തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണോയെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് മറുപടി നല്കുകയിരുന്നു മുഖ്യമന്ത്രി. കോടതിയിലുള്ള കേസിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ വൈദികര്‍ക്കെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് സമരസമിതി ലംഘിച്ചതിനാല്‍ കേസ് എടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ഏതാനും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സഭാ നേതാക്കള്‍ എതിര് കക്ഷികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തില്ലെന്ന് കോടതിയില്‍ നല്കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ജിയിലെ റെസ്പോണ്‍ഡന്റ് നമ്പര്‍ 9 മുതല്‍ താഴോട്ടുള്ളവരെയാണ് പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. സമരാഹ്വാനം ചെയ്തവരില്‍ ചിലരെ മാത്രം കേസില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുകയില്ലല്ലോ. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലത്തീന്‍ സഭ പൊതുവെ നമ്മുടെ സംസ്ഥാനത്തിന്റെ വികസന കാര്യത്തിലും മറ്റ് സാമൂഹ്യ വിഷയങ്ങളിലും വളരെ അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കുന്ന സഭയാണ്. സര്‍ക്കാരുമായും ഊഷ്മളമായ ബന്ധമാണ് സഭയ്ക്കുള്ളത്. എല്ലാ പുരോഹിത ശ്രേഷ്ഠന്മാരുമായും സര്‍ക്കാര്‍ പല ഘട്ടങ്ങളില്‍ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ലത്തീന്‍ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യ ശക്തികളാണോ എന്ന് സംശയിക്കേണ്ടിവരും. സഭയുടെ പൊതുനിലപാടിന് വിരുദ്ധമായി പോകുന്ന ഇത്തരം ആളുകള്‍ ആരുടെ നാവായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സ്വാഭാവികമായും ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും ക്രമസമാധാനപാലനം പൊലീസിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
സമരത്തെ സംയമനത്തോടെയാണ് സര്‍ക്കാരും പൊലീസും കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി
പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി പൊതുമേഖലയില്‍ ആരംഭിക്കണമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അന്നത്തെ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത് തുടരട്ടെ എന്ന നിലപാട് സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ ഇതുപോലുള്ള പ്രധാന പദ്ധതികളില്‍ വിരുദ്ധ തീരുമാനമുണ്ടാകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല. നമ്മുടെ നാടിന്റെ വിശ്വാസ്യതയെത്തന്നെ അത് ബാധിക്കും. നിക്ഷേപകരെ പിന്തിരിപ്പിക്കും. അതുകൊണ്ടാണ് നിഷേധാത്മക സമീപനം വേണ്ട എന്ന് തീരുമാനിച്ചത്. ഇപ്പോള്‍ 6 വര്‍ഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിര്‍വ്വഹണത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവെക്കുന്നത് അസാദ്ധ്യമാണ്. ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും സധൈര്യം നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല് കിവരുന്നത്. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും പരിഗണിക്കും.
മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ സംയമനത്തോടെയാണ് സര്‍ക്കാരും പൊലീസും കൈകാര്യം ചെയ്യുന്നത്. ഒരുതരത്തിലും മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘര്‍ഷമുണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഏതുവിധേനയും സംഘര്‍ഷമുണ്ടാക്കണമെന്ന രീതിയില്‍ നടന്ന പ്രവര്‍ത്തനങ്ങളെ കാണാതിരിക്കാനാവില്ല. ചിലരുടെ പ്രവര്‍ത്തനം സദുദ്ദേശത്തോടെയല്ലായെന്നും ചിലര്‍ക്കെങ്കിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതും കാണേണ്ടതുണ്ട്. ഇത് നാടിനെയും ഇവിടത്തെ ജനങ്ങളെയാകെയും ബാധിക്കുന്ന ഒരു വിഷയമാണ്. കഴിഞ്ഞ ദിവസം പോലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃക തന്നെയാണ്. നാടിനെ സ്നേഹിക്കുന്ന എല്ലാവരും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിനു പുരോഗതി അന്യമായിക്കൂടാ. സമാധാനത്തിനു ഭംഗവും വന്നുകൂടാ. ഈ രണ്ടു ലക്ഷ്യങ്ങളും ഒരേ സമയം നേടണമെങ്കില്‍ സമചിത്തതയോടെയുള്ള നിലപാട് എല്ലാവരും എടുക്കേണ്ടതുണ്ട്.
പ്രതിപക്ഷ എംഎല്‍എ എം.വിന്‍സന്റ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ പ്രതിപക്ഷ എംഎല്‍എ എം.വിന്‍സന്റ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു. വിഴിഞ്ഞത്ത് പ്രശ്നപരിഹാരം വേണം. സമരത്തെ തുറമുഖ വാതിലില്‍ വരെ എത്തിച്ചത് സര്‍ക്കാരാണ്. സമരക്കാരെ ശത്രുതാ മനോഭാവത്തോടെയാണ് സമരക്കാരെ നേരിട്ടതെന്നും എം വിന്‍സന്റ് ആരോപിച്ചു.
എന്നാല്‍ തുറമുഖ നിര്‍മ്മാണം സംബന്ധിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ഭരണപക്ഷ എംഎല്‍എ സജി ചെറിയാന് ആവശ്യപ്പെട്ടു. “യുഡിഎഫ് ഭരിക്കുന്ന കാലത്താണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. തീരത്തിന്റെ കണ്ണീരൊപ്പിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ലത്തീന്‍ സഭയെ വിനയത്തോടെയാണ് കാണുന്നത്, തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനാകില്ല,” സജി വ്യക്തമക്കി.
പ്രശ്നപരിഹാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ സമരസമിതി ഇന്ന് നിലപാട് അറിയിക്കുന്ന പശ്ചാത്തലത്തില്‍ കൂടെയാണ് വിഷയം സഭ ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയിലും മറ്റ് നീക്കങ്ങളിലും ഉണ്ടായ തീരുമാനങ്ങളിലാണ് സമരസമിതി നിലപാട് അറിയിക്കുക.
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്നത്. തീരശോഷണം പഠിക്കാനുള്ള പ്രത്യേകസമിതിയില്‍ പ്രദേശിക വിദഗ്ദരേയും ഉള്‍പ്പെടുത്തണം, നിലവില്‍ നല്കുന്ന വാടക തുക വര്‍ധിപ്പിക്കണം, അധികമായി നല്കുന്ന തുക അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കണം എന്നിവയാണത്.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പരിഹാര മാര്‍ഗങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. പ്രാദേശിക വിദഗ്ദരുടെ അഭിപ്രായവും പരിഗണിച്ച് റിപ്പോര്‍ട്ട് തയാറാക്കാം, ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി മോണിറ്ററിങ് സമിതിയെ വയ്ക്കാം, ഇതില്‍ സമരസമിതി പ്രതിനിധിയേയും ഉള്‍പ്പെടുത്താമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചാല്‍ മാത്രമായിരിക്കും ചര്‍ച്ചയ്ക്ക് സമരസമിതി തയാറാകുക എന്നാണ് ലഭിക്കുന്ന സൂചനകള്‍. വൈകിട്ടാണ് മന്ത്രിസഭാ ഉപസമിതിയും സമരക്കാരും തമ്മിലുള്ള ചര്‍ച്ച നടക്കാൻ സാധ്യത. ചര്‍ച്ച വിജയിച്ചാല്‍ സമരക്കാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.