തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പത്താം സമ്മേളനം നാളെ ആരംഭിക്കും. സമ്മേളനം ആകെ 24 ദിവസമായിരിക്കും നടക്കുക. ആദ്യദിവസം 2017- 18 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

പ്രക്ഷുബ്ധമായ രാഷ്ട്രീയ സാമൂഹിക കാലവസ്ഥയിലാണ് നിയമസഭയുടെ സമ്മേളനം നാളെ ആരംഭിക്കുക. കണ്ണൂരിലെ ഷുഹൈബ് വധം, അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്, കോൺഗ്രസ് നേതാവ് സുധാകരന്റെ നിരാഹാരം തുടങ്ങി പ്രതിപക്ഷത്തിന് ആയുധങ്ങളേറെയുളള കാലത്താണ് നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

വിജിലൻസുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുളള വിവാദങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാകും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും പാറ്റൂർ ഭൂമി കേസിൽ കോടതി കുറ്റവിമുക്തമാക്കിയ നടപടി പ്രതിപക്ഷം ആയുധമാക്കും. മാണിയുമായ ബന്ധത്തിൽ സിപിഐ-സിപിഎം തർക്കവും പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ രാകാനുളളതാകും.

അതേസമയം, മന്ത്രി കടന്നപ്പളളി രാമചന്ദ്രനെതിരെ കോൺഗ്രസുകാർ നടത്തിയ ആക്രമണം പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷത്തിന്റെ മൂർച്ചയുളള ആയുധമായി മാറും.

ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള 27ന് ഓര്‍ഡിനന്‍സിന് പകരമുളള 2018 ലെ കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും 2018 ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്ലും പരിഗണിക്കും. അന്ന് ഉച്ചയ്ക്ക് ശേഷം 12.30 മുതല്‍ 1.30 വരെ 2017 -18 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ധനവിനിയോഗ ബില്ലും സഭ പരിഗണിക്കും.

2018 -19 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന വിശദമായ ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി ആകെ 13 ദിവസങ്ങളും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി മുന്ന് ദിവസങ്ങളും മാറ്റി വച്ചിട്ടുണ്ട്.

ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള മറ്റ് ദിവസങ്ങളില്‍ കാര്യോപദേശകസമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുളള ബില്ലുകള്‍ സഭ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയും 29 മുതല്‍ ഏപ്രില്‍ ഒന്ന് വരെയും സഭാ സമ്മേളനം ഉണ്ടായിരിക്കില്ല. നിശ്ചയിച്ചിട്ടുളള നടപടികള്‍ പൂര്‍ത്തിയാക്കി, പത്താം സമ്മേളനം ഏപ്രില്‍ നാലിന് അവസാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