തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം എംഎല്‍എ പിടിഎ റഹിമാണ് എംഎല്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 136 എംഎല്‍എമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തതത്.
ആരോഗ്യപ്രശ്നങ്ങളാല്‍ മന്ത്രി വി അബ്ദുറഹ്മാന് സഭയിലെത്താന്‍ സാധിച്ചില്ല. അബ്ദുറഹ്മാന് പുറമെ നെന്മാറ എംഎല്‍എ കെ ബാബു, കോവളത്ത് നിന്ന് വിജയിച്ച എ വിന്‍സന്റ് എന്നിവരും ഹാജരായില്ല. മൂവരും പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.
ളളിക്കുന്ന് എംഎൽഎ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ഒരോരുത്തരും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് കന്നഡയിലും, മാണി സി കാപ്പന്, മാത്യു കുഴല്നാടന് എന്നിവര്‍ ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
വടകരയില്‍ ഗംഭീര വിജയം നേടി നിയമസഭയിലെത്തിയ കെകെ രമയ്ക്ക് നിറഞ്ഞ കയ്യടി ലഭിച്ചു. ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് രമ സത്യപ്രതിജ്ഞ ചെയ്തത്. കെകെ രമയടക്കം 53 പുതുമുഖങ്ങളാണ് ഇത്തവണ നിയമസഭയില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയാണ് സീനിയര്‍. ബാലുശേരി എംഎല്‍എ കെഎം സച്ചിന് ദേവാണ് പ്രായം കുറഞ്ഞ അംഗം.
സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ചൊവ്വാഴ്ചയാണ്. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച ഉച്ചവരെ നല്‍കാം. തൃത്താല എംഎല്‍എ എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി
Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ
26, 27 തിയതികളില്‍ സഭ ചേരില്ല. 28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരിയില്‍ ആയിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. തുടര്‍ന്ന് ജൂണ്‍ നാലിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഉണ്ടാകും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. 14-ാം തിയതി വരെയാണ് സഭ ചേരുന്നത്.