കൊച്ചി : ബിഷപ്പിനെ വില്ലനായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദർശന അനുമതി നൽകിയിട്ടുണ്ടോ എന്നറിയിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജിയിലാണ് ഇടപെടൽ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ചിത്രത്തിന്റ നിർമ്മാതാവും സംവിധായകനുമായ ആന്റോ ഇലഞ്ഞിക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസയച്ചു.
ജസ്റ്റീസ് ഷാജി പി ചാലിയാണ് ഹർജി പരിഗണിച്ചത് .പാലക്കാട് ഷോളയൂർ സ്വദേശി പി ജി ജോൺ നൽകിയ ഹർജിയിലാണ് നടപടി. ” ദ് ഷാഡോ ഓഫ് ആൻ ഏയ്ഞ്ചൽ ആന്റ് ഷെപ്പേഡ് ” എന്ന സിനിമ ക്രിസ്തുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണന്നും പ്രദർശനം തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസ് ഈ മാസം 17 ന് കോടതി വീണ്ടും പരിഗണിക്കും.
സിനിമയുടെ നിർമാതാവും സംവിധായകനുമായ ആന്റോ ഇലഞ്ഞി ,കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സെൻസർ ബോർഡുകൾ ,സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി . സിനിമ പൊതു സദാചാര ബോധത്തിൻമേലുള്ള കടന്നുകയറ്റമാണന്നും ചിത്രം വിശ്വാസികളിൽ നിരാശയും രോഷവും ഉണ്ടാക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സിനിമ ആദ്യമാണന്നും തിരുവസ്ത്രം ധരിച്ച പുരോഹിതൻ കന്യാസ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ സിനിമയിൽ ഉണ്ടന്നുമാണ് ആരോപണം. കന്യാസ്ത്രീ പീഡകനായ ഒരു ബിഷപ്പിനെതിരെ കേരളത്തിൽ ക്രിമിനൽ കേസുണ്ടെന്നും
സിനിമയുടെ പ്രമേയം തെറ്റായ സൂചനയാണ് നൽകുന്നതെന്നും ഹർജിയിൽ പറയുന്നു.