തിരുവനന്തപുരം: കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിനെതിരെ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് ചേർത്ത് പ്രമേയം പാസാക്കി. കശാപ്പ് നിയന്ത്രണം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യത്തെകുറിച്ച് ചർച്ച ചെയ്താണ് നിയമസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാലിന്റെ വിയോജനത്തോടെയാണ് പ്രമേയം പാസാക്കിയത്. വോട്ടെടുപ്പില്ലാതെയാണ് പ്രമേയം പാസാക്കിയത്.

കേന്ദ്ര വിജ്ഞാപനം കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വിജ്ഞാപനത്തിന് പിന്നില്‍ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരു വര്‍ഷം 15 ലക്ഷത്തോളം കന്നുകാലികളാണ് സംസ്ഥാനത്ത് വരുന്നത്. മറ്റു സംസ്ഥാനത്തെ കന്നുകാലികളാണ് വര്‍ഷം തോറും ഇങ്ങോട്ടു വരുന്നത്. വിജ്ഞാപനം വന്നതോടെ ഇത് തടയപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡാർവിനെ വെല്ലുന്ന സിദ്ധാന്തമാണ് ഗോമാതാവിനും കാള പിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വൻകിട കയറ്റുമതി, ഇറക്കുമതി കന്പനികൾക്ക് വേണ്ടിയാണ് ബിജെപി ഈ വഞ്ചന നടത്തുന്നത്. കന്നുകാലി കശാപ്പു നിയന്ത്രണം ശുദ്ധ തട്ടിപ്പാണെന്നും വി.എസ്. കൂട്ടിച്ചേർത്തു.

എന്നാൽ, പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമെന്ന് ബിജെപി എംഎൽഎ ഒ. രാജഗോപാൽ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട് ആരോഗ്യമുള്ള കന്നുകാലികളെ ആവശ്യമാണെന്നും അതിനാലാണ് കേന്ദ്ര സർക്കാർ നിയമം കൊണ്ടു വന്നത് എന്നും രാജാഗോപാൽ ന്യായീകരിച്ചു.

പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചർച്ചയിൽ പങ്കെടുത്തു. എന്ത് കഴിക്കണമെന്നത് പൗരന്റെ അവകാശമാണെന്നും അതിൽ കേന്ദ്രം ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ചെന്നത്തല പറഞ്ഞു.

Read More : കശാപ്പ് നിരോധനം: പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി; ഗോമാതാവിനും കാള പിതാവിനും വേണ്ടിയാണ് കേന്ദ്ര നീക്കമെന്ന് വിഎസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.