ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂര്‍ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക്. കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പിഎസ്സി റാങ്ക് ഹോൾഡർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിക്കാത്തത് എന്തുകൊണ്ടെന്നു ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം സമ്പൂർണ പരാജയമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
Read More: കേരള ബാങ്കിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആലോചിക്കുന്നില്ല; സർക്കാർ കോടതിയിൽ
നിയമനങ്ങളിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പാലിക്കുന്നത്. സർക്കാർ ദുർവാശി ഉപേക്ഷിക്കണം. പിൻവാതിൽ നിയമനങ്ങളിൽ സംവരണ തത്വങ്ങൾ പാലിക്കുന്നില്ല. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യണം. യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ ഇടംപിടിച്ചതിനു പിന്നാലെയാണ് പിഎസ്സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
താല്‍ക്കാലിക നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവയ്ക്കണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പുനഃപരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
തൊഴിൽ കാത്തിരിക്കുന്ന യുവാക്കളെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് കഴിഞ്ഞദിവസം കോട്ടയത്ത് സംസാരിക്കവെ ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നവരോട് മുഖ്യമന്ത്രി ചർച്ച നടത്തണം. യുഡിഎഫ് പിൻവാതിൽ നിയമനം നടത്തിയിട്ടുണ്ടെങ്കിൽ ജനം ശിക്ഷ നൽകിയിട്ടുണ്ട്. ഇതൊന്നും ആവർത്തിക്കില്ലെന്ന് പറഞ്ഞാണല്ലോ എൽഡിഎഫ് അധികാരത്തിൽ കയറിയതെന്ന് ചെന്നിത്തല പറഞ്ഞു.
പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മതിയായ നിയമനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. സമരത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിട്ടുണ്ട്.