തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ വധിച്ച സംഭവം മാപ്പർഹിക്കാത്ത മഹാപാതകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിർത്ത് പ്രതീകാത്മക വധം ആഘോഷിച്ച ഹിന്ദു മഹാസഭയുടെ പ്രവർത്തിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അപലപിച്ചു.

ഇന്നും എന്നും രാഷ്ട്രം കണ്ണീരോടെ ഓർക്കുന്നതാണ് ഗാന്ധിവധമെന്നും, ഇത് ഒരുവിഭാഗം സാമൂഹ്യവിരുദ്ധർ അലിഗഡില്‍ ആഘോഷമാക്കിയത് ആരെയും ഞെട്ടിപ്പിക്കുന്നതാണെന്നും പത്രക്കുറിപ്പിൽ ശ്രീധരൻ പിളള പറഞ്ഞു.

“ഗാന്ധിജിയുടെ ദർശനങ്ങളും ചിന്തകളും എക്കാലവും ഭാരതീയർക്ക് മാർഗ നിർദ്ദേശകവും ആയിരിക്കും. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഗാന്ധിജിയുടെ സംഭാവനകളെ രാജ്യം മുഴുവൻ എക്കാലവും പ്രകീർത്തിക്കും. ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷമാക്കി മാറ്റാനുള്ള കപടഹിന്ദുത്വവാദികളുടെ പ്രവർത്തനങ്ങൾ ദേശീയ ശക്തികളെ ദുർബലപ്പെടുത്താനും കരി തേച്ച് കാണിക്കാനും മാത്രമേ സഹായിക്കൂ,” പത്രക്കുറിപ്പിൽ പറയുന്നു.

ഗാന്ധിവധം ആഘോഷിക്കുന്നവർ വികലമായ മനസിന്റെയും മസ്‌തിഷ്‌കത്തിന്റെയും ഉടമകളാണ്. ഒരിക്കലും മാപ്പർഹിക്കാത്ത മഹാപാതകമായിരുന്നു മഹാത്മജിയുടെ വധമെന്നും ബിജെപി അദ്ധ്യക്ഷന്റെ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

അലിഗഡിൽ മഹാത്മാ ഗാന്ധിയുടെ കോലത്തിൽ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയും അനുയായികളുമാണ് വെടിയുതിർത്തത്. കോലത്തിൽ നിന്ന് ചുവന്ന ദ്രാവകം ഒഴുകുന്നതും വീഡിയോയിൽ പകർത്തി. പിന്നീട് ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയ്ക്ക് അനുകൂലിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ഇവർ പിന്നീട് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ പിടിയിലായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.