എറണാകുളം: രാഹുല്‍ ഗാന്ധി വെറും രാഷ്ട്രീയക്കാരന് മാത്രമല്ല അൽപം അഭ്യാസമുറകളൊക്കെ കൈവശമുള്ള ആളുകൂടിയാണ്. സംഭവം വേറൊന്നുമല്ല, യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാവിലെ കേരളത്തിലെത്തിയ രാഹുലിന്റെ ആദ്യ പരിപാടി എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥികളുമായുള്ള സംവാദമായിരുന്നു. പരിപാടിയുടെ അന്ത്യത്തോട് അടുത്തപ്പോഴാണ് സ്ത്രീസുരക്ഷയെപ്പറ്റി സംസാരിച്ച രാഹുലിനോട് ചോദ്യവുമായി പെണ്‍കുട്ടിയെത്തിയത്. രാഹുല്‍ ഗാന്ധി ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ പെടുന്ന അക്കിഡൊ പഠിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്, ഏതെങ്കിലും ഒരു പ്രതിരോധമുറ പഠിപ്പിച്ചു തരുമോ, ഇതായിരുന്നു ചോദ്യം.
ചോദ്യം കേട്ടയുടനെ തന്നെ പഠിപ്പിച്ചുതരാമെന്ന് രാഹുല്‍ ഏറ്റു. ചോദ്യം ഉന്നയിച്ച വിദ്യാർഥിനിയെ രാഹുല്‍ വേദിയിലേക്ക് വിളിപ്പിച്ചു. സമയക്കുറവുമൂലം ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു അടവായിരുന്നു രാഹുല്‍ കാണിച്ചത്. ഒന്നില്‍ കൂടുതല്‍ പേര് ഒരു വശത്തുനിന്ന് ഉന്തുകയോ തള്ളുകയോ ചെയ്താല്‍ അവരുടെ ശക്തി ഉപയോഗിച്ചു തന്നെ എങ്ങനെ ആക്രമണത്തെ മറികടക്കാം എന്നാണ് രാഹുല്‍ വിദ്യാർഥികളെ കാണിച്ചുകൊടുത്തത്.
കാലുമുതല്‍ തല വരെ ഏത് രീതിയിലൊക്കെ ഉപയോഗിക്കാമെന്ന് വിശദമായിതന്നെ വിദ്യാർഥികളെ പഠിപ്പിച്ചു വയനാട് എംപി. വിദ്യാർഥികള്‍ക്ക് പലതവണ കൃത്യത നഷ്ടപ്പെട്ടപ്പോഴും അടവ് സ്വായക്തമാക്കുന്നതുവരെ രാഹുല്‍ ആവര്‍ത്തിച്ചു. സാധരണ ശാരീരിക ശേഷിയുള്ള പെണ്‍കുട്ടി വളരെ നിസാരമായി ഏഴ് പേരെ ചെറുത്തു നില്‍ക്കുന്നത് കണ്ട് കാണികള്‍ ഒന്നടങ്കം കയ്യടിച്ചു. അക്കിഡൊ വിദ്യ ചെയ്യാന്‍ താത്പര്യം കാണിച്ച മറ്റൊരു വിദ്യാർഥിക്കായും രാഹുല്‍ സമയം മാറ്റിവയ്ക്കുകയുണ്ടായി. ഇത്രയേയുള്ളൂ അക്കിഡൊ എന്ന് പറഞ്ഞായിരുന്നു രാഹുല്‍ വിദ്യാർഥിനികളെ വേദിയില്‍നിന്ന് പറഞ്ഞുവിട്ടത്.
ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്ന സംവാദത്തിനൊടുവില്‍ അക്കിഡൊ എന്താണെന്നും രാഹുല്‍ വിശദീകരിച്ചു. ഉദാഹരണം സഹിതമായിരുന്നു വിശദീകരണം.
‘ശക്തി എന്ന് പറയുന്നത് സന്ദര്‍ഭത്തിന് അനുസരിച്ചാണ്. ഒരു വലിയ മരവും പുല്‍ക്കൊടിയും കണ്ടാല്‍ മരത്തിനാണ് ശക്തി എന്ന് നമുക്ക് തോന്നും. എന്നാല്‍ ഒരു ചുഴലിക്കാറ്റ് വന്നാല്‍ മരത്തെ അത് പിഴുതെറിയും. പക്ഷെ പുല്‍ക്കൊടിക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ പ്രതിരോധ മാര്‍ഗങ്ങള്‍ സന്ദര്‍ഭങ്ങള്‍ അനുസരിച്ചാകണം’, രാഹുല്‍ പറഞ്ഞു.
എന്താണ് അക്കിഡൊ
അക്കിഡൊ ഒരു ജാപ്പനീസ് ആധുനിക ആയോധനകലയാണ്. മൊറിഹെയ് ഉയേഷിബ എന്ന ജാപ്പനീസ് ആയോധകനാണ് 1920-30 കാലഘട്ടത്തില്‍ അക്കിഡൊ രൂപപ്പെടുത്തിയത്. അക്രമിക്ക് പരുക്കേല്‍ക്കാതെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. ഇരിമി, അറ്റെമി, കോക്യു ഹൊ, സങ്കാക്കു ഹൊ, ടെങ്കന്‍ എന്നിങ്ങനെ അക്കിഡൊയ്ക്ക് അടിസ്ഥാനപരമായി അഞ്ച് തത്വങ്ങളാണുള്ളത്. എതിരാളിയുടെ ആക്രമണത്തെ വ്യതിചലിപ്പിക്കുകയാണ് ഇവയുടെ ലക്ഷ്യം.