scorecardresearch

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും

കേരളത്തിലെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു

കേരളത്തിലെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു

author-image
WebDesk
New Update
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും

എക്സ്പ്രസ്സ്‌ ഫൊട്ടോ : പ്രവീണ്‍ ഖന്ന

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകള്‍ പ്രശ്‌നബാധിതമാണെന്നും ഈ ജില്ലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുനില്‍ അറോറ വ്യക്തമാക്കി.

Advertisment

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. 40,000 പോളിങ് ബൂത്തുകള്‍ ഇത്തവണ ക്രമീകരിക്കും. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകള്‍ക്കൊപ്പം 15,000 അനുബന്ധ ബൂത്തുകള്‍ കൂടി സജ്ജീകരിക്കാന്‍ തീരുമാനിച്ചതായും സുനില്‍ അറോറ അറിയിച്ചു. ലീഗ് ജനറൽ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാംഗവുമായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയാണ് എംപി സ്ഥാനം രാജിവച്ചത്. ഇതേ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത്.

ഏതുസമയത്തും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സജ്ജമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏപ്രിൽ 14 നു മുൻപ് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സർക്കാർ നിലപാട്. വിഷുവും റമദാനും പരിഗണിച്ചായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംസ്ഥാനത്ത് തയ്യാറാണെന്നും ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് ഏപ്രിൽ രണ്ടാം വാരത്തിനു മുൻപ് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനു മുൻപുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് സംഘം കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പൊലീസ് മേധാവി, ജില്ലാ കലക്‌ടർമാർ എന്നിവരുമായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ച നടത്തി. സിബിഎസ്‌ഇ പരീക്ഷ തിയതികൾ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സുനിൽ അറോറ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ കമ്മീഷനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മേയ് മാസത്തിൽ മതിയെന്നാണ് ബിജെപിയുടെ നിലപാട്. ഏപ്രിൽ എട്ടിനും 12 നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ടിങ് രാവിലെ ഏഴ് മുതൽ അഞ്ച് വരെ മതി. സമയം നീട്ടേണ്ടതില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Read Also: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; സർക്കാരിനോട് എൻഎസ്എസ്

മേയ് 16 നാണ് കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് നടന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. റമസാൻ വ്രതം കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബിജെപിയുടെ നിലപാട്. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിൽ കൃത്യമായ നിയന്ത്രണം വേണം. 80 കഴിഞ്ഞവർക്കും കോവിഡ് രോ​ഗികൾക്കും അംഗവൈകല്യം ഉള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കുമ്പോൾ അത് വലിയ തോതിൽ ദുരുപയോ​ഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ബിജെപി കമ്മീഷനെ അറിയിച്ചു. കേന്ദ്രസേന പ്രശ്‌നബാധിത ബൂത്തുകളിൽ രണ്ടാഴ്‌ച മുൻപെങ്കിലും എത്തി നിയന്ത്രണമേറ്റെടുക്കണമെന്ന നിർദേശവും ബിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങളോടെയാണെങ്കിലും കലാശക്കൊട്ടിനു അനുമതി വേണമെന്നാണ് മുന്നണികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളവോട്ട് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനു കേരളത്തിലെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മടങ്ങും. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനാണ് സാധ്യത.

Kerala Assembly Elections 2021 Election Commission

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: