ന്യൂഡല്‍ഹി: ബന്ദിപ്പൂർ വഴിയുള്ള രാത്രികാല യാത്രാ നിരോധനം തുടരുമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി. രാത്രികാലത്തെ സഞ്ചാരത്തിന് മൈസൂരിൽ നിന്ന് ബദൽപാത വേണമെന്നും വിദഗ്ധ സമിതി സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ഈ സമിതിയില്‍ അംഗമാണ്. ബന്ദിപ്പൂർ വഴിയുള്ള രാത്രികാല യാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ശക്തമായ തിരിച്ചടിയായി വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച സമിതിയാണ് ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനത്തെ പിന്തുണച്ച് റിപ്പോർട്ട് നൽകിയത്. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയുള്ള യാത്രാ നിരോധനം രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെയാക്കി കുറയ്ക്കുക, കോണ്‍വോയ് അടിസ്ഥാനത്തില്‍ ആറു ഗ്രൂപ്പുകളായി വാഹനങ്ങളെ കടത്തിവിടുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണു കേരളം മുന്നോട്ടുവച്ചത്. വിദഗ്ധ സമിതി ഈ നിർദ്ദേശങ്ങള്‍ തള്ളിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഗുണ്ടല്‍പ്പേട്ട്-വയനാട്, ഗുണ്ടല്‍പ്പേട്ട്-ഊട്ടി എന്നിവ ഉള്‍പ്പെടുന്ന ദേശീയപാത 212 റോഡാണിത്. മുന്‍പ് ആറുതവണ കേരള സര്‍ക്കാര്‍ ബന്ദിപ്പൂര്‍ വനത്തിലൂടെ രാത്രിയാത്രയ്ക്ക് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വനഭൂമി സംരക്ഷിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ പിന്താങ്ങുന്ന സമീപനമാണ് തമിഴ്നാടിന്.
കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി, കേരള, കർണാടക, തമിഴ്നാട് സംസ്ഥാന പ്രതിനിധികൾ, ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധികൾ എന്നിവരാണ് സമിതിയിലുള്ളത്.