മലപ്പുറം: അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട നൽകി നാട്. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്ക് പാണക്കാട് ജുമാ മസ്‌ജിദിൽ ഖബറടക്കം നടന്നു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഖബറടക്കം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് പുലർച്ചെ തന്നെ ഖബറടക്കം നടത്തുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു കബറടക്കം. പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഖബർസ്ഥാനോട് ചേർന്നാണ് ഖബറിടം ഒരുക്കിയത്.
വൻ ജനാവലിയാണ് തങ്ങൾക്ക് അതിമോപചാരമർപ്പിക്കാൻ എത്തിയത്. മലപ്പുറം ടൗൺ ഹാളിൽ ആയിരങ്ങളാണ് പ്രിയപ്പെട്ട തങ്ങളെ ഒരു നോക്ക് കാണാൻ എത്തിയത്. തിരക്ക് അനിയന്ത്രിതമായതോടെ പൊതുദർശനം നിർത്തി മൃതദേഹം പാണക്കാട് തറവാട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് ഖബറടക്കുകയിരുന്നു. നാല് മണിയോടെ പ്രാർത്ഥന ചടങ്ങുകളും പൂർത്തിയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, എ.കെ ശശീന്ദ്രൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അർപ്പിച്ചു.
Also Read: കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം; പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ ഇനി ഓർമ