Kerala Bhagyamithra Monthly Lottery: തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യുടെ ആദ്യ ടിക്കറ്റ് പ്രകാശനം കേരളപ്പിറവി ദിനത്തിൽ ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് നിർവ്വഹിച്ചു. ‘ഭാഗ്യമിത്ര’യുടെ ആദ്യ ടിക്കറ്റ് പ്രകാശനത്തിനൊപ്പം തന്നെ ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സോഫ്റ്റ്‌വെയർ, വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. ആദ്യഘട്ടത്തിൽ 24 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. പരമാവധി 72 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും. ‘ഭാഗ്യമിത്ര’യുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ ആറിന് മൂന്നു മണിയ്ക്ക് നടക്കും.

ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.

Read more: ഇനി എല്ലാ മാസവും കോടിപതികൾ; കേരളപ്പിറവിയ്ക്ക് ഭാഗ്യമിത്ര ടിക്കറ്റുമായി ലോട്ടറി വകുപ്പ്

ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ  പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടർന്ന് വൻ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.

ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന പൗർണമി ടിക്കറ്റിന്റെ വിൽപ്പന ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണ്.  പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിശദാംശങ്ങൾ അറിയുവാൻ ഭാഗ്യകേരളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.