തിരുവനന്തപുരം: കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ചു. 13 ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിപ്പിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ എതിര്‍പ്പുകളാണ് കേരള ബാങ്ക് വൈകാന്‍ കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുടെ തീര്‍പ്പ് അനുസരിച്ച് ബാങ്ക് ലയനം പൂര്‍ത്തിയാക്കുമെന്നും കടകംപള്ളി പറഞ്ഞു. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും.
Read Also: ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപി പറഞ്ഞിട്ടില്ല: ശ്രീധരന്‍ പിള്ള
2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു കേരള ബാങ്കിന്റെ രൂപീകരണമെന്നും അത് ഇപ്പോൾ സാധ്യമാക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന വാഗ്ദാനം പൂര്‍ത്തീകരിക്കുവാനുള്ള അവസാന കടമ്പയായ റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി സര്‍ക്കാരിനു ലഭിച്ചതായി മന്ത്രി അറിയിച്ചു.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് റിസര്‍വ് ബാങ്കില്‍ നിന്നും അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന സഹകരണ നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള വകുപ്പ് 14A-യുമായി ബന്ധപ്പെട്ട കേസുകളില്‍ കേരള ഹൈക്കോടതിയുടെ തീര്‍പ്പുകള്‍ക്ക് വിധേയമായാണ് ലയനം നടപ്പിലാക്കേണ്ടത്. അനുമതി നല്‍കിയപ്പോള്‍ റിസര്‍വ് ബാങ്ക് ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.