കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിളളയുടെ വിവാദ പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505 (1) (b) വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇക്കാര്യം കോഴിക്കോട് കസബ പൊലീസ് സ്ഥിരീകരിച്ചു.

സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാനും ജനങ്ങളെ ഭീഷണിപ്പെടുത്തും വിധം പ്രസംഗിച്ചതിനുമാണ് കേസ്. ശബരിമല ക്ഷേത്ര നട അടയ്ക്കാൻ തന്ത്രിക്ക് ധൈര്യം നൽകിയത് താനാണെന്നടക്കം വിവാദമായ പ്രസ്താവനകളാണ് കോഴിക്കോട് ശ്രീധരൻ പിളള നടത്തിയത്. യുവമോർച്ചയുടെ സംസ്ഥാന നേതൃ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ശബരിമല പ്രശ്നം നമുക്കൊരു സുവർണ്ണാവസരമാണെന്നും, നമ്മൾ മുന്നോട്ടു വച്ച അജണ്ടയിൽ ഓരോരുത്തരായി വീണുവെന്നും പി.എസ്.ശ്രീധരൻ പിളള പറയുന്ന ശബ്ദരേഖയാണ് വിവാദത്തിന് തിരികൊളുത്തിയത്. സംഭവം വിവാദമായതോടെ ബിജെപി പ്രസിഡന്റ് തന്റെ പ്രസംഗത്തിന് ന്യായീകരണവുമായി രംഗത്തെത്തുകയും പ്രസംഗം പുറത്തുവിട്ടതിന് മാധ്യമങ്ങളെ പഴിപറയുകയും ചെയ്തിരുന്നു.

“അജണ്ട സെറ്റ് ചെയ്യാൻ കഴിയുന്നവരാണ് രാഷ്ട്രീയത്തിനകത്ത് ദൂരക്കാഴ്ചയോടെ നോക്കുമ്പോൾ വിജയിക്കുന്നതെന്ന് കരുതുന്ന ഒരാളാണ് താൻ. ശബരിമല ഒരു സമസ്യയാണ്. അതെങ്ങിനെ പൂരിപ്പിക്കുമെന്ന് ചോദിച്ചാൽ, നമുക്കതൊരു വര വരച്ച് അതിലൂടെ കൊണ്ടുപോകാൻ സാധിക്കില്ല. നമ്മളൊരു അജണ്ട മുന്നോട്ട് വച്ചു, ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട്, ഇന്നത് അവസാനിക്കുമ്പോൾ അവശേഷിക്കുന്നത് നമ്മളും നമ്മളുടെ എതിരാളികളായ ഭരണകൂടവുമാണ് എന്ന് ഞാൻ കരുതുകയാണ്.”

“ഈ കഴിഞ്ഞ മലയാള മാസം ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയുളള സമരം ഏതാണ്ട് ബിജെപിയാണ് അത് പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്. ശ്രീജിത്ത് രണ്ട് സ്ത്രീകളെയും കൊണ്ട് പോയപ്പോൾ യുവമോർച്ചയുടെ ഒരു ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അവരെ തടയാൻ സാധിച്ചത് എന്ന വസ്തുത നമുക്കറിയാം. പക്ഷെ അതിന് ശേഷം അതങ്ങിനെയല്ലാത്ത സാഹചര്യം ഉണ്ടായി. അതിനകത്ത് നമുക്കെന്തെങ്കിലും കോട്ടമുണ്ടായതായി ഞാൻ കരുതുന്നില്ല.” ശ്രീധരൻ പിളള പ്രസംഗത്തിൽ പറഞ്ഞു.

“എതിരാളികൾ നമ്മുടെ സമരത്തെ വഴിതെറ്റിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഓരോ സമരത്തിനും അതിന്റേതായ പരിമിതികളുണ്ടാക്കും. അതുകൊണ്ട് താത്കാലിക നേട്ടമല്ല. പത്ത് വയസിനും അമ്പത് വയസിനും ഇടയിലുളള സ്ത്രീകളെ കൊണ്ടുപോകാതിരിക്കാൻ പരമാവധി ശ്രമിക്കണം. ഇത് നമ്മളെ സംബന്ധിച്ച് ഒരു യുദ്ധമല്ല. ഇതൊരു ലോങ് സ്റ്റാന്റിങ് ഫൈറ്റാണ്. തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം എന്നെ സംബന്ധിച്ച് ബിജെപിയോടാണ്. അന്ന് സ്ത്രീകളവിടെ അടുത്തെത്തിയ അവസരത്തിൽ തന്ത്രി മറ്റൊരു ഫോണിൽ നിന്ന് വിളിച്ച് എന്നോട് സംസാരിച്ചപ്പോൾ ഞാനദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. എന്തോ അറംപറ്റിയത് പോലെ ആ വാക്ക് ശരിയാവുകയും ചെയ്തു.”

“അദ്ദേഹം അൽപ്പം അസ്വസ്ഥനായിരുന്നു. ഇത് പൂട്ടിയിട്ടാൽ കോടതി വിധിയുടെ ലംഘനമാവില്ലേ? കോടതിയലക്ഷ്യമാവില്ലേ? പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. അദ്ദേഹം അപ്പോൾ വിളിച്ച കൂട്ടത്തിലൊരാൾ ഞാനായിരുന്നു. എന്നെ വിളിച്ച അവസരത്തിൽ ഞാൻ പറഞ്ഞു, തിരുമേനീ, തിരുമേനി ഒറ്റയ്ക്കല്ല. ഇത് ഒറ്റ ദിവസം കൊണ്ട് നിൽക്കില്ല. കോടതിയലക്ഷ്യത്തിന് കേസെടുക്കുന്നെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുണ്ടാവും കൂട്ടത്തിൽ. തിരുമേനി ഒറ്റയ്ക്കല്ലെന്ന് പറഞ്ഞപ്പോൾ രാജീവര് എനിക്ക് സാറ് പറഞ്ഞ ഒറ്റ വാക്കുമതി എന്ന് പറയുകയുണ്ടായി. അന്നദ്ദേഹത്തിന്റെ ആ നീക്കമാണ് സർക്കാരിനെയും പൊലീസിനെയും സമ്മർദ്ദത്തിലാക്കിയത്. ഇന്നും അദ്ദേഹം അത് തന്നെ ചെയ്യുമെന്ന് ഞാൻ കരുതുന്നു.” എന്നീ നിലയിലാണ് പ്രസംഗം മുന്നേറുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.