കുന്നുകര: മഹാപ്രളയത്തില്‍ പ്രധാന രേഖകളും മറ്റു സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഇതിന്റെ പുതിയ കോപ്പികള്‍ നല്‍കാന്‍ കേരള സര്‍ക്കാരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റും കൈ കോര്‍ക്കുന്നു. വീടിന്റെ ആധാരം, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പുതിയ കോപ്പികളാണ് നല്‍കുക.

എറണാകുളം ജില്ലയിലെ പ്രളയം ഏറ്റവുമധികം ബാധിച്ച കുന്നുകര വില്ലേജിലെ പഞ്ചായത്ത് ഓഫീസില്‍ ഇതിനായി അദാലത്ത് സംഘടിപ്പിച്ചു. പ്രാരംഭഘട്ട നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ പ്രതിനിധികളും ഐഐഐടിഎമ്മില്‍ നിന്നുള്ളവരും അക്ഷയ സെന്ററുകളും ചേര്‍ന്നാണ് ആളുകളുടെ പരാതികള്‍ സ്വീകരിക്കാന്‍ അദാലത്ത് നടത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ അമ്പതോളം ആളുകളാണ് അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

‘ഈ അദാലത്തുകളിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ കോപ്പികള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഐഐഐടിഎം വികസിപ്പിച്ച പുതിയ സോഫ്‌റ്റ്‌വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്. പേര്, ജനന തീയതി, പിന്‍കോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റ സെര്‍ച്ചില്‍ തന്നെ ആ പേരിലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. തുടര്‍ന്നുള്ള വെരിഫിക്കേഷനായി അതാതു ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഇത് അയയ്ക്കുകയും അവിടെനിന്ന് രേഖകളുടെ കോപ്പി കൈമാറുകയും ചെയ്യും,’ കേരള ഐടി മിഷന്‍ ഇംപ്ലിമെന്റേഷന്‍ മാനേജര്‍ രഞ്ജിത് വപ്പല പറയുന്നു.

‘നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കാന്‍ ആളുകള്‍ക്ക് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഇതുവഴി ഒഴിവാക്കാം. ഒറ്റയിടത്തുതന്നെ എല്ലാം ലഭിക്കും. ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ലഭിക്കും,’ രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

പ്രാരംഭഘട്ടം കഴിഞ്ഞാല്‍ സംസ്ഥാനത്തെ മറ്റു താലൂക്കുകളിലേക്ക് ഇതു വ്യാപിപ്പിക്കുന്നതിനു മുമ്പായി എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കും. രേഖകള്‍ പരിശോധിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന ഘട്ടം. എങ്കിൽ മാത്രമേ നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കാൻ കഴിയൂ. അതിനാല്‍ ഇതിനായുള്ള പ്രവർത്തനങ്ങൾ സര്‍ക്കാര്‍ വേഗത്തില്‍ കൈകൊള്ളും.

2015ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഡിജിലോക്കര്‍ സിസ്റ്റം ഇതുമായി ബന്ധപ്പെടുത്തി നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് കേരള ഐടി മിഷന്റെ പദ്ധതി. ഡിജിലോക്കര്‍ വഴി ജനങ്ങള്‍ക്ക് തങ്ങളുടെ പ്രധാനപ്പെട്ട രേഖകള്‍ കൂടുതല്‍ സുരക്ഷിതമാക്കാം. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അതു ലഭ്യമാക്കാന്‍ ഡിജിലോക്കര്‍ സംവിധാനത്തിലൂടെ എല്ലാ സഹായങ്ങളും നല്‍കുമെന്ന് സിബിഎസ്ഇയും അറിയിച്ചിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കോ ഇലക്ട്രോണിക് ആധാര്‍ കാര്‍ഡ് തിരഞ്ഞെടുത്തിട്ടുള്ളവര്‍ക്കോ ഡിജിലോക്കര്‍ സംവിധാനം നല്‍കുമെന്നും അതുവഴി അവര്‍ക്ക് തങ്ങളുടെ പ്രധാനപ്പെട്ട രേഖകള്‍ കൂടുതല്‍ സുരക്ഷിതമാക്കാമെന്നും രഞ്ജിത് വ്യക്തമാക്കി. ഭാവിയില്‍ ഏതു തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ നടന്നാലും ഡിജിലോക്കര്‍ സംവിധാനം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അദാലത്തുകളില്‍ അക്ഷയ സെന്ററിലെ ഉദ്യോഗസ്ഥരുടെ സഹകരണവും തങ്ങള്‍ക്കുണ്ടെന്നും അല്ലാത്ത പക്ഷം ഇതൊന്നും സാധ്യമാകില്ലായിരുന്നുവെന്നും രഞ്ജിത് പറയുന്നു.

ഇത്തരം അദാലത്തുകള്‍ ജനങ്ങളെ നിയമപരവും സര്‍ക്കാര്‍ തരത്തിലുള്ളതുമായ ബുദ്ധിമുട്ടുകളില്‍ നിന്നും ഒഴിവാക്കി കൊടുക്കാന്‍ സഹായിക്കുന്നുവെന്നു കുന്നുകര പഞ്ചായത്ത് സെക്രട്ടറി ജെയ്ന്‍ വര്‍ഗീസ് പത്താടന്‍ വ്യക്തമാക്കി.

‘ഈ സൗകര്യങ്ങളെല്ലാം തീര്‍ത്തും സൗജന്യമായതിനാല്‍ ആളുകള്‍ക്ക് പണച്ചെലവില്ല. കുന്നുകര പഞ്ചായത്ത് അധികാരപരിധിയില്‍ 6800 വീടുകളുണ്ട്. ഇതില്‍ 500ഓളം വീടുകളെ മാത്രമേ പ്രളയം ബാധിക്കാത്തതായുള്ളൂ. ബാക്കിയുള്ള വീടുകളിലെല്ലാം പൂര്‍ണമായോ ഭാഗികമായോ വെള്ളം കയറിയതാണ്,’ പത്താടന്‍ പറഞ്ഞു.

‘ഗ്യാസിന്റെ ബില്ലടയ്ക്കാന്‍ വന്നപ്പോഴാണ് ഈ അദാലത്തിനെക്കുറിച്ച് ആളുകള്‍ പറഞ്ഞ് ഞാനറിഞ്ഞത്. എന്റെ വീടെല്ലാം മുഴുവനായും പ്രളയത്തില്‍ നശിച്ചു. ഞാന്‍ ഈ പ്രദേശവാസിയാണെന്ന് തെളിയിക്കാന്‍ മറ്റൊരു രേഖയുമില്ല. അതുകൊണ്ടാണ് ഇവിടെ വന്നത്. അവരെനിക്കൊരു ടോക്കൺ നമ്പര്‍ തന്നിട്ടുണ്ട്. വിളിക്കാന്‍ കാത്തിരിക്കുകയാണ്,’ തന്റെ ഊഴവും കാത്ത് അദാലത്തിനെത്തിയ 60കാരിയായ മേരി മാത്യു പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.