തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി. തോമസിന്‍റെ അടിയന്തരപ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയിലാണ് സംസ്ഥാനത്തെ പ്രതിപക്ഷത്തിനെതിരായ വിമർശനം. സ്വന്തം നേതാക്കള്‍ പ്രതിരോധത്തിലായാലും വേണ്ടില്ല, ഇടതുപക്ഷ സര്‍ക്കാരിനെ കരിവാരി തേയ്ക്കാന്‍ കിട്ടുന്ന അവസരം പാഴാക്കില്ല എന്ന നിലപാടാണ് സംസ്ഥാനത്തെ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാന്‍ കോൺഗ്രസ് എപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ശക്തമായ നടപടി വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീ. സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നാണ് മറ്റൊരു ആരോപണമായി പറയുന്നത്. നിലവില്‍ അദ്ദേഹത്തിന്‍റെ പേരില്‍ എന്തെങ്കിലുമൊരു കുറ്റം കണ്ടെത്തപ്പെട്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഏതാനും ചില പരാതികളുടെ അടിസ്ഥാനത്തില്‍ വ്യക്തത വരുത്തുന്നതിനായി അദ്ദേഹത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: കേരളത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് ഇടിഞ്ഞു; തിരിച്ചടിയായത് പ്രകൃതി ദുരന്തങ്ങളും കോവിഡും

“മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെന്നാണ് പറയുന്നത്. ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഒരു കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഒന്ന് കണ്ണുതുറന്ന് കാണണം. ആ ഏജന്‍സി മുഖ്യമന്ത്രിയുടെ ഓഫീസ് ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ? എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും മുകളില്‍ തങ്ങളുടെ ആരോപണമാണ് ആത്യന്തികമായ സത്യമെന്ന് കരുതി കള്ളത്തരങ്ങള്‍ വീണ്ടുംവീണ്ടും ആവര്‍ത്തിക്കുന്ന ഗീബല്‍സിന്‍റെ ശിഷ്യന്മാരോട് കാര്യങ്ങള്‍ ബോധിപ്പിക്കാമെന്ന വ്യാമോഹം ഞങ്ങള്‍ക്കില്ല. ഈ നാട്ടിലെ ജനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന വ്യാജ ആരോപണങ്ങളെ വിശ്വസിക്കാന്‍ പോകുന്നില്ല. കോടതികളുടെ പരിഗണനയിലുള്ള വിഷയത്തെപ്പറ്റി ഇതിലധികം പറയുന്നത് ഉചിതമല്ല,” മുഖ്യ മന്ത്രി പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു ഘട്ടത്തില്‍ നിഷ്പക്ഷതയുടെ വഴിയില്‍ നിന്നും മാറുകയും മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥയുടെ അടിസ്ഥാനത്തില്‍ നീങ്ങുകയും ചെയ്യുന്നുവെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യം വന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് ശക്തമായ വിമര്‍ശനം ഉന്നയിക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കുറിച്ച് കോൺഗ്രസ്സും വിമർശനമുന്നയിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. “കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കളെയും ഭരണസംവിധാനങ്ങളെയും തകര്‍ക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു എന്ന കാര്യം പറഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയാണ്. കോണ്‍ഗ്രസിന്‍റെ നിരവധി നേതാക്കന്‍മാരെ കേന്ദ്ര ഏജന്‍സികള്‍ പീഡിപ്പിക്കുന്നു എന്ന പ്രശ്നം കോണ്‍ഗ്രസ് തന്നെയാണ് പലവവട്ടം ഉന്നയിച്ചത്. ആ കോണ്‍ഗ്രസ് തന്നെയല്ലേ ഇവിടെയുള്ളത്. കേരളത്തിലെത്തുമ്പോള്‍ നിറം മാറുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

“കേന്ദ്ര ഏജന്‍സികളുടെ തെറ്റായ ഇടപെടകളുടെ കുറിച്ച് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോഴും പറഞ്ഞു.സിബിഐ, ഇ.ഡി. തുടങ്ങിയ അന്വേഷണ ഏജന്‍സികളെ സമ്മര്‍ദ്ദം ഉണ്ടാക്കാനും ഭീഷണിപ്പെടുത്താനും വേട്ടയാടാനും ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. താനും വ്യക്തിപരമായി ഇത് നേരിടുന്ന ആളാണെന്നും വ്യക്തമാക്കി,” മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തകസമിതി അംഗമായ പി. ചിദംബരത്തിനും അദ്ദേഹത്തിന്‍റെ മകന്‍ കാര്‍ത്തിക് ചിദംബരത്തിനുമെതിരെ ഇ.ഡി. നടത്തിയ അന്വേഷണത്തെയും ഇതേ രീതിയില്‍ തന്നെയാണോ കോണ്‍ഗ്രസ് വിലയിരുത്തുന്നതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈയിടെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെയും അദ്ദേഹത്തിന്‍റെ മകന്‍ ഫൈസലിനെയും മരുമകന്‍ ഇര്‍ഫാന്‍ സിദ്ദിഖിനെയും ചോദ്യം ചെയ്ത കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

“ഈയിടെ അന്തരിച്ച മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മോത്തിലാല്‍ വോറയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇരയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാറിനെയും കള്ളപ്പണം വെളുപ്പിച്ചു എന്ന പേരില്‍ ഇ.ഡി. കേസ്സെടുത്തിട്ടുണ്ട്. മറ്റൊരു നേതാവ് ഭുപീന്ദര്‍സിങ്ങ് ഹൂഡയ്ക്കെതിരെയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്.”

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് തുടങ്ങിയവരുട കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനെയും വെറുതെ വിട്ടിട്ടില്ല. ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ബഹുമാനപ്പെട്ട അംഗത്തിന്‍റെ അഭിപ്രായം എന്തെന്ന് അറിയാന്‍ സഭയ്ക്ക് താത്പര്യമുണ്ടാകും. ജനങ്ങളോട് പറയാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളോടു മാത്രമല്ല, കോൺഗ്രസ് ദേശീയ നേതാക്കളോട് പോലും സംസ്ഥാനത്തെ പ്രതിപക്ഷത്തിന് വിയോജിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “നിങ്ങളുടെ നേതാക്കള്‍ പ്രതിരോധത്തിലായാലും വേണ്ടില്ല, ഇടതുപക്ഷ സര്‍ക്കാരിനെ കരിവാരി തേയ്ക്കാന്‍ കിട്ടുന്ന അവസരം പാഴാക്കില്ല. അതിന് ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാന്‍ നിങ്ങള്‍ സദാസന്നദ്ധരാണ്,” മുഖ്യമന്ത്രി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ വിമർശിച്ചു.

“സ്വര്‍ണ്ണം വന്നത് നയതന്ത്ര ബാഗേജിലേ അല്ലെന്ന് ഒരു കേന്ദ്ര മന്ത്രി പറയുകയുണ്ടായി. അതിനെക്കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ല. ബിജെപി നേതാവ് പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്ന മെഗാഫോണായി പ്രതിപക്ഷ നേതാവ് മാറിയതും മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചതും അന്വേഷണ ഏജന്‍സികള്‍ ആ വഴിയിലേക്ക് നീങ്ങുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്ന സ്ഥിതിയും ഉണ്ടായ കാര്യം നാം വിസ്മരിക്കരുത്,” മുഖ്യന്ത്രി പറഞ്ഞു.

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വ്യാഴാഴ്ച വാക്‌പോര് നടന്നിരുന്നു. അടിയന്തര പ്രമേയത്തിനു അനുമതി തേടിയ കോൺഗ്രസ് എംഎൽഎ പി.ടി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചു. സ്വർണക്കടത്ത് കേസിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. എന്നാൽ, അടിയന്തര പ്രമേയ നോട്ടീസിന് സഭ അനുമതി നൽകിയില്ല.

