തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് സമർപ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകി. അടിയന്തിര പ്രമേയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ് ശർമ്മ എംഎൽഎ അടിയന്തിര പ്രമേയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഇത് തളളി.

നടുത്തളത്തിലിറങ്ങുകയും ഡയസിലേയ്ക്ക് തളളിക്കയറാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് സഭ നിർത്തിവച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഈ നിലയിൽ സഭ നടത്തിക്കൊണ്ട് പോകാൻ കഴിയില്ലെന്നും സഭാ നടപടികൾ നിർത്തിവയ്ക്കുന്നുവെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസ് എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണനും അൻവർ സാദത്തും സ്പീക്കറുടെ ഡയസിലേയ്ക്ക് കയറാൻ ശ്രിച്ചപ്പോൾ യുഡിഎഫ് എംഎൽഎമാരായ ഹൈബി ഈഡനും കെ.എം.ഷാജിയും ഇവരെ ഈ ശ്രമത്തിൽ നിന്നും തടഞ്ഞു.

ചോദ്യോത്തരവേള സമാപിക്കാറായപ്പോഴാണ് പ്രതിപക്ഷം ഡയസിലേയ്ക്ക് നീങ്ങിയത്. മുഖ്യമന്ത്രി ചോദ്യത്തിന് ഉത്തരം പറയാൻ 45 മിനിറ്റ് നേരം എടുത്തുവെന്നും ഇത് അംഗങ്ങളുടെ ചോദ്യം ചോദിക്കാനുളള അവകാശം നിഷേധിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന് ശേഷമാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.

നാല് ചോദ്യങ്ങൾക്ക് ഒന്നിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഈ നാല് ചോദ്യങ്ങളും ഒന്നിച്ച് ക്ലബ്ബ് ചെയ്ത് മറുപടി നൽകുമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷത്ത് നിന്നും ആരും എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സഭയിൽ ബഹളം. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളും ബാനറുകളുമായി സഭയിൽ മുദ്രാവാക്യം വിളിച്ചു. സ്‌പീക്കറുടെ ഡയസിന് മുന്നിലെത്തിയാണ് മുദ്രാവാക്യം വിളിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളം വകവയ്ക്കാതെ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ച കെ.എം.ഷാജിയും സഭയിലെത്തിയിട്ടുണ്ട്. ഇദ്ദേഹവും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്. അതേസമയം, ശബരിമല വിഷയത്തിൽ യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച പി.സി.ജോർജ് എംഎൽഎയും ഒ.രാജഗോപാലും കറുപ്പുടുത്താണ് സഭയിൽ എത്തിയത്.

നിയമസഭാ സമ്മേളനത്തിൽ ആരോപണ പ്രത്യാരോപണങ്ങൾക്കും ചർച്ചകൾക്കും ഉന്ന് തുടക്കമാകും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് സഭ സമ്മേളിക്കുക. ഇന്നലെ സമ്മേളനം തുടങ്ങിയിരുന്നെങ്കിലും അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിച്ച് പിരിയുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