സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വേ, മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍, മനോരമ-വിഎംആര്‍ എക്സിറ്റ് പോള്‍ ഫലങ്ങളാണ് രണ്ട് ദിവസങ്ങളിലായി പുറത്ത് വന്നത്. സംസ്ഥാനത്ത് ചുരുങ്ങിയത് 73 സീറ്റെങ്കിലും നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് മൂന്ന് ഫലങ്ങളും പ്രവചിക്കുന്നു. ഇതിൽ മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം എൽഡിഎഫിന് 120 സീറ്റ് വരെ പ്രവചിക്കുന്നു.
മനോരമ-വിഎംആര്‍ എക്സിറ്റ് പോള്‍
73 സീറ്റുകളോടെ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നാണ് മനോരമ-വിഎംആര്‍ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. യുഡിഎഫ് 64 സീറ്റുകള്‍ നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകളും കേരള ജനപക്ഷത്തിന് ഒരു സീറ്റും ലഭിക്കുമെന്നും എക്സിറ്റ്പോള്‍ പ്രവചിക്കുന്നു.
എറണാകുളം ജില്ലയിൽ യുഡിഎഫ് 11 സീറ്റും എൽഡിഎഫ് 3 സീറ്റും നേടുമെന്ന് മനോരമ ന്യൂസ്– വിഎംആര്‍ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. എൻഡിഎയ്ക്കോ ട്വന്റി ട്വന്റിക്കോ സീറ്റൊന്നും ലഭിക്കില്ലെന്നും സർവേ ഫലത്തിൽ പറയുന്നു.
Read More: സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോളുകൾ
പെരുമ്പാവൂർ, വൈപ്പിൻ, കോതമംഗലം മണ്ഡലങ്ങളാണ് എൽഡിഎഫിന് ലഭിക്കുമെന്ന് ഫലത്തിൽ പ്രവചിക്കുന്നത്. ഇതിൽ പെരുമ്പാവൂർ യുഡിഎഫിന്റെ എൽദോസ് കുന്നപ്പള്ളിയിൽ നിന്ന് പിടിച്ചെടുത്ത് എൽഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് സർവേയിൽ പറയുന്നത്.
അഞ്ച് മണ്ഡലങ്ങളുള്ള ഇടുക്കി ജില്ലയിൽ നാലിടത്തും യുഡിഎഫ് വിജയിക്കുമെന്ന് സർവേ ഫലം പ്രവചിക്കുന്നു. എംഎം മണി മത്സരിക്കുന്ന ഉടുമ്പൻചോല മണ്ഡലം അടക്കം എൽഡിഎഫിന് നഷ്ടപ്പെടുമെന്നാണ് ഫലം പറയുന്നത്. ഉടുമ്പൻ ചോലയിൽ യുഡിഎഫിന്റെ ഇഎം അഗസ്തി എംഎം മണിയെ അട്ടിമറിക്കുമെന്നാണ് സർവേയിൽ പറയുന്നത്. പീരുമേട്ടിലും യുഡിഎഫിന് അട്ടിമറി ജയം പ്രവചിക്കുന്നു.
പിജെ ജോസഫ് തൊടുപുഴ നിലനിർത്തും. ദേവികുളം മണ്ഡലും എൽഡിഎഫിന് നഷ്ടമാവുമെന്നും സർവേ ഫലത്തിൽ പറയുന്നു. ഇടുക്കി മാത്രമാണ് ജില്ലയിൽ എൽഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലമായി സർവേയിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വേ
77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വേ ഫലം പ്രവചിക്കുന്നത്. 52 മുതൽ 61 സീറ്റുകൾ യുഡിഎഫിനു ലഭിക്കുമെന്നാണ് സർവേയിലെ പ്രവചനം. ബിജെപിക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകളാണ് ലഭിക്കുമെന്നും സർവേയിൽ പറയുന്നു.
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഏഴിടത്ത് യുഡിഎഫ് ജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ ഫലം പ്രവചിക്കുന്നു. പെരുമ്പാവൂർ, അങ്കമാലി, ആലുവ,പറവൂർ,എറണാകുളം, തൃക്കാക്കര,പിറവം സീറ്റുകളിലാണ് യുഡിഎഫിന് സാധ്യത കൽപിക്കുന്നത്. വൈപ്പിൻ, മൂവാറ്റുപുഴ സീറ്റുകളിൽ എൽഡിഎഫിന് ജയസാധ്യതയുള്ളതായും സർവേയിൽ പറയുന്നു. കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ, കുന്നത്തുനാട്, മൂവാറ്റുപുഴ സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു.
മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം
എൽഡിഎഫിന് 104 മുതൽ 120 വരെ സീറ്റുകൾ നേടാമെന്നാണ് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. യുഡിഎഫ് 20 മുതൽ 36 വരെ സീറ്റുകൾ നേടാം. എൻഡിഎക്ക് പരമാവധി രണ്ട് സീറ്റ് വരെ നേടാമെന്നും സർവേ ഫലം പ്രവചിക്കുന്നു.
എല്‍ഡിഎഫ് 47 ശതമാനം, യുഡിഎഫ് 38 ശതമാനം, എന്‍ഡിഎ 12 ശതമാനം എന്നിങ്ങനെയാണ് വോട്ട് വിഹിതമെന്നും സർവേ ഫലത്തിൽ പറയുന്നു.
പാലക്കാട് ജില്ലയിൽ 12 മണ്ഡലങ്ങളിൽ എട്ടും എൽഡിഎഫ് നേടുമെന്ന് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ ഫലം സൂചിപ്പിക്കുന്നു. തൃത്താല, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണെന്നും ഫലത്തിൽ പറയുന്നു.
പട്ടാമ്പി, ഷൊർണൂർ, കോങ്ങാട്, മലമ്പുഴ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങളിലാണ് എൽഡിഎഫ് ജയിക്കുക.
തൃശൂർ ജില്ലയിൽ 13ൽ 12 മണ്ഡലങ്ങളും എൽഡിഎഫ് ജയിക്കുമെന്നും സർവേ പറയുന്നു. ഒപ്പം ഗുരുവായൂർ മണ്ഡലത്തിലെ ഫലം പ്രവചനാതീതമാണെന്നും സർവേയിൽ പറയുന്നു. തൃശൂർ, കൊടുങ്ങല്ലൂർ, മണലൂർ, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കൈപമംഗലം, ചാലക്കുടി എന്നിവിടങ്ങളിലാണ് എൽഡിഎഫിന് ജയം പ്രവചിക്കുന്നത്.
ഫലം പ്രവചനാതീതമെന്ന് പറയുന്ന ഗുരുവായൂരിൽ എന്‍കെ അക്ബര്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായും കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാർത്ഥിയായും ജനവിധി തേടുന്നു. എൻഡിഎ സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലത്തിൽ ഡിഎസ്‌ജെപി സ്ഥാനാർത്ഥിയായി ദിലീപ് നായര്‍ മത്സരിക്കുന്നു.
എറണാകുളം ജില്ലയിൽ അഞ്ചിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിക്കുമെന്നും ആറിടത്ത് ഫലം പ്രവചനാതീതമാണെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.
എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി ജയം നേടുമെന്ന് സർവേ ഫലത്തിൽ പറയുന്നു. തൃക്കാക്കര, മൂവാറ്റുപുഴ, കോതമംഗലം, വൈപ്പിൻ എന്നിവയാണ് എൽഡിഎഫ് നേടുമെന്ന് പ്രവചിക്കുന്ന മറ്റ് മണ്ഡലങ്ങൾ.
അങ്കമാലി, പറവൂർ, പിറവം എന്നിവയാണ് യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്ന മണ്ഡലങ്ങൾ.
പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ, കുന്നത്തുനാട് എന്നിവയാണ് ഇഞ്ചോടിഞ്ച് മത്സരം പ്രവചിക്കപ്പെടുന്ന മണ്ഡലങ്ങൾ.
പെരുമ്പാവൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബാബു ജോസഫും യുഡിഎഫിന്റെ എൽദോസ് കുന്നപ്പള്ളിയും ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് ഫലം പ്രവചിക്കുന്നത്. ആലുവയിലും എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് പ്രവചിക്കുന്നത്.
കളമശ്ശേരിയിൽ പി രാജീവ് എൽഡിഎഫ് സ്ഥാനാർത്ഥിയായും വിഇ അബ്ദുൾ ഗഫൂർ യുഡിഎഫ് സ്ഥാനാർത്ഥിയായും പിഎസ് ജയരാജ് എൻഡിഎ സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.
കൊച്ചി മണ്ഡലത്തതിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെജെ മാക്സിയും ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഷൈനി ആന്റണിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പ്രവചനം.
തൃപ്പൂണിത്തുറയിൽ എൽഡിഎഫിന്റെ എം സ്വരാജും യുഡിഎഫിന്റെ കെ ബാബുവും തമ്മിലും കുന്നത്തുനാടിൽ എൽഡിഎഫ് സ്ഥാനാർത്ഥി പിവി ശ്രീനിജനും ട്വന്റി ട്വന്റിയുടെ സുജിത്ത് പി സുരേന്ദ്രനും തമ്മിലും ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നും സർവേ ഫലം പ്രവചിക്കുന്നു