/indian-express-malayalam/media/media_files/uploads/2023/08/Shamseer.png)
സ്പീക്കര്‍ എ എന്‍ ഷംസീര്‍
കൊച്ചി: കേരളം പോലെയൊരു സംസ്ഥാനത്ത് നിന്ന് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത അവസ്ഥയാണ് സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതിന് അതിരൂക്ഷമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് താനെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരുന്നത്. "നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രൊമോട്ട് ചെയ്യണം. ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം സയന്‍സിനെ പ്രൊമോട്ട് ചെയ്യല്‍ മാത്രമാണ്. ശാസ്ത്രസാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്ന് മാത്രമല്ല, സയന്‍സിനെ മിത്തുകള്‍ കൊണ്ട് റീപ്ലേസ് ചെയ്യുന്നു," ഷംസീര്‍ പറഞ്ഞു.
പാഠപുസ്തകത്തിനകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ്, വിമാനം കണ്ടുപിടിച്ചതാര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്സ് എന്ന് ഉത്തരമെഴുതിയാല്‍ തെറ്റാകുന്നതും ഹിന്ദുത്വ കാലം എന്നെഴുതിയാല്‍ ശരിയാകുന്നതെന്നും ഷംസീര്‍ പറഞ്ഞു. ഷംസീറിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
വിവാദമായതിന് പിന്നാലെ തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ലെന്ന് സ്പീക്കര്‍ ഷംസീര്‍ വിശദീകരിച്ചു. "ഞാന്‍ എല്ലാ മതവിശ്വാസങ്ങളേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. ഭരണഘടനയിൽ ഒരു ഭാഗത്ത് മതവിശ്വാസത്തെക്കുറിച്ച് പറയുമ്പോൾ മറ്റൊരു ഭാഗത്ത് ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്ന് പറയുമ്പോൾ എങ്ങനെയാണ് മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്," ഷംസീര്‍ ചോദിച്ചു.
"എന്റെ മതേതര മൂല്യങ്ങളിലുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. സംഘപരിവാര്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ നടത്തുന്ന വെറുപ്പിന്റെ പ്രചാരണം മാത്രമാണ്. രാജ്യത്ത് ഉടനീളം നടത്തുന്ന പ്രചാരണം കേരളത്തിലും നടത്താനുള്ള ശ്രമമാണ്. അതെല്ലാം കേരളത്തിലെ വിശ്വാസി സമൂഹം തള്ളിക്കളയും. വിശ്വാസികള്‍ എനിക്കൊപ്പമാണ്. ആര്‍ക്കും പ്രതിഷേധിക്കാം, പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുത്," ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.