ഷമത എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. 20,000-30,000 ജനസംഖ്യയുള്ള സ്ഥലത്ത് ഒരു വ്യക്തി വൈറസ് വിതറുകയാണെങ്കില്‍, ഞങ്ങള്‍ക്കത് മാലിന്യസംസ്‌കരണ പ്ലാന്റിൽനിന്ന് കണ്ടെത്താന്‍ കഴിയും. നിരവധി ആളുകളെ നിരീക്ഷിക്കുന്നതിനു തുല്യമാണിത്. ഇത് അണുബാധ പടരുന്നത് ചെറുക്കാന്‍ സഹായിച്ചിട്ടുണ്ട്,” അന്‍പതുകാരനായ സുധി പറഞ്ഞു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ‘സിഡ്‌നി വാട്ടറി’ല്‍ ടെക്‌നിക്കല്‍ സ്‌പെഷലിസ്റ്റായി 20 വര്‍ഷമായി ജോലി ചെയ്യുകയാണ് അദ്ദേഹം.
”സാമ്പിളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയാല്‍, ഫലം ഉടന്‍ തന്നെ ഞങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍കും. ഒരു നിശ്ചിത സ്ഥലത്ത് സാര്‍സ് കോവ്-2ന്റെ സാന്നിധ്യം കണ്ടെത്തിയതായി അവര്‍ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. അതിനര്‍ത്ഥം വൈറസ് സമൂഹത്തില്‍ നിലവിലുണ്ട് എന്നതാണ്. ആ പ്രദേശത്തുള്ള ആളുകളോട് കോവിഡിന്റെ നേരിയ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും പരിശോധിക്കാന്‍ ആവശ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ ആരെങ്കിലും രോഗബാധിതനാണോയെന്ന് രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ അധികൃതര്‍ക്കു പറയാന്‍ കഴിയുമെന്നതാണ് മലിനജല പരിശോധനയുടെ ഏറ്റവും വലിയ ഗുണം.
”നിങ്ങള്‍ക്ക് വൈറസ് ബാധയുണ്ടായിക്കഴിഞ്ഞാല്‍ ആറ്-ഏഴ് ദിവസത്തിനുള്ളിൽ മാത്രമേ രോഗലക്ഷണങ്ങള്‍ കാണിക്കൂ. എന്നാല്‍ നിങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ വൈറസ് പുറന്തള്ളാന്‍ തുടങ്ങും. അണുബാധയുടെ വ്യാപനം തടയാന്‍ ഇത് ധാരാളം സമയം നല്‍കുന്നു. സമൂഹത്തില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ എണ്ണം കൂടുന്നുണ്ടോ, കുറയുന്നുണ്ടോ അല്ലെങ്കില്‍ സ്ഥിരത കൈവരിക്കുന്നുണ്ടോയെന്ന് നമുക്ക് മലിനജല പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. വൈറസ് വാഹകരാകാന്‍ സാധ്യതയുള്ള ലക്ഷണങ്ങളില്ലാത്ത കേസുകളുണ്ടാകാം,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി കോവിഡ് കേസ് ജനുവരി 30 ന് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആകസ്മികമെന്നോണം സുധി കേരളത്തിലുണ്ടായിരുന്നു. ഫെബ്രുവരിയില്‍, ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയശേഷം, മലിനജല സംവിധാനത്തിലെ കോവിഡ് സാന്നിധ്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ രണ്ട് പതിറ്റാണ്ടായി മോളിക്യുലര്‍ ബയോളജി മേഖലയില്‍ ഗവേഷണം നടത്തുന്ന അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു.
