/indian-express-malayalam/media/media_files/uploads/2017/06/bank-1.jpg)
ഇക്കഴിഞ്ഞ ആഴ്ചയിലെ ഒരു പ്രവൃത്തി ദിവസം രാവിലെ 11 മണിക്ക് കൊച്ചി ദേശാഭിമാനി ജംഗ്ഷനിലെ എസ്ബിഐ ശാഖയിൽ ഉണ്ടായിരുന്നത് ആറിൽ താഴെ പേരാണ്. ഇതിൽ ഒരാൾ തന്റെ അക്കൗണ്ട് പാസ്ബുക്കിൽ ഇടപാടുകൾ രേഖപ്പെടുത്താനെത്തി. രണ്ട് പേർ ചെക്ക് കൈമാറ്റം ചെയ്യാനും ശേഷിച്ചവരിൽ ഒരാൾ മാത്രമാണ് പണം നിക്ഷേപിക്കാനുണ്ടായിരുന്നത്. ലയനം നടക്കുന്നതിന് മുൻപ് കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ എസ്ബിടി ശാഖകളിൽ ഒന്നായിരുന്നു ഇത്. തിരക്ക് കൊണ്ട് മാത്രം രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിച്ചിരുന്ന ബാങ്ക്. 20 ൽ കൂടുതൽ ഇടപാടുകാർ ഏത് സമയത്തും ഉണ്ടായിരുന്നിടത്ത് വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇവിടെ ഇപ്പോഴെത്തുന്നതെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരി വ്യക്തമാക്കി.
സ്റ്റേറ്റ് ബാങ്കുകൾ മാത്രമല്ല, എല്ലാ ബാങ്കുകളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ അത്ര സുഖമുള്ളതല്ല. ഏത് നിമിഷവും ഒരു സാമ്പത്തിക പ്രതിസന്ധി കടന്നുവരാനുള്ള എല്ലാ സാധ്യതയും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്താണ് കാര്യം? നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികളെല്ലാം മാറിക്കഴിഞ്ഞുവെന്ന് പറയുന്പോഴും എന്താണ് പ്രയാസം?
/indian-express-malayalam/media/media_files/uploads/2017/06/images.jpg)
യഥാർത്ഥ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതായാണ് ബാങ്ക് ജീവനക്കാർ പറയുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ ജനങ്ങൾക്ക് ബാങ്കുകളിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് അവർ വ്യക്മാക്കുന്നത്. ഇതുയർത്തിയ പ്രതിസന്ധികൾ ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്.
2000, 500, 100, 50, 10 തുടങ്ങി ഇന്ത്യയിൽ നിലവിലുള്ള കറൻസികൾ എങ്ങോട്ട് പോകുന്നുവെന്ന ചോദ്യമാണ് എല്ലാ ബാങ്കുകളിലും ജീവനക്കാർ പരസ്പരം ചോദിക്കുന്നത്. നോട്ടുകൾ പൂഴ്ത്തിവയ്ക്കുകയാണോയെന്ന ചോദ്യത്തിന് ചില സംശയങ്ങളാണ് ബാങ്ക് ജീവനക്കാരായ ചിലർ ഉന്നയിച്ചത്.
സഹകരണ ബാങ്കുകളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് സാക്ഷ്യപ്പെടുത്തിയത് കാസർകോട് സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. "പണം നിക്ഷേപിക്കാനെത്തുന്നവരുടെ എണ്ണം വളരെയധികം താഴേക്ക് പോയി. അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ വേഗത്തിൽ പിൻവലിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്" - ഇവിടെ ക്ലർക്കായി ജോലി ചെയ്യുന്ന ബി.വിജയകുമാർ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2017/06/vijayan-150x150.jpg) ബി.വിജയകുമാർ, കാസർകോട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ
 ബി.വിജയകുമാർ, കാസർകോട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻചെറുകിട-ഇടത്തരം കച്ചവടക്കാർ അംഗങ്ങളായ ബാങ്കിലെ പിഗ്മി ഇടപാടുകളിൽ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആളുകൾ വളരെ കുറച്ച് തുക മാത്രമാണ് നിക്ഷേപിക്കുന്നത്. "മുൻപ് ഒരു ദിവസത്തെ മുഴുവൻ വിറ്റുവരവും ബാങ്കിൽ നിക്ഷേപിച്ചിരുന്നവർ ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കുന്ന ശീലത്തിലേക്ക് മാറി." വിജയകുമാർ പറഞ്ഞു.
"നോട്ട് നിരോധനം നിലവിൽ വന്ന ശേഷം ചെറുകിട കച്ചവടക്കാർ നൽകുന്ന തുകയിൽ കുറവ് വന്നിട്ടുണ്ട്. ഇത് സാധാരണ നിലയിലേക്ക് ആയി വരുന്നുണ്ട്. ആകെ സ്ഥിതി അറിയില്ല. പക്ഷെ പണം അടയ്ക്കുന്നതിൽ ഏജന്റിനോടുള്ള വിശ്വാസവും വലിയ ഘടകമാണ്"പിഗ്മി ഏജന്റായ കാഞ്ഞങ്ങാട് സ്വദേശി എൻ.ഇന്ദിര പറഞ്ഞു.
കാസർകോട് ജില്ലയിലെ തന്നെ പിലിക്കോട് കേരള ഗ്രാമീൺ ബാങ്കിലെ മാനേജരായ ശ്യാമസുന്ദരം നിക്ഷേപത്തിൽ വന്ന വലിയ ഇടിവിനെ ശരിവച്ചു. "മുൻപത്തേത്തിൽ നിന്നും വളരെ കുറവാണ് ഇപ്പോഴത്തെ നിക്ഷേപം. ഏതാണ്ടെല്ലാവരുടെയും കയ്യിലെ പഴയ നോട്ടുകൾ മാറിയെടുത്തു. നോട്ട് നിരോധനത്തിന്റെ മുൻപ് വന്ന നിക്ഷേപത്തിന്റെ 30 ശതമാനം മാത്രമാണ് ഇപ്പോൾ നിക്ഷേപം വരുന്നത്." അദ്ദേഹം വ്യക്തമാക്കി.
കേരള ഗ്രാമീൺ ബാങ്കിൽ തന്നെ കണ്ണൂരിൽ മാനേജരായി ജോലി ചെയ്യുന്ന കെ.പി.രാമചന്ദ്രൻ ജനങ്ങൾക്ക് നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിൽ വിശ്വാസം കുറഞ്ഞെന്ന കാര്യം ശരിവച്ചു. "അതിന് ഡിജിറ്റലൈസേഷൻ മാത്രമല്ല കാരണം. സ്റ്റേറ്റ് ബാങ്കുകൾ ലയിച്ച ശേഷം ഉയർത്തിയ ചാർജ്ജ്, ഉയർന്ന സാമ്പത്തിക ഇടപാടുകൾ ബാങ്ക് വഴി മാത്രമേ നടത്താവൂ എന്ന നിബന്ധന, 2000 നോട്ടും പിൻവലിച്ചേക്കുമെന്ന പ്രചാരണം തുടങ്ങി കാരണങ്ങൾ പലതാണ്. 2000 നോട്ട് മാത്രമല്ല, വിപണിയിലുള്ള ഒറ്റ നോട്ടും ബാങ്കിലേക്ക് തിരികെ വരുന്നില്ലെന്നതാണ് സത്യം. അത് ജനങ്ങൾ സ്വന്തം കൈയ്യിൽ തന്നെ സൂക്ഷിച്ചുവയ്ക്കുകയാണ്." അദ്ദേഹം പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2017/06/rbi-759.jpg)
"നോട്ടുകൾ പൂഴ്ത്തിവയ്ക്കപ്പെടുന്നു"വെന്ന സംശയമാണ് പുതുതലമുറ ബാങ്കുകളായ യെസ് ബാങ്കിലെയും ആക്സിസ് ബാങ്കിലെയും രണ്ട് ജീവനക്കാർ സംശയിക്കുന്നത്. ഇവർ തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. കൊച്ചിയിലെ യെസ് ബാങ്കിലെ ജീവനക്കാരനും ആലപ്പുഴയിലെ ആക്സിസ് ബാങ്ക് ജീവനക്കാരനുമാണ് ഈ സംശയം ഉന്നയിച്ചത്.
എന്നാൽ നോട്ടുകൾ പൂഴ്ത്തിവയ്ക്കപ്പെടുകയല്ലെന്നാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) യുടെ മുൻ അഖിലേന്ത്യാ നേതാവ് എ.കെ.രമേഷ് പറഞ്ഞു. "കേന്ദ്രസർക്കാർ ഉദ്ദേശിച്ചത് പോലെയല്ല കാര്യങ്ങൾ നടപ്പിലായത്. യഥാർത്ഥത്തിൽ ആളുകളുടെ പണം അവരുടേതല്ലെന്ന തോന്നലാണ് ഇപ്പോഴുള്ളത്. ബാങ്കിൽ നിക്ഷേപിച്ചാൽ പണം നഷ്ടമാകുമെന്ന തോന്നൽ അവർക്കുണ്ട്. അതുണ്ടായത് ഡിജിറ്റലൈസേഷൻ മൂലമാണ്. ഇതിന് പിന്നാലെ എസ്ബിഐ ലയിച്ചു. അവരും പണം പിൻവലിക്കാനും നിക്ഷേപിക്കാനും ചെക്ക് ഉപയോഗിക്കുന്നതിനും എടിഎം ഉപയോഗിക്കുന്നതിനും എല്ലാം കാശ് ഈടാക്കി. അതുകൊണ്ടാണ് ആളുകൾ ബാങ്കുകളിൽ നിന്ന് അകന്നത്. അല്ലാതെ ഇത് പൂഴ്ത്തിവയ്പ്പല്ല." അദ്ദേഹം പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2017/06/AK-Ramesh-150x150.jpg) എ.കെ.രമേഷ്
 എ.കെ.രമേഷ്എറണാകുളത്ത് കലൂർ ചന്തയിൽ പച്ചക്കറി വ്യാപാരിയായ സലാം(പേര് യഥാർത്ഥമല്ല) പണം ഇപ്പോൾ തന്റെ കറന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാറില്ലെന്ന് പറഞ്ഞു. ഇദ്ദേഹത്തിന് എസ്ബിടി യിലായിരുന്നു അക്കൗണ്ട്. "ബാങ്കിലുള്ളത് അവിടെ തന്നെയുണ്ട്. പക്ഷെ ആയിരം രൂപ ഇട്ടാൽ നൂറ് രൂപ പിടിക്കുമെന്നാണ് കേൾക്കുന്നത്. ഇത്രയധികം പൈസ കൊണ്ട് കൊള്ളലാഭം അല്ലേ അവരുണ്ടാക്കുന്നത്. എനിക്ക് പച്ചക്കറി കച്ചവടമാണ്. പണം ഇടയ്ക്കിടയ്ക്ക് റോള് ചെയ്യണം. അപ്പോൾ പിന്നെ കൈയ്യിൽ വയ്ക്കുന്നത് തന്നെയാണ് നല്ലത്." അദ്ദേഹം പറഞ്ഞു.
ബെഫിയുടെ സംസ്ഥാന സമിതി അംഗവും കാനറ ബാങ്ക് ജീവനക്കാരനുമായ അനിലും ബാങ്കിൽ വരുന്ന പണത്തിൽ വലിയ കുറവുണ്ടെന്ന് വിശദീകരിച്ചു. "പണം നിക്ഷേപിക്കാൻ ആളുകൾ വരാറേയില്ല. ശമ്പളമൊക്കെ ബാങ്കിൽ വന്നാൽ വേഗത്തിൽ മൊത്തമായിട്ട് എടുക്കും. ഇതാണ് സ്ഥിതി. അധികം വൈകാതെ വീണ്ടുമൊരു പ്രതിസന്ധി ബാങ്കിംഗ് മേഖലയിൽ ഉടലെടുക്കും"അദ്ദേഹം പറഞ്ഞു.
ഇത് ശരിവയ്ക്കും വിധത്തിലാണ് ബേക്കൽ റിസോർട് ഡവലപ്മെന്റ് കോർപ്പറേഷൻ ജീവനക്കാരിയും കാസർകോട് നീലേശ്വരം സ്വദേശിനിയുമായ വിപിന എൻ പാലായി പ്രതികരിച്ചത്. "മുൻപ് ആവശ്യത്തിന് മാത്രമാണ് പണം എടുത്തിരുന്നത്. നോട്ട് നിരോധനം വന്നപ്പോൾ ശരിക്കും ബുദ്ധിമുട്ടി. ആ സമയത്ത് സിക്കിമിലേക്ക് വിനോദയാത്ര പോയിരുന്നു. കൊടുംതണുപ്പിൽ ക്യൂ നിന്നാണ് സിക്കിമിൽ വച്ച് പണം പിൻവലിച്ചത്. അതോട് കൂടി എടിഎമ്മിൽ പോകാനുള്ള ഇട വരുത്താറില്ല. ശമ്പളം അക്കൗണ്ടിൽ വന്നാൽ, അടുത്ത ദിവസം തന്നെ ചെക്കെടുത്ത് ബാങ്കിൽ ചെന്ന് ഒരു മാസത്തെ ചിലവിനുള്ള തുക പിൻവലിക്കും. കുറച്ച് തുക അക്കൗണ്ടിൽ ബാക്കി വയ്ക്കും. ഡെബിറ്റ് കാർഡുപയോഗിച്ചോ നെറ്റ് ബാങ്കിംഗ് വഴിയോ ചെയ്യാവുന്ന ഇടപാടുകൾക്ക് വേണ്ടി മാത്രമാണിത്."
"പതിനഞ്ച് ലക്ഷം കോടി നോട്ടുകൾ വിപണിയിലുണ്ടായിരുന്നു. ഇതിന്റെ 60 ശതമാനം മാത്രമാണ് റിസർവ്വ് ബാങ്ക് അച്ചടിച്ചത്. അതിൽ തന്നെ ആദ്യം അച്ചടിച്ചതെല്ലാം 2000 ന്റെ നോട്ടുകളാണ്. 500 ന്റെ നോട്ടുകൾ അച്ചടിച്ചത് വളരെ കുറവാണ്. പറഞ്ഞ് വരുമ്പോൾ ബാങ്കുകളിൽ 2000 ന്റെ നോട്ടുകൾ കുറയുന്നതായാണ്. പിന്നെ 2000 ന്റെ നോട്ട് ആളുകൾക്ക് കൈയ്യിൽ സൂക്ഷിക്കാനും എളുപ്പമാണ്"- അനിൽ കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2017/06/kerala-protest-outside-rbi-759.jpg) നോട്ട് നിരോധനം വന്നപ്പോൾ തിരുവനന്തപുരത്ത് ആർബിഐ ഓഫീസിന് മുന്നിൽ ഇടത് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം
 നോട്ട് നിരോധനം വന്നപ്പോൾ തിരുവനന്തപുരത്ത് ആർബിഐ ഓഫീസിന് മുന്നിൽ ഇടത് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം"യഥാർത്ഥത്തിൽ 16 ലക്ഷം കോടി കറൻസി ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നു. 10 ലക്ഷം കോടി മാത്രമാണ് നോട്ട് നിരോധിച്ച ശേഷം റിസർവ് ബാങ്ക് അച്ചടിച്ചത്. ബാക്കി തുകയുടെ കാര്യത്തിൽ സർക്കാരിപ്പോഴും മൗനം പാലിക്കുകയാണ്. റിസർവ്വ് ബാങ്ക് പാർലമെന്റിൽ നൽകിയ വിശദീകരണം ഒരുപാട് ഡബിൾ എൻട്രി വന്നുവെന്നാണ്. അത് വിശ്വസനീയമല്ല. അങ്ങിനെയൊന്നും സംഭവിക്കില്ല. യഥാർത്ഥത്തിൽ ഇപ്പോഴത്തെ പ്രതിസന്ധി കേന്ദ്രസർക്കാർ തന്നെ സൃഷ്ടിച്ചതാണ്. ബാങ്കിംഗിലേക്ക് ജനങ്ങളെ ആകർഷിക്കാനാണ് ഇനി ശ്രമിക്കേണ്ടത്" എ.കെ.രമേഷ് അഭിപ്രായപ്പെട്ടു.
"നോട്ട് നിരോധനത്തിന്റെ സമയത്ത് വൻതോതിൽ അക്കൗണ്ട് തുടങ്ങിയിരുന്നു. ആ സമയത്ത് ആളുകൾ കൈയ്യിലുള്ള പണം ധാരാളമായി നിക്ഷേപിച്ചിരുന്നു. ഇപ്പോൾ ഈ തരത്തിൽ നിക്ഷേപം നടത്തുന്നില്ല. മുൻപ് നിക്ഷേപിച്ച തുക ഇവർ പിൻവലിക്കുകയും ചെയ്തു. പണം ആളുകൾ തിരികെ നിക്ഷേപിക്കാത്തത് കൊണ്ടാണ് ഭൂരിഭാഗം എടിഎമ്മുകളും പണം ഇല്ലാതെ കിടക്കുന്നതെ"ന്നും എസ്ബിഐ(മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ) കാസർകോട് കാലിക്കടവ് സ്വദേശി നിതിൻ മാരാർ പറഞ്ഞു.
നോട്ട് നിരോധനത്തിന് പിന്നാലെയെത്തിയ എസ്ബിഐ-എസ്ബിടി ലയനവും കേരളത്തിലെ ബാങ്കിങ് ഇടപാടുകളിൽ നിന്ന് ജനങ്ങളെ പുറകോട്ട് വലിച്ചിരുന്നുവെന്നാണ് ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് പിന്നാലെ മറ്റ് ബാങ്കുകളും ഇടപാടുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതോടെ പണം ബാങ്കിൽ നിക്ഷേപിക്കുന്ന ശീലത്തിൽ നിന്ന് ജനങ്ങൾ പിൻവാങ്ങി. എല്ലാവരും പണം കൈയ്യിൽ തന്നെ സൂക്ഷിക്കാൻ തുടങ്ങിയതോടെ വലിയ പ്രതിസന്ധിയാണ് ബാങ്കിങ് മേഖലയിൽ ഉടലെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/06/sbi-759.jpg)
"ബാങ്കുകളിലേക്ക് പണം തിരികെയെത്തിയില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ ഒരു ഘട്ടത്തിൽ നിശ്ചലമാകും. പണം വിപണിയിൽ തന്നെ കുമിഞ്ഞുകൂടാനുള്ള സാഹചര്യം ഉണ്ടാകും. അങ്ങിനെ വന്നാൽ സമ്പദ് വ്യവസ്ഥ തന്നെ തകിടം മറിയും. ഈ സാഹചര്യത്തിലേക്കാണ് ഇപ്പോൾ ബാങ്കിങ് മേഖല പോയിക്കൊണ്ടിരിക്കുന്നത്" അനിൽ വരാനിരിക്കുന്ന അപകടത്തെ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ, വിപണിയിലെ പണത്തിന്റെ കൈമാറ്റം സുഗമമായി നടക്കുന്നത് ബാങ്കുകളുടെ വലിയ ഇടപെടൽ മൂലമാണ്. എന്നാൽ ഇപ്പോൾ വ്യക്തികൾ തങ്ങളുടെ കൈവശം തന്നെ പണം സൂക്ഷിക്കുന്ന സ്ഥിതിയാണ്. ഈ നില തുടർന്നാൽ ബാങ്കുകളിൽ നോട്ട് ശേഖരം കുറയും. എടിഎമ്മുകളിൽ വീണ്ടും നോട്ടില്ലാത്ത സ്ഥിതിയാകും. ബാങ്കുകളിലും സമാന അവസ്ഥയാകും. നിക്ഷേപങ്ങൾ ബാങ്കിൽ നിന്ന് പിൻവലിക്കാനാവില്ല. ഒരു വിഭാഗം ആളുകളുടെ പക്കൽ പണം കുന്നുകൂടി കിടക്കുകയും വലിയൊരു വിഭാഗത്തിന് തങ്ങളുടെ പണം കൈയ്യിൽ കിട്ടാത്ത സ്ഥിതിയുമാകും. ഏറ്റവും വേഗത്തിൽ തന്നെ നഷ്ടപ്പെട്ട വിശ്വാസ്യത ബാങ്കുകൾ വീണ്ടെടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ വലിയ സാമ്പത്തിക അരക്ഷിതാവസ്ഥ രാജ്യത്താകമാനം സൃഷ്ടിക്കപ്പെട്ടേക്കുമെന്നാണ് ഈ അനുഭവങ്ങൾ വിരൽചൂണ്ടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us