കൊച്ചി: മധ്യ കേരളത്തിലെ മൂന്നു ജില്ലകളിലായി നടന്ന എടിഎം കവര്‍ച്ച കേസിലെ സംഘത്തലവന്‍ ഡൽഹി ക്രൈംബ്രാഞ്ച് പൊലീസിൽ അംഗമായിരുന്ന അബ്ളൂഖാൻ എന്ന ആളാണെന്ന് സംശയം. കഴിഞ്ഞ വർഷം ചെങ്ങന്നൂർ, കഴക്കൂട്ടം എന്നിവിടങ്ങളിലെ കവർച്ചയിൽ ഡൽഹി, ഹരിയാന സ്വദേശികളായ നാലു പേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. അബ്ലൂഖാന്റെ നേതൃത്വത്തിലായിരുന്നു അന്ന് കവര്‍ച്ച നടന്നത്.

ചെങ്ങന്നൂർ ചെറിയനാട്, മാരാരിക്കുളം, കരയിലകുളങ്ങര, രാമപുരം എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളാണ് കഴിഞ്ഞ വർഷം സംഘം ലക്ഷ്യമിട്ടിരുന്നത്. ചെറിയനാട്ടു നിന്ന് മാത്രമേ പണം കവരാനായുള്ളൂ. ഈ കേസിൽ പൊലീസ് ഡൽഹിയിൽ അന്വേഷണത്തിനെത്തിയപ്പോൾ കഴക്കൂട്ടത്തെ എടിഎം തകർത്തു. പിന്നീട് ചെങ്ങന്നൂർ സ്വദേശിയും 15 വർഷമായി ഡൽഹിയിൽ താമസക്കാരനുമായ സുരേഷ് കുമാർ പിടിയിലായി. ഇയാളിൽ നിന്നാണ് സംഘത്തലവനായ അബ്ളൂഖാൻ ഉൾപ്പെടെയുള്ളവരെ തിരിച്ചറിഞ്ഞത്. ഇവരെ പിടികൂടാനായില്ല.

ഇയാളെ പിടികൂടാനായി കേരള പൊലീസിന്റെ രണ്ടു സംഘങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ ഇതരസംസ്ഥാനക്കാരാണെന്ന് വ്യക്തമാണ്. കുറവിലങ്ങാട്, ഇരുമ്പനം, കളമശേരി, കൊരട്ടി എടിഎമ്മുകളിൽ കയറിയത് മൂന്നു പേർ മാത്രമാണ്. പിന്നീട് ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ക്യാമറ ദൃശ്യങ്ങളിൽ ഏഴു പേർ വേഷം മാറി പോകുന്നത് കണ്ടു. ഇവർ എടിഎം തകർത്തവരാണെന്ന് ഉറപ്പില്ലെന്നും അന്വേഷണംസംഘം പറഞ്ഞു.

സംഘത്തില്‍ ഏഴു പേരുണ്ടെന്നാണ് വിവരം. കവര്‍ച്ചക്ക് ഉപയോഗിക്കുകയും ഒടുവില്‍ ചാലക്കുടി ഗ്രൗണ്ടില്‍ ഉപേക്ഷിക്കുകയും ചെയ്ത പിക്കപ്പ് വാനിലെ പരിശോധനയാണ് പ്രതികളെക്കുറിച്ച് സൂചനക്ക് കാരണമായത്. തൃശൂരിലെ ഡോഗ് സ്‌ക്വാഡിലെ റാണി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വാഹനത്തില്‍ നിന്നും ഗവ. ബോയ്‌സ് സ്‌കൂളില്‍ മുറ്റത്തേക്ക് കടന്നതാണെന്ന് തെളിഞ്ഞത്. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു കൂടി അകത്തു കടന്ന നായ, നഗരസഭ ഓഫീസിന്റെ എതിര്‍ഭാഗത്തുള്ള മതിലു വരെ ഓടി. ഇവിടെ മതില്‍ ഇടിഞ്ഞു കിടക്കുന്ന ഭാഗത്തു കൂടി മോഷ്ടാക്കള്‍ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പൊലീസ് നായ മണം പിടിച്ചു നടന്ന ഭാഗത്തെ ക്യാമറ പരിശോധിച്ചപ്പോള്‍ വേഷം മാറിയ മോഷ്ടാക്കള്‍ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തി. ഇവര്‍ ചാലക്കുടി സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് നിഗമനം.

ഇതുവഴി പ്രതികള്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് പോയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വാഹനം ഉപേക്ഷിച്ച ഭാഗത്തെ രക്തക്കറ കണ്ടതും പൊലീസ് പരിശോധിച്ചു. എന്നാല്‍ ഈ ഭാഗത്തേക്ക് പൊലീസ് നായ എത്തിയിരുന്നില്ല. എന്നാല്‍ എടിഎം കൗണ്ടറിലെ ക്യാമറകളില്‍ കണ്ട പ്രതികളുടെ ദൃശ്യങ്ങള്‍, ചാലക്കുടിയില്‍ നടന്നു പോകുന്നവരുടേതുമായി സാദൃശ്യമുണ്ടെന്ന കാര്യം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.