കൊച്ചി: തൃപ്പൂണിത്തുറയിലും തൃശ്ശൂരിലും എടിഎം തകർത്ത് പണവുമായി മുങ്ങിയ കേസിലെ മുഖ്യ പ്രതി ബൈക്ക് മോഷണ കേസിൽ പിടിയിലായി. തിഹാർ ജയിലിൽ തടവിൽ കഴിയുന്ന പ്രതിയെ കേരള പൊലീസ് സംഘം എടിഎം കവർച്ച കേസിൽ അറസ്റ്റ് ചെയ്തു.

എടിഎം കവർച്ച കേസിലെ പ്രതികളെ തേടി ഡൽഹിയിലും രാജസ്ഥാനിലും തിരച്ചിൽ നടത്തിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിൽ നിന്നുളളവരാണ് പ്രതികളെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

പിടിയിലായ പ്രതിയെ നവംബർ 14 നുളളിൽ കേരളത്തിലേക്ക് എത്തിക്കും. ഫോൺ സംഭാഷണങ്ങളിൽ നിന്നാണ് പ്രതികളെ കുറിച്ചുളള സൂചനകൾ പൊലീസിന് ലഭിച്ചത്. സംഘത്തിൽ അഞ്ചിലേറെ പേരുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവരെ കൂടി കണ്ടെത്താനുളള പരിശ്രമത്തിലാണ് പൊലീസ് സംഘം.

മൂന്ന് പേര്‍ രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളും രണ്ട് പേർ ഹരിയാനയിലെ മേവാഡ് സ്വദേശികളും ആണ്. മുഖ്യപ്രതിയെ ലഭിച്ച സാഹചര്യത്തിൽ ഇയാളിൽ നിന്ന് മറ്റുളളവരെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

തൃപ്പൂണിത്തുറ ഇരുമ്പനത്തും തൃശ്ശൂരിൽ കൊരട്ടിയിലുമാണ് എടിഎമ്മുകൾ തകർത്ത് പണം കവർന്നത്.  35 ലക്ഷം രൂപയാണ് എടിഎമ്മുകളിൽ നിന്ന് സംഘം കവർന്നത്. രാത്രിയിലായിരുന്നു ആക്രമണം.  സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook