തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ ശബരിമല വിവാദത്തിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ പി.സി.ജോർജും ബിജെപി എംഎൽഎ ആയ ഒ.രാജഗോപാലും. വരും നാളുകളിൽ മറ്റ് വിഷയങ്ങളിലും ഇരുവരും ഒരുമിച്ച് തന്നെയാകും മുന്നോട്ട് പോവുക. ഇക്കാര്യത്തിൽ വരും നാളുകളിൽ തീരുമാനം എടുക്കുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന നിയമസഭയിൽ എൽഡിഎഫിനും യുഡിഎഫിനും പുറമെ ബിജെപിയുടെ നേതൃത്വത്തിൽ പുതിയ മുന്നണിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാന നിയമസഭ സമ്മേളനത്തിൽ ബിജെപിയുടെ അംഗമായ ഒ.രാജഗോപാലും പി.സി.ജോർജും ഇന്ന് കറുപ്പുടുത്താണ് എത്തിയത്. ശബരിമലയിൽ ഭക്തരുടെ നിലപാട് അംഗീകരിക്കണമെന്നും സ്ത്രീപ്രവേശന വിധിയിൽ സർക്കാർ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഈ തരത്തിൽ കറുപ്പുടുത്തതെന്ന് ഇരുവരും വ്യക്തമാക്കി.

“ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നത് ഹൈന്ദവ സമൂഹമാണ്. അവരോടുളള പ്രതിബദ്ധതയാണ് ഇപ്പോഴുള്ള വേഷം,” പി.സി.ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ ഇന്നത്തെ യോഗത്തിന് ശേഷം സഭയിൽ തന്റെ ഇരിപ്പിടം ഒ.രാജഗോപാലിന് ഒപ്പമാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ക്ക് മറ്റാരും അധികാരത്തിൽ വരരുതെന്ന തീരുമാനമാണ് ഉളളതെന്ന് പി.സി.ജോർജ് പറഞ്ഞു.  “ബിജെപി മാത്രം വർഗ്ഗീയ ഫാസിസ്റ്റ് ആകുന്നത് എങ്ങിനെയാണ്? കോൺഗ്രസും സിപിഎമ്മും വർഗ്ഗീയ പാർട്ടികളാണ്,” എന്നും പൂഞ്ഞാർ എംഎൽഎ പറഞ്ഞു.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ബിജെപി സഹകരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍, തന്റെ പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കേരളത്തിലെ ഏക സ്വതന്ത്ര എംഎൽഎ ആയ പി.സി.ജോർജ് പറഞ്ഞു. ഇന്ന് നിയമസഭയിൽ ഒ.രാജഗോപാലും പി.സി.ജോർജും ഒരുമിച്ചാണ് ഇരുന്നത്.  താൻ  എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ ബിജെപി  മാത്രമാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.