തിരുവനന്തപുരം: നിതി ആയോഗിന്റെ നാലാമത് ദേശീയാരോഗ്യ സൂചികയിൽ വലിയ സംസ്ഥാനങ്ങളിലെ മൊത്തത്തിലുള്ള ആരോഗ്യരംഗത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കേരളം വീണ്ടും ഒന്നമതായി. ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ. 2019-20 വരെയുള്ള കാലഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നാലാമത് ദേശീയാരോഗ്യ സൂചിക തയ്യാറാക്കിയിരിക്കുന്നത്.
തമിഴ്നാടും തെലങ്കാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങൾ ബിഹാറും മധ്യപ്രദേശുമാണ്. 2018-19ൽ നിന്ന് 2019-20 വർഷത്തിൽ ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കിയ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്തായി.
ചെറിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് മിസോറമാണ്, അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളിൽ മൊത്തത്തിലുള്ള പ്രകടനത്തിന്റെകാര്യത്തിൽ ഏറ്റവും ഏറ്റവും പിന്നിലായിപ്പോയ ഡൽഹിയും ജമ്മു കശ്മീരും പ്രകടനം മെച്ചപ്പെടുത്തിയ പട്ടികയിൽ ഒന്നാമതായി.
Also Read: നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല: പിണറായി വിജയൻ
തുടർച്ചയായ നാലാം തവണയാണ് കേരളം ഒന്നാമതാകുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ ഫലങ്ങളിലെ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചിക.
ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആരോഗ്യ സൂചികയ്ക്ക് പുറമെ രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമായും കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പേർക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകിയ സംസ്ഥാനമായും രാജ്യത്തെ മികച്ച നഗരങ്ങളുള്ള സംസ്ഥാനമായും കേരളത്തെ നീതി ആയോഗ് തിരഞ്ഞെടുത്തിരുന്നു.
സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയിലും മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്.