Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ലക്ഷദ്വീപിൽ കാവി അജൻഡയ്ക്ക് ശ്രമം, അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം: നിയമസഭാ പ്രമേയം

പ്രമേയത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയിരുന്നു

kerala legislative assembly, kerala govt, ie malayalam

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐക്യകണ്ഠേനയാണ് പാസാക്കിയത്.

സംഘപരിവാറിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം, ദ്വീപിൽ ജില്ലാ പഞ്ചായത്ത് അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു.

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെയും സംസ്‌കാരത്തെയും ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളെ നേരിടാനുള്ള തയാറെടുപ്പുകളോടെയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളുമുണ്ടായി. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി ലക്ഷദ്വീപില്‍ ഗുണ്ടാ നിയമംകൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തിൽ, പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ നേരിടാന്‍ തയാറെടുപ്പ് നടത്തിക്കൊണ്ടാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസവും ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനമെന്ന സംഘപരിവാര്‍ അജന്‍ഡ പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ്. ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവയ്ക്കുന്നു.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സമീപനത്തിലൂടെ ദ്വീപിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ജനാധിപത്യപരമായ അവകാശം ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാവുക. ദ്വീപ സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും സംസ്‌കാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെ നിലനില്‍ക്കുന്ന നിയമമാണ് ദ്വീപിന് പുറത്തുള്ള ആര്‍ക്കും അവിടെ ഭൂമി വാങ്ങാന്‍ അവകാശമില്ലായെന്നത്. അതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കുകയാണ്.

നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ചരിത്രപരമായി നിലനില്‍ക്കുന്ന പാരസ്പര്യ ബന്ധത്തെ തകര്‍ക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. സാംസ്‌കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷതകള്‍ക്കും അവിടത്തെ തനതു ജീവിതരീതികള്‍ക്കുംമേല്‍ കടന്നുകയറ്റം നടത്തുന്ന നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണം.

Also Read: പാസയും ടി പി സി ആറും: ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് എന്ത്?

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭാ ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഭേദഗതി ആവശ്യപ്പെട്ടു. കേന്ദ്രത്തെ പേരെടുത്ത് വിമര്‍ശിക്കണമെന്ന് ഇരു കക്ഷികളും ആവശ്യപ്പെട്ടു. പ്രമേയത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ നിയമം അറബിക്കടലിൽ എറിയണമെന്ന് വി.ഡി. സതീശൻ ചര്‍ച്ചയില്‍ പ്രതികരിച്ചു.

ദ്വീപ് ജനതയെ ജനിച്ച മണ്ണില്‍നിന്ന് നീക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ പാര്‍ലമെന്ററി നേതാവ് ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്നലെ കശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം എന്ന രീതിയിലാണ് കേന്ദ്രം അജൻഡ നടപ്പാക്കുന്നതെന്ന് പ്രമേയത്തെ പിന്തുണച്ചുകൊണ്ട് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala assembly to pass resolution against lakshadweep administration

Next Story
സംസ്ഥാനത്തെ പുതിയ ലോക്ക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും ഇവയാണ്lockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com