തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലാത്ത പ്രമേയത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശപ്രകാരമാണ് പ്രമേയമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനാണു പൂര്‍ണ അധികാരം. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സ്ഥാനവുമില്ല. അധികാര പരിധിയിലുള്ള കാര്യത്തിനു സമയം ചെലവഴിക്കുകയാണു സംസ്ഥാനം ചെയ്യേണ്ടത്. പുതിയ നിയമം കേരളത്തെ ഒരുവിധത്തിലും ബാധിക്കുന്ന പ്രശ്നമല്ല. വിഭജനം ബാധിക്കാത്ത സംസ്ഥാനമാണു കേരളം. ഇവിടെ അനധികൃത കുടിയേറ്റക്കാരില്ല. അതേസമയം, എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read Also: ഡൽഹിയിലെ ഫാക്ടറിയിൽ തീപിടിത്തം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശമനുസരിച്ചാകാം പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത്. നിയമത്തിനെതിരേ ചരിത്ര കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കിയിരുന്നു.

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനു ക്രിമിനല്‍ ലക്ഷ്യമുണ്ട്. ചരിത്രവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം കേന്ദ്രവുമായി സഹകരിക്കരുത്, വിവരങ്ങള്‍ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണു ചരിത്ര കോണ്‍ഗ്രസില്‍ ഉയര്‍ന്നത്. ചരിത്രകോണ്‍ഗ്രസ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കുറ്റകരമാണ്.

ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ പ്രതിഷേധം പൊലീസിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ല. സര്‍വകലാശാലയാണു സംഘാടകര്‍. തെറ്റ് അതിര് കടക്കുന്നതായി തോന്നിയാല്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.