”ഞങ്ങള്‍ക്ക് ഇവിടെ വാട്ടര്‍ റിസര്‍ച്ച് ഓസ്ട്രേലിയ (ഡബ്ല്യുആര്‍എ) എന്ന പേരില്‍ ഒരു സംഘടനയുണ്ട്. സാര്‍സ്-കോവ്-2 സാന്നിധ്യം കണ്ടെത്തുന്നതിനായി ‘മലിനജല നിരീക്ഷണത്തിന് സഹകരണം’ എന്ന പേരില്‍ ഡബ്ല്യുആര്‍എ ഒരു ഗവേഷണ പരിപാടി തുടങ്ങി. ഞാന്‍ ഗവേഷണ പരിപാടിയുടെ ഭാഗമാണ്. വൈറസ് സാന്നിധ്യം ഞാന്‍ നേരത്തെ കണ്ടെത്തിയപ്പോള്‍ വിവരങ്ങള്‍ പങ്കാളികള്‍ക്കു കൈമാറി. അവര്‍ ഇപ്പോള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന എന്റെ രീതി സ്വീകരിച്ചു,” സുധി പറഞ്ഞു.
കോവിഡ് -19 ന്റെ ജനിതക മാര്‍ക്കറുകള്‍ സാമ്പിളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നത് അവിശ്വസനീയമാംവിധം സങ്കീര്‍ണവും വളരെ കഠിനവുമാണെന്നു സുധി പയ്യപ്പാട്ട് പറയുന്നു. ചെറിയ കുപ്പികളിൽ ശേഖരിച്ച സാമ്പിളുകള്‍ ശീതീകരിച്ച സാഹചര്യങ്ങളില്‍ താപനില പത്ത് ഡിഗ്രിയില്‍ കൂടാത്ത ലാബിലേക്കു കൊണ്ടുപോകുന്നു. തുടര്‍ന്ന് സങ്കീർണമായ മൂന്ന് ഘട്ട വിശകലനത്തിലൂടെ കടന്നുപോകുകയും വൈറസ് ന്യൂക്ലിക് ആസിഡ് വേര്‍തിരിച്ചെടുക്കുകയും ഒടുവില്‍ ക്യുപിസിആര്‍ വഴി കണ്ടെത്തുകയും ചെയ്യുന്നു. ഇത്തരം ദിവസങ്ങളില്‍ സുധിയുടെ നേതൃത്വത്തിലുള്ള സംഘം ആഴ്ചയില്‍ 150 ഓളം സാമ്പിളുകള്‍ പരിശോധിക്കുന്നു.
”മറ്റ് രാജ്യങ്ങളെപ്പോലെ ഓസ്ട്രേലിയയില്‍ ധാരാളം കേസുകള്‍ ഇല്ലാത്തതിനാല്‍, ഒരു വെല്ലുവിളിയെന്നത് ശുദ്ധീകരണ പ്ലാന്റിലേക്ക് മലിനജലം വരുമ്പോള്‍ വലിയ തോതില്‍ വെള്ളം ചേര്‍ക്കല്‍ ഉണ്ടാവുന്നതാണ്. ഇതുവഴി വൈറസ് തോതും കുറയുന്നു. അതിനാല്‍ വളരെ കുറഞ്ഞ സംഖ്യകള്‍ എടുക്കുന്ന സംവേദന രീതി ഞങ്ങള്‍ക്ക് ആവശ്യമാണ്. രണ്ടാമത്തെ വെല്ലുവിളി മലിനജലമെന്നത് കഠിനവും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ്. ഇതില്‍ വ്യാവസായിക മാലിന്യങ്ങളും രാസ സംയുക്തങ്ങളും അടങ്ങിയിരിക്കാം. അത് വൈറസ് കണ്ടെത്തുന്നതിനെ തടസപ്പെടുത്തുന്നു. അത് സാമ്പിളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നത് ശ്രമകരമാണ്,” സുധി പറഞ്ഞു.
സുധി പയ്യപ്പാട്ടിന്റെ പരിശോധനാ രീതി ന്യൂ സൗത്ത് വെയില്‍സിൽ വിജയം കണ്ടതോടെ ഓസ്ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തായ്‌ലൻഡിലെ കോവിഡ് മലിന ജല സംസ്കരണത്തിനായി ഒരു നിരീക്ഷണ രീതി ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.