തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങൾ തങ്ങൾ തീരുമാനിക്കും എന്ന ഹുങ്കോട് കൂടിയാണ് സംസ്ഥാനത്തെ മാധ്യമങ്ങളിൽ പലതും പ്രവർത്തിച്ചതെന്നും എന്നാൽ മാധ്യമങ്ങൾ പറയുന്നതെന്തും അതേപോല വിഴുങ്ങാൻ തയ്യാറായ ജനതയല്ല കേരളത്തിലേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഘടകക്ഷികളേക്കാളും മുകളിൽ നിന്നാണ് മാധ്യമങ്ങൾ പ്രവർത്തിച്ചതെന്നും എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ പറ്റും എന്ന ഗവേഷണത്തിലാണ് അവർ ഏർപെട്ടതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിങ്ങളിൽ അർപിതമായത് നാടിന്റെ താൽപര്യം സംരക്ഷിക്കാലാണെന്നും അതിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളേണ്ടതെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ കൈയിലല്ല നാട് എന്ന് ജനങ്ങൾ നിങ്ങളോട് പറഞ്ഞ് കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“യുഡിഎഫിന്റെ ഘടകകക്ഷിയേക്കാളും മുകളിൽനിന്ന് പ്രവർത്തിക്കാൻ തയ്യാറായ ചില മാധ്യമങ്ങളും ഇവിടെയുണ്ടായി. അത്തരം മാധ്യമങ്ങൾ എങ്ങനെ എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ പറ്റും എന്ന ഗവേഷണത്തിലല്ലേ ഏർപെട്ടത്,” മുഖ്യമന്ത്രി ചോദിച്ചു.
Read More: ജനവിധി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: മുഖ്യമന്ത്രി
“തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ കാര്യങ്ങൾ തങ്ങൾ തീരുമാനിക്കും എന്ന ഹുങ്കോട് കൂടിയാണ് ചില മാധ്യമങ്ങൾ പ്രവർത്തിച്ചത്. അവര് രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കാനുള്ള മേലാളൻമാരല്ല എന്ന് അവർ കാണണം. തങ്ങളുടെ കൈയിലാണ് മുഴുവൻ അധികാരവും എന്ന് ധരിച്ച് നിൽക്കരുത്. അത് ശരിയായ രീതിയല്ല,” മുഖ്യമന്ത്രി പറഞ്ഞു.
“ഞാൻ ഒരു മാധ്യമത്തിന്റെയും പേരെടുത്ത് പറയാത്തത് എന്റെയൊരു മര്യാദ കൊണ്ട് മാത്രമാണ്. പക്ഷേ എത്ര മര്യാദ കെട്ട രീതിയിലാണ് എൽഡിഎഫ് സർക്കാരിനെതിരെയും എൽഡിഎഫിനെതിരെയും ചില മാധ്യമങ്ങൾ നീങ്ങിയതെന്ന് സ്വയം വിമർശനപരമായി പരിശോധിക്കാൻ തയ്യാറാവണം,”മുഖ്യമന്ത്രി പറഞ്ഞു.
“ഈ നാട് തങ്ങളുടെ കൈയിൽ അങ്ങ് ഒതുക്കിക്കളയാം എന്ന ധാരണയോടെയാണ് നീങ്ങിയത്. നിങ്ങളുടെ കൈയിലല്ല നാട് എന്ന് ജനങ്ങൾ നിങ്ങളോട് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. നിങ്ങൾ പറയുന്നതെന്തും അതേപോല വിഴുങ്ങാൻ തയ്യാറായ ജനതയാണ് കേരളത്തിലേത് എന്ന് തെറ്റിധരിക്കരുത്. അവർക്ക് അവരുടേതായ വിവേചന ബുദ്ധിയുണ്ട്. “
“നിങ്ങൾ എന്ന് പറയുന്നത് എല്ലാ മാധ്യമങ്ങളെയുമല്ല. വലതുപക്ഷ മാധ്യമങ്ങളിൽ ചിലര്. ആ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത് നാടിന്റെ പുരോഗതിയെ തടയാനാണ്. നിങ്ങളിൽ അർപിതമായത് നാടിന്റെ താൽപര്യം സംരക്ഷിക്കാലാണ്. അതിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളേണ്ടത്,” മുഖ്യമന്ത്രി പറഞ്ഞു.
Read More: ചരിത്രവിജയൻ
“ഈയൊരു പറച്ചിൽ കാരണം മാത്രം കേരളത്തിലെ മാധ്യമ മേലാളൻമാർ കാര്യങ്ങൾ മാറ്റി ചിന്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ എന്നിലർപ്പിതമായ ഉത്തരവാദിത്തംവച്ച് ഞാൻ പറയുകയാണ് ഈ നാടിനോട് തെല്ലെങ്കിലും താൽപര്യമുണ്ടെങ്കിൽ നാടിന്റെ പുരോഗതിക്ക് ഉതകുന്ന കാര്യങ്ങൾക്ക് ഹാനികരമായ നിലപാട് സ്വീകരിക്കാൻ തയ്യാറാവരുത്.”
“ഇവിടെ ഏതെല്ലാം തരത്തിലുള്ള കഥകൾ മെനയാനുള്ള ശ്രമങ്ങളാണുണ്ടായത്. സർക്കാരിന്റെ ചെയ്തികളെ വിമർശിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ വിമർശിക്കണം. ആ വിമർശനം എപ്പോഴും സർക്കാരിന് ഗുണമേ ചെയ്യൂ. കാരണം ഏതെങ്കിലും കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെങ്കിൽ ആ കാര്യങ്ങൾ പരിശോധിക്കാൻ ആ വിമർശനങ്ങൾ ഇടയാക്കും.”
“പക്ഷേ ആ വിമർശനങ്ങളാണോ നേരത്തെ പറഞ്ഞ രീതിയിലുള്ള കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങൾ വ്യക്തിപരമായ ആക്രമണങ്ങൾ ഇവയൊക്കെയുണ്ടാവുന്ന നിലയുണ്ടായില്ലേ. പലതരത്തിലുള്ള അപസർപ്പക കഥകൾ കെട്ടിച്ചമയ്ക്കാനുള്ള ശ്രമം നടന്നില്ലേ.”
“എന്തിനാണ് ഇത്. എന്താണ് ഇതിന്റെ ഉദ്ദേശം. ഏതെങ്കിലും തെറ്റുകൾ ചെയ്ത ഘട്ടത്തിൽ ആ തെറ്റിനെ വിമർശിക്കുന്നത് ശരിയാണ്. അത് തുറന്ന് കാണിക്കുന്നത് ശരിയാണ്. പക്ഷേ നാടിനെ തെറ്റിധരിപ്പിക്കാൻ പാടുണ്ടോ. ആ തരത്തിലല്ലേ കാര്യങ്ങൾ നീക്കുന്നത്. അതുകൊണ്ട് പൊതുമര്യാദയുടെ സീമകൾ ലംഘിച്ചു പോയി നമ്മുടെ പൊതു മണ്ഡലങ്ങളെ തന്നെ മലീമസപ്പെടുത്തുന്ന നില സ്വീകരിക്കാൻ തയ്യാറാവരുത് എന്നാണ് ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കാനുള്ളത്,” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഇതൊന്നും ജനങ്ങൾ അംഗീകരിക്കുന്നില്ല. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ജനങ്ങളെയാകെ തെറ്റിധരിപ്പിച്ച് തങ്ങളാഗ്രഹിക്കുന്നിടത്തേക്ക് അവരുടെ വിരലുകൊണ്ട് കാര്യങ്ങൾ നിർവഹിപ്പിക്കാം എന്ന് ചിന്തിക്കേണ്ടതില്ല. അതിപ്പോൾ ബോധ്യമായല്ലോ. അതാണ് അത്തരം മാധ്യമ മേലാളൻമാരോടും പറയാനുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.
Read More: ആപത്തിൽ കേരളത്തിനു കൈനീട്ടി, ചേർത്തുപിടിച്ച് ജനം; ഭൂരിപക്ഷത്തിൽ റെക്കോഡിട്ട് ശൈലജ
“ഇവിടെ നമ്മുടെ മുൻപിൽ ഒരുപാട് പ്രശ്നങ്ങളുയർന്നു വന്നിട്ടുണ്ട്. അത്തരം നിർദേശങ്ങളിൽ ക്രിയാത്മ നിർദേശങ്ങൾ വയ്ക്കാൻ കഴിയുന്ന വിഭാഗമല്ലേ മാധ്യമങ്ങൾ. അതിനല്ലേ ശ്രദ്ധിക്കേണ്ടത്. നമ്മുടെ ഈ മഹാമാധ്യമങ്ങളെന്ന് പറയുന്ന കൂട്ടര് ആലോചിച്ച് നോക്കണം, ഈ കഴിഞ്ഞ കാലത്ത് അത്തരത്തിലുള്ള ഏതെങ്കിലുമൊരു പ്രവർത്തനം തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായോ എന്ന്,” മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇവിടെ ദുരന്തമുഖത്ത് പോലും ആശയക്കുഴപ്പമുണ്ടാക്കാൻ എങ്ങനെ കഴിയും എന്ന രീതിയിലാണ് മാധ്യമങ്ങൾ പലതും പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ നല്ല മനോവീര്യത്തോടെ നിൽക്കേണ്ട സമയത്ത് ജനങ്ങളുടെ മനോവീര്യം തകർക്കുന്ന നടപടികളല്ല സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ഇവിടെ നാം കാണേണ്ടത്. നാം ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. ഈ ഘട്ടം നമ്മളെല്ലാവരും ഒരുമിച്ച് നിന്നാണ് തരണം ചെയ്യേണ്ടത്. ഒരേ മനസ്സായാണ് മുന്നോട്ട് പോവേണ്ടത്. അങ്ങനെ മാത്രമേ നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ എന്ന് നാം കാണണം,” മുഖ്യമന്ത്രി പറഞ്ഞു.
“നമ്മുടെ സമൂഹം തന്നെ വേർതിരിഞ്ഞ് നിന്ന് ദുരന്തങ്ങളെ നേരിടാനാവില്ല. ഈയൊരു ചിന്ത മനസ്സിലുണ്ടാകേണ്ടതാണ്. മാധ്യമങ്ങൾ ക്രിയാത്മകമായ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഏജൻസിയാണ്. ആ നിലയിലേക്ക് ഉയരാൻ മറ്റുചില താൽപര്യങ്ങൾ കാരണം വഴിതെറ്റിയവര് ഇനിയെങ്കിലും തയ്യാറാകണം എന്നതാണ് അഭ്യർത്ഥിക്കാനുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.