തിരുവനന്തപുരം: ശബരിമല വിവാദത്തിൽ സഭയ്ക്ക് മുന്നിൽ പ്രതിപക്ഷം സമരം തുടങ്ങി. മൂന്ന് യുഡിഎഫ് എംഎൽഎ മാരാണ് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്.

“യുഡിഎഫിന് രാഹുൽ ഗാന്ധിയല്ല, അമിത് ഷായാണ് നേതാവ് എന്ന നിലപാടിലേക്കാണ് അവർ പോയിരിക്കുന്നത്. അൽപം വിവേകം അവർക്ക് വന്നിട്ടുണ്ട്. എന്നാൽ സഭയ്ക്ക് അകത്തെ സമരം അവസാനിപ്പിച്ച് പുറത്ത് സമരം നടത്തുമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.” പരിഹാസ സ്വരത്തിൽ മുഖ്യമന്ത്രി വിമർശിച്ചു.

ഇന്നും സഭയിൽ പ്രതിപക്ഷ ബഹളമുണ്ടായി. സർക്കാർ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും മറുപടി നൽകി. എന്നാൽ ചോദ്യോത്തര വേള തടസ്സപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ കറുത്ത ബാനർ ഉയർത്തി. പിന്നാലെ ഭരണകക്ഷി അംഗങ്ങൾ രോഷാകുലരായി സീറ്റിൽ നിന്നെഴുന്നേറ്റ് വന്നു.

ശബരിമല വിഷയത്തിലെ നിലപാടിൽ സർക്കാർ യാതൊരു മാറ്റവും വരുത്താത്ത സാഹചര്യത്തിൽ സഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ഇന്ന് സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ രാവിലെ യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി നേതാക്കൾ യോഗം ചേർന്നിരുന്നു. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്നടക്കം പ്രതിപക്ഷം കടുത്ത ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

തുടർച്ചയായി ഒരേ ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നുവെന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ വനിത മതിൽ തീർക്കുന്നത് തേനിൽ പൊതിഞ്ഞ പാഷാണമാണെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.