തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. അതേസമയം, ബില്ലിന്മേല് വോട്ടെടുപ്പ് നടക്കുന്നതിനു മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതാണു പുതിയ ഭേദഗതി. അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയുന്നതു സംബന്ധിച്ച പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ ഒഴിവാക്കിയത്. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ അഅതില്‍ തീരുമാനമെടുക്കുന്നതില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കും. വിധിയില്‍ തീരുമാനമെടുക്കുന്നതു പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. അതുപോലെ മന്ത്രിമാര്‍ക്കെതിരെ ലോകായുക്തയുടെ ഉത്തരവുണ്ടായാല്‍ പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയാണു ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി. ലോകായുക്ത വിധിയില്‍ എങ്ങിനെ നിയമസഭയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയും? ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്സിക്യൂട്ടീവിനു കഴിയില്ല. മുഖ്യമന്ത്രിക്കെതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു അദ്ദേഹം പറഞ്ഞു.
ബില്‍ അവതരിപ്പിക്കുന്നതും ചട്ടംവിരുദ്ധമാണെന്നു രമേശ് ചെന്നിത്തല സഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തിയെന്നും പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍, സബ്ജക്ട് കമ്മിറ്റിക്കു ഭേദഗതി വരുത്താമെന്നു നിയമമന്ത്രി പി രാജീവ് പറഞ്ഞു. സഭയ്ക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കുമുണ്ട്.കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷമാണു ബില്‍ സഭയില്‍ മടങ്ങിയെത്തിയതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം തള്ളിയായിരുന്നു സ്പീക്കറുടെ റൂളിങ്. ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂലനിയമത്തിലെ വകുപ്പുകള്‍ക്കു സബ്ജക്ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദേശം വരുന്നതിലും സഭ അതു പരിഗണിക്കുന്നതിലും അപാകം കാണുന്നില്ലെന്നു സ്പീക്കര്‍ പറഞ്ഞു. മുമ്പ് പല സന്ദര്‍ഭങ്ങളിലും ഈ രീതി സഭയില്‍ അവലംബിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
നിയമസഭ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്നതാണ് ഇനി അറിയാനുള്ളത്. സര്‍ക്കാരിനെതിരെ സര്‍വകലാശാല നിയമനങ്ങളില്‍ ഉള്‍പ്പെടെ പ്രത്യക്ഷ ഗവര്‍ണര്‍ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഒപ്പിടുന്നതു നീട്ടിക്കൊട്ടുപോവാനുള്ള സാധ്യത വിലയിരുത്തപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനും സാധ്യതയുണ്ട്.