തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയടക്കം അഞ്ച് പ്രതികള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഹാജരായില്ല. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികള്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീല്‍, മുൻ എം എൽ എമാരായ കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 2.2 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രം.
കേസ് പിന്‍വലിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ തിരിച്ചടിയായിരുന്നു ഫലം. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു.
2015 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം.
ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.