ഒരു ടിഷ്യു പേപ്പർ കാണിച്ചാലും ഒപ്പിട്ടു തരുന്ന മരമണ്ടനാണ് മുഖ്യമന്ത്രിയെന്ന് പി.ടി.തോമസ് പരിഹസിച്ചു. പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെ പോലെ പുത്രിവാൽസല്യത്താൽ പിണറായി അന്ധനായെന്ന് പി.ടി.തോമസ് നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ ആദ്യം ജയിലിൽ കിടന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രം പിണറായിക്ക് ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു.

സ്വപ്‌ന സുരേഷിനൊപ്പം എം.ശിവശങ്കർ തുടർച്ചയായി വിദേശയാത്ര നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നു പി.ടി.തോമസ് ചോദിച്ചു. മുഖ്യമന്ത്രിയെ മറയാക്കി പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും തട്ടിപ്പ് നടത്തി. സ്വപ്‌നയെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തിയത് ആരാണെന്നു വ്യക്തമാക്കണമെന്നും പി.ടി.തോമസ് പറഞ്ഞു.

Read Also: അതിജീവനത്തിന്റെ പ്രതീക്ഷ; കോവിഡ് വാക്‌സിൻ ജില്ലാ കേന്ദ്രങ്ങളിലേക്ക്

മുഖ്യമന്ത്രി കള്ളക്കടത്തുകാരെ താലോലിക്കുന്നു. മുഖ്യമന്ത്രി പറയാതെ ആരെങ്കിലും ശിവശങ്കറിനും സ്വപ്‌നയ്‌ക്കും പണം നൽകുമോ എന്നും തോമസ് ചോദിച്ചു. മുഖ്യമന്ത്രി അധോലോക നായകനാകാതിരിക്കാൻ ആശംസിക്കുന്നതായും തോമസ് പരിഹസിച്ചു.

പിണറായി പ്രത്യേക ജനുസ് തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാണ് തട്ടിപ്പിന് കൂട്ടുനിന്നത്. മുഖ്യമന്ത്രിയുടെ തള്ള് കൂടിപ്പോയി. സ്വയം വലിയ സംഭവമെന്ന് പറയുന്നു. മുഖ്യമന്ത്രിക്ക് ബിജെപിയുമായി അന്തർധാരയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

പി.ടി.തോമസിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി അതിരൂക്ഷമായി മറുപടി നൽകി. പി.ടി.തോമസിന് തന്നെ മനസിലായിട്ടില്ലെന്ന് പിണറായി പറഞ്ഞു. സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോ എന്നും പിണറായി പി.ടി.തോമസിനോട് ചോദിച്ചു.

Read Also: പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

“പി.ടി.തോമസിനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പ് ആയതിനാലാണ് ചെന്നിത്തലയ്‌ക്ക് നിയന്ത്രിക്കാൻ സാധിക്കാത്തത്. പിണറായി വിജയനെ പി.ടി.തോമസിന് ഇതുവരെ മനസിലായിട്ടില്ല. കമ്യൂണിസ്റ്റുകാരെ ജയിൽ കാണിച്ചു പേടിപ്പിക്കാൻ നോക്കരുത്,” തന്റെ കൈകള്‍ ശുദ്ധമാണെന്നും നിയമസഭയിൽ സംസാരിക്കവെ മുഖ്യമന്ത്രി നെഞ്ചിൽ കൈവച്ച് പറഞ്ഞു.

താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാരിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ഇനിയും പ്രയാസപ്പെടണമെന്നില്ല. എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുതെന്നും പിണറായി താക്കീത് നൽകി​.

“പി.ടി.തോമസേ, പിണറായി വിജയനെ നിങ്ങൾക്ക് അറിയില്ല. കുറേനാൾ എന്നെ പ്രതിയാക്കാൻ നിങ്ങൾ നടന്നില്ലേ. എന്നിട്ടെന്തായി, ആ കേസ് കോടതി വലിച്ചെറിയുകയല്ലേ ചെയ്തത്. ഈ കൈകൾ ശുദ്ധമാണെന്ന് പറയുന്നത് കൈകൾ ശുദ്ധമായതുകൊണ്ടാ. ആരുടെയും നേർക്ക് നെഞ്ചുയർത്തി പറയാൻ സാധിക്കും. അതിനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്,” പിണറായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.